മാളയിലെ എൻ്റെ കിളിക്കൂട്

14 Views September 22, 2022

മാളയിലെ എൻ്റെ കിളിക്കൂട്

കൂടുമ്പോൾ ഇമ്പമേകുന്നതാണ് കുടുംബം. ഏതൊരാളെയെയും പോലെ സ്വന്തം വീടും പരിസരവും എൻ്റെയും പ്രിയപ്പെട്ട ഇടമാണ്. മാളയിലെ എൻ്റെ കൊച്ചു കൂടും പ്രിയപ്പെട്ടവരെയും ഏതാനം വാക്കുകളിലൂടെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താനാണുദ്ദേശം.
ജീവിത യാത്രയായിക്കൊള്ളട്ടെ ദീർഘ ദൂര സഞ്ചാര പദങ്ങളായിക്കൊള്ളട്ടെ എല്ലാം ആരംഭിക്കുന്നതും ഈ കിളികൂടിൽ വച്ചാണ്. ഒരു പാട് ഓർമ്മകൾ നിറഞ്ഞ, ജീവിതത്തിൽ സങ്കടവും സന്തോഷവും ഒരു പോലെ പകർന്ന കാഞ്ഞിര കൈയിപ്പിൻ്റെ ഒരുപാട് വേദന നിറഞ്ഞ കോലുമുട്ടായിയുടെ ബാല്യകാല സ്മരണകൾ അയവിറക്കുന്ന പ്രിയപ്പെട്ട ഇടം.

ഓരോ വീടിനും അതിൻ്റെതായ കഥകൾ ഒരുപാട് പറയാനുണ്ടാകും. ചിലത് സന്തോഷത്തിൻ്റെ കെട്ടഴിച്ചതാവാം മറ്റു ചിലപ്പോൾ സങ്കടത്തിൻ്റെ ദുർഭൂതം സടകുടഞ്ഞ് എഴുന്നേറ്റതാവാം.
എല്ലാം നഷ്ടപ്പെട്ട്, മിച്ചം വന്ന ഇച്ചിരി കാശ് കൊണ്ട് മാളയിലെ ഈ തെങ്ങുപറമ്പിൽ ഉപ്പ വർഷങ്ങൾക്കു മുൻപ് ഉമ്മയെയും ഞങ്ങൾ പിള്ളേരെയും കൊണ്ടു വന്നപ്പോൾ നിർവികാരത നിറഞ്ഞ ഒരു തണുപ്പൻ കാറ്റായിരുന്നു ഈ പറമ്പിൽ ഞങ്ങളെ എതിരേറ്റത്. മണ്ണു കുഴച്ച് തറ കെട്ടി പറമ്പിലെ പാഴ് മരങ്ങൾ കോടാലിയുടെ മൂർച്ച അറിഞ്ഞപ്പോൾ ഭിത്തിയുടെ അസ്ഥികൂടമായി ഓല വെട്ടി അവ മടഞ്ഞെടുത്ത്, ഒരു മേലാങ്കിയിയായി ആ കൊച്ചു കൂരയെ പൊതിഞ്ഞെടുത്തു. ഇല്ലികമ്പുകൾ കൂട്ടികെട്ടി വാതിലും പറമ്പിൽ ചാഞ്ഞു കിടന്ന മുളങ്കമ്പ് കൊണ്ടൊരു ജനൽ പാളിയും ഓല കൊണ്ട് മറക്കിയ രണ്ട് മുറികൾ എന്ന് പറയാവുന്ന രണ്ട് ഇടങ്ങൾ ആ കൂരയിൽ രൂപപ്പെട്ടു. ആ രണ്ടു മുറികളിലാണ് ജീവിതം ആരംഭിച്ചത് എന്ന് പറയാം.

ചുട്ടുപൊള്ളുന്ന വേനലിൽ സ്കൂൾ അവധിക്കാലത്ത്, കൂട്ടുകാർ വീട്ടിലേക്ക് വരുമ്പോൾ തെല്ല് ജാള്യതയോടെ അവരെ ആതിഥേയം നൽകുന്ന പുളിയിഞ്ചി കടിച്ച ബാല്യ കാലം. മഴക്കാലത്ത് അതിഥിയായി എത്തുന്ന പാമ്പിനെയും പഴുതാരെയും പേടിച്ച് ഒഴിഞ്ഞ വയറുമായി ചുരുണ്ടു കൂടിയ ദിനങ്ങൾ. ആർത്തു പെയ്യുന്ന ഇടവപ്പാതിക്കും മണ്ണിൽ തലവച്ച് കിടക്കുന്ന എൻ്റെ ഉള്ളിലും ഒരേ താളമായിരുന്നു. എല്ലാം നഷ്ട്ടപ്പെട്ട് ആർത്തിരമ്പുന്ന മഴയ്ക്കും ഇതെല്ലാം വിധി എന്നോർത്ത് സങ്കടപെടുന്ന ബാല്യവും ഒരേ ശബ്ദമായിരുന്നു. അന്നൊക്കെ ഒരു വാശിയായിരുന്നു,നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കണമെന്ന വാശി.

പണമില്ലാതത്തിൻ്റെ പേരിൽ കീറി പറഞ്ഞ ഒരു ഉടുപ്പ്, ദിവസവും അലക്കി ഉടുത്ത് ക്ലാസ്സ് മുറികളിൽ പോയ ഓർമ്മകൾ. നിറമില്ലാത്തതിൻ്റെ പേരിലും വണ്ണകൂടുതലിൻ്റെ പേരിലും സ്കൂളിൽ നേരിട്ട കളിയാക്കലുകൾ. രാത്രി അടുക്കളയിൽ കത്തിച്ചു വച്ച റാന്തൽ വിളക്കിന് ചുറ്റും വട്ടം കൂടി ഇരുന്ന് പഠിച്ച അറിവിൻ്റെ ചെറു തിരി വെളിച്ചം. ആരാരും കാണാതെ പ്രിയപ്പെട്ടവൾക്ക് മഷി പേനയിൽ എഴുതിയ പ്രണലേഖനങ്ങൾ. വേനലിൽ ഒറ്റ ഏറിന് ഉന്നം പിടിച്ചു കിട്ടുന്ന പുളിയൻ മാങ്ങയും മധുരം കിനിയുന്ന തേൻവരിക്കയും പരസ്പരം കൈമാറിയ സാഹോദര്യവും. കയിപ്പ് നീരിൽ ചാലിച്ച കൗമാരവും കടന്നുപോയി. യുവത്വത്തിൻ്റെ ആദ്യ നാളുകളിൽ മണലാരണ്യത്തിലേക്ക് പറിച്ചു നടേണ്ടി വന്ന നാളുകൾ.എല്ലാം ഇന്നലെ നടന്നത് പോലെ. ഓർമ്മയുടെ വെള്ളി കിലുക്കം ഇന്നലെ കേട്ടത് പോലെ.
ഓലക്കുടിൽ ഓട് മേഞ്ഞ വീടിന് വഴി മാറി. നാട്ടിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നപ്പോൾ ഒരു ചെറിയ കോൺക്രീറ്റ് കൂര ഇവിടെയും ഉയർന്നു. ഉറുമ്പ് അരിമണി ശേഖരിക്കും വിധം പൈസ കൂട്ടി കൂട്ടി വച്ച് ഘട്ടം ഘട്ടമായി വീട് ഉയർത്തി. താഴ്ചകളും വീഴ്ചകളും ഒരു പാട് കണ്ടിടം ഉയർച്ചകൾക്ക് വഴി മാറി. നിറപ്പകിട്ടാർന്ന ഒത്തു ചേരലുകൾക്ക് നിറമേകി.

ഓരോ യാത്രയും പൂർണ്ണമാകുന്നത് തിരികെ വന്ന് അവ പ്രിയപ്പെട്ടവർക്ക് മുന്നിൽ പങ്കു വയ്ക്കുമ്പോഴണ്. എൻ്റെ ജീവിത യാത്ര തുടങ്ങിയത് ഇവിടെ നിന്നാണ്. എങ്കിൽ എൻ്റെ ഓരോ യാത്രയും പൂർണ്ണമാകുന്നത് ഇമ്പമേറിയ ഈ ഇടത്തിലാണ്. കഥകൾ കേട്ട് ആസ്വദിക്കാൻ പഴയ ഓർമ്മകൾ പങ്കുവയ്ക്കാൻ നിങ്ങൾക്കും എൻ്റെ കൊച്ചു കിളി കൂട്ടിലേക്ക് സ്വാഗതം.

Tags :
Go to top