Holi - Indian Festival of colors

ഹോളി നിറങ്ങളുടെ വര്‍ണ്ണാഭ ആഘോഷം!

by March 25, 2024

നിറങ്ങളുടെ ഉത്സവം അല്ലെങ്കില്‍ വസന്തോത്സവം എന്നാണ് ഹോളി അറിയപ്പെടുന്നത്. മുന്‍കാലങ്ങളില്‍ ഉത്തരേന്ത്യയില്‍ മാത്രം നില നിന്നിരുന്ന ഹോളി ഇന്ന് കേരളത്തിലും വലിയ രീതിയില്‍ കൊണ്ടാടുന്നുണ്ട്. അതിശയകരമായ കാഴ്ച വിരുന്നാണ് ഇന്ത്യയിലെ വ്യത്യസ്ത ഹോളി ആഘോഷങ്ങളില്‍ യാത്രക്കാര്‍ സാക്ഷ്യം വഹിക്കുന്നത്.

ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ഫല്‍ഗുന മാസത്തിലെ പൗര്‍ണമി ദിവസമാണല്ലോ ഹോളി ആഘോഷം. ഉത്തരേന്ത്യയില്‍ ചിലവഴിച്ച കുറച്ചു നാളുകളില്‍ എനിക്കും ആ ആഘോഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ തന്നെ ആഘോഷം തുടങ്ങും. പിറ്റെ ദിവസമാണ് നിറങ്ങള്‍ക്കൊണ്ടുള്ള വര്‍ണ്ണാഭ ആഘോഷം. ആഹ്ളാദാരവങ്ങളിൽ നിറങ്ങള്‍ വാരിതൂകുകയാണ് ചെയ്യുന്നത്. പരസ്പരം നിറങ്ങള്‍ പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം. തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കാന്‍ ഇന്ത്യയിലുടനീളമുള്ള ആളുകള്‍ ഒത്തുകൂടും. തെരുവുകളെയും വിവിധങ്ങളായ നിറങ്ങള്‍ക്കൊണ്ട് അലങ്കരിക്കും.

ചുവപ്പ് പ്രണയത്തെയും പുതിയ തുടക്കങ്ങളെയും പ്രതീകപ്പെടുത്തുമ്പോള്‍, മഞ്ഞ വസന്തത്തെയും മഞ്ഞളിന്റെ ജീവദായക ഗുണങ്ങളെയും പ്രതിനിധീകരിക്കുന്നു. നീല കൃഷ്ണനെ പ്രതിഫലിപ്പിക്കുമ്പോള്‍, പച്ച പുതിയ തുടക്കങ്ങളെയും വിളവെടുപ്പിനെയും പ്രതിഫലിപ്പിക്കുന്നു.

ഏതൊരു ഇന്ത്യന്‍ ഉത്സവത്തിലും ഭക്ഷണം പ്രധാനമാണല്ലോ. കാഴ്ചയില്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന കോഴിയട പോലെ തോന്നിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സ്വീറ്റ് വിഭവമാണ് ഗുജിയ. നമ്മുടെ നാട്ടില്‍ ചേര്‍ക്കാറുള്ള തേങ്ങ മിക്‌സിന് പകരം പരിപ്പും കാന്‍ഡിഡ് ഫ്രൂഡ്‌സുമാണ് അവിടെ കൂടുതലായി ചേര്‍ക്കുക. ബദാം, തണ്ണിമത്തന്റെ കുരു, റോസ് വാട്ടര്‍, സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഡ്രിങ്കും വീടുകളിലും പൊതു ഇടങ്ങളിലും നല്‍കാറുണ്ട്. മറ്റൊരു ഉത്സവകാല ലഘുഭക്ഷണമാണ് ദഹി ഭല്ല. മസാല ചേര്‍ത്ത തൈരില്‍, കുതിര്‍ത്ത പയര്‍, ബ്രെഡ് കഷണങ്ങള്‍, ഉണക്ക മുന്തിരി, പച്ചമുളക്, മസാല എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സ്വീറ്റ് സ്‌പൈസി വിഭവം. വേറെയും പല തനതു വിഭവങ്ങളും ആഘോഷത്തോട് അനുബന്ധിച്ച് പലയിടങ്ങളിലായി തയ്യാറാക്കുന്നുണ്ട്. ഓരോ സ്ഥലവും നിറങ്ങളുടെ ഉത്സവം അവരുടേതായ രീതിയില്‍ ആഘോഷിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

Happy Holi – Indian Festival

Leave a Reply

Your email address will not be published. Required fields are marked *

Go to top