കൊച്ചിയിൽ നിന്നും സുരാജേട്ടൻ്റെ ഫോൺകോൾ

14 Views August 20, 2022

നാല് ദിവസത്തെ തായ്ലൻഡ് യാത്രയിലായിരുന്നു ഞാൻ. യാത്രയുടെ രണ്ടാം ദിനമാണ് കൊച്ചിയിലെ സീ കേരളത്തിൻ്റെ സ്റ്റുഡിയോയിൽ നിന്നും ഫോൺ വിളിയെത്തിയത്. കോമഡി നൈറ്റ്സ് എന്ന പരിപാടിയുടെ ഭാഗമായാണ് ക്ഷണനം. സുരാജ് വെഞ്ഞാറമ്മൂടും അശ്വതി ശ്രീകാന്തും മുഖ്യ അവതാരകരായിട്ടുള്ള ഷോ. ഗ്രൂപ്പ് ടൂറിൽ തായ്‌ലൻഡിൽ വന്നതിനാൽ, കൂടെയുള്ള സംഘാങ്ങളോടാണ് ആദ്യം യാത്രാനുമതി ചോദിച്ചത്. സന്തോഷ നിറഞ്ഞതും ഇത്തിരി സങ്കടം നിറഞ്ഞതുമായ വിടപറച്ചിൽ. കോമഡി നൈറ്റിൽ പങ്കെടുക്കുന്നതിലെ ആവേശമുണ്ടെങ്കിലും തായ്‌ലൻഡിൽ എന്നോടോപ്പമെത്തിയ അതിഥികളെ അസിസ്റ്റൻ്റുകളുടെ കൂടെയാക്കി പോകുന്നതിലെ വിഷമമുണ്ട്. എങ്കിലും ജനങ്ങളോട് നേരിട്ട് സംവദിക്കാൻ കഴിയുന്ന ഒരവസരത്തിന് ആശംസകളോടെയാണ് അവർ നാട്ടിലേക്ക് എന്നെ തിരിച്ചയച്ചത്.

അഭിനയ മോഹവുമായി നടന്ന കാലത്തെയാണ് തിരിച്ചു പറക്കുമ്പോൾ ഓർമ്മയിലെത്തിയത്.
സീരിയലുകളിലും ചില സിനിമകളിലും ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച കാലം. മലയാളികളുടെ ജനപ്രിയ സീരിയലുകളിൽ ഒന്നായ കായംകുളം കൊച്ചുണ്ണിയിൽ ചെറു വേഷങ്ങൾ ചെയ്ത കാലം. ക്യാമറ ഫ്രെയിമിൽ ഒന്നോ രണ്ടോ മിനിറ്റിൽ അഭിനയിക്കാൻ പ്രൊഡക്ഷൻ കൺട്രോളർമാരോട് യാചിച്ച സമയം. അഭിനയമോഹവുമായി സിനിമ സെറ്റുകൾ കയറി ഇറങ്ങി വന്ന യൗവ്വനം. എങ്കിലും ജീവിത യാത്രാ വേളയിൽ അഭിനയ മോഹം ഉപേക്ഷിച്ച് ഗൾഫ് നാടുകളിൽ ജീവനോപാധി തേടി നാട് കടക്കേണ്ടി വന്നു.

അനൂപ് ഗുലുമാൽ. സൂര്യ ടിവിയിലെ ഗുലുമാൽ ഷോയിലൂടെ പ്രശസ്തനായ കലാകാരൻ. അദ്ദേഹം മുഖേനയാണ് പരിപാടിയിലേക്ക് പങ്കെടുക്കാൻ അവസരമുണ്ടായത്. അഭിനയ മോഹത്തിന് പലപ്പോഴും തിരിച്ചടികൾ നേരിട്ടെങ്കിലും ദൃശ്യമാധ്യമ രംഗത്തെ പഴയ അഭിനയമോഹികളുമായുള്ള സൗഹൃദം നഷ്ടപ്പെട്ടിരുന്നില്ല. ദൃശ്യമാധ്യമ രംഗത്തെ പ്രിയപ്പെട്ട സുഹൃത്താണ് അനൂപ്. വർഷങ്ങൾ കഴിഞ്ഞിട്ടും രണ്ടു പേർക്കും അഭിനയത്തോടുള്ള അഭിരുചി ഞങ്ങളുടെ സൗഹൃദം ഊട്ടയുറപ്പിച്ചിട്ടെ ഉള്ളൂ.

തമാശകളാൽ തീയേറ്ററുകളിൽ ചിരിപ്പൂരം സൃഷിട്ടിച്ച ഹാസ്യ നടനിൽ നിന്നും അഭിനയ തീവ്രതയിൽ ദേശീയ പുരസ്കാരശോഭയിൽ നമ്മെ ഞെട്ടിച്ച സുരാജ് വെഞ്ഞാറമ്മൂട് എന്ന നടനിലേക്കുള്ള വേഷ പകർച്ച പെട്ടന്നായിരുന്നില്ല. അതിന് പിറകിൽ ഒരുപാട് നാളത്തെ അധ്വാനവും കഷ്ടപ്പാടും ഉണ്ടായിരുന്നു. തിരസ്കാരങ്ങളിൽ തിരിഞ്ഞോടാതെ തൻ്റെ തീരുമാനങ്ങളിൽ നിന്നും വ്യതിചലിക്കാതെ സ്വപ്രയത്നത്തിലൂടെ മലയാള സിനിമയിൽ തൻ്റേതായ ഇരിപ്പിടം കണ്ടെത്തിയ നടൻ. കൂടെ മലയാളത്തിൻ്റെ പ്രിയപ്പെട്ട അവതാരിക അശ്വതി ശ്രീകാന്തും ചേർന്നപ്പോൾ ആ സ്റ്റുഡിയോ ഫ്ലോർ ഹാസ്യത്തിൻ്റെ ദൃശ്യ വിരുന്നൊരുക്കി.അവരുടെ കൂടെ വേദി പങ്കിടാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. സുരാജ് വെഞ്ഞാറമ്മൂട് എന്ന നടനിൽ നിന്നൊരു പുരസ്കാരം വാങ്ങുക എന്നൊരു അവസരവും ലഭിച്ചു.

സ്റ്റുഡിയോയിലെ ഷൂട്ടിംഗ് കഴിഞ്ഞിറങ്ങിയപ്പോഴാണ് മഖ്ബുൽ സൽമാനും ജുബിൽ രാജും അവരുടെ പുതിയ പടത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി അവിടെ എത്തിയത് അറിഞ്ഞത്. മലയാളത്തിൻ്റെ അഭിമാനമായ മമ്മൂക്കയുടെ അനുജൻ്റെ പുത്രനാണ് മഖ്ബുൽ സൽമാൻ. യുവത്വത്തിൻ്റെ ഹരമായ ഡീക്വിവിൻെറ കസിൻ. നടൻ രാജൻ പി ദേവിൻ്റെ മകനാണ് ജുബിൽ. അവർ രണ്ടുപേരും അഭിനയിക്കുന്ന മാഫിയ ഡോണ എന്ന സിനിമ അടുത്ത മാസം റിലീസ് ചെയ്യുന്നുണ്ട്.
സിനിമ വിശേഷം പതിയെ ഭക്ഷണ വിശേഷത്തിലേക്ക് വഴി മാറി. ക്യാമറ പതിയെ ആഹരത്തിലേക്കും ആഹാര ക്രമത്തിലേക്കും കടന്നു.മഖ്ബൂലിൻ്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ അദ്ദേഹത്തിൻ്റെ മൂത്താപ്പ ആയിട്ടുള്ള മമ്മൂക്കയുടെ ആഹാര ക്രമത്തിലേക്ക് നീങ്ങി.
ഏതൊക്കെ ഭക്ഷണങ്ങൾ ലോകത്ത് ഉണ്ടെങ്കിലും ചോറും മീൻ കറിയും കൂട്ടി ഒരു പിടി പിടിക്കുന്ന സുഖം വേറൊരു ഭക്ഷണത്തിനും കിട്ടില്ലെന്ന് ജുബിലും മഖ്ബൂലും.

ഷൂട്ടിംങ്ങും സിനിമ വിശേഷങ്ങൾക്കൊടുവിൽ മറ്റൊരു സന്തോഷ വാർത്തയും കൂടെയെത്തി. ഈ ഓഗസ്റ്റിൽ, എന്നോടൊപ്പം ഒരു വിദേശ യാത്രയ്ക്ക് സുരാജേട്ടനും അനൂപും കൂടെയുണ്ടാകുമെന്ന വിവരം. ഇതിലും പ്രിയപ്പെട്ട വിശേഷം വേറേ ഈ ദിവസത്തിലെന്താണ് ഉള്ളത്. മധുരമുള്ള യാത്രയുടെ തുടക്കം.

Tags :
Go to top