ആംബുലൻസിന് പിറകെ – ബാങ്കോക്ക് തെരുവിലെ മത്സരയോട്ടം

26 Views August 25, 2022

നമ്മളൊക്കെ എത്ര വട്ടം പ്രഭാത ഭക്ഷണം കഴിക്കും? ഒരു തവണ അല്ലേ.
തായ്‌ലൻഡിൽ എത്തിയ ജിയോ മച്ചാനോടാണ് ചോദ്യമെങ്കിൽ ഒന്നല്ല രണ്ടല്ല മൂന്ന് എന്ന് ഉത്തരം നൽകും. തായ് രുചികൾ നാവിൽ ഹരം തീർത്ത ലഹരിയായതു കൊണ്ടാണോ എന്നറിയില്ല കാലത്തെ ഭക്ഷണം തന്നെ ജിയോ ഒന്നും രണ്ടും തവണയാക്കി. തായ് ഭക്ഷണം ആസ്വദിക്കാൻ വേണ്ടി മാത്രം ഈ രാജ്യത്ത് പത്തുലക്ഷത്തിലധികം സഞ്ചാരികൾ എത്തുന്നുണ്ടെങ്കിൽ ആ നാടിൻ്റെ രുചപ്പെരുമ വേറേ തന്നെയായിരിക്കും.
തായ് മസാലകൾ ചേർത്ത് വറുത്തെടുത്തും ചുട്ട് എടുത്തതുമായ മത്സ്യ – മാംസ വിഭവങ്ങൾ ഏതൊരു സഞ്ചാരിയുടെ നാവിലും കപ്പൽ ഓടിക്കും.

തായ്‌ലാൻഡിലെ ഫുഡ് ക്യാപിറ്റലാണ് ബാങ്കോക്ക്. രാവിലെ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങുന്നതോടെ റസ്റ്റോറൻ്റുകളും തട്ടുകടകളും സജ്ജീവമാകും. തീന്മേശകളിൽ രുചി വൈവിധ്യങ്ങൾ സ്ഥാനം പിടിക്കും. നാം മലയാളികൾ രാവിലെ പൊതുവേ സസ്യാഹാരികളാണെങ്കിലും പ്രഭാത ഭക്ഷണത്തിൽ തന്നെ മാംസം വിളമ്പുന്നതാണ് തായ് രീതി. കട്ട ചോറിൻ്റെ കൂടെ വറുത്തെടുത്ത ഇറച്ചി ചേർത്ത് കഴിക്കുന്നതാണ് പൊതുവേ രീതി. അതിൻ്റെ കൂടെ പഴങ്ങളോ പച്ചിലകളോ ചേർക്കും. എല്ലാം മിതത്വമായ രീതിയിലാണ് ആഹാര ക്രമം. പല നേരങ്ങളിൽ ചെറിയ തോതിൽ ആഹാരം കഴിക്കുന്ന രീതിയിലാണ് പൊതുവേ തായ് ജനതയിൽ കണ്ടുവരാറുള്ളത്. അതുകൊണ്ടു തന്നെ ആഹാരം പൂർണ്ണ തോതിൽ ശരീരം വലിച്ചെടുക്കുന്നു. ശരീരത്തിൽ അമിത കൊഴുപ്പുള്ളവരും കുറവ്.

താമസിക്കുന്ന ഹോട്ടലിലെ പ്രഭാത ഭക്ഷണത്തിന് ശേഷം, ജിയോ ഈ യാത്രയിൽ കണ്ടു പിടിച്ച ഒരു തട്ടു കടയിലേക്ക് നീങ്ങും. അവിടെ നിന്നും കുറച്ചു ചെറു ഭക്ഷ്യ പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം അടുത്ത രുചികൾക്കായി തൻ്റെ പ്രയാണം തുടരും. ഇന്നത്തെ മൂന്നാം ബ്രേക്ക്ഫാസ്റ്റിനായി ഒരു ടുക്ടുക്ക് പിടിച്ചാണ് ബാങ്കോക്കിൻ്റെ ഭക്ഷ്യ തെരുവുകൾ അന്വേഷിച്ച് പുറപ്പെട്ടിരിക്കുന്നത്. ഒരോ ദിനവും ഒരോ ഭക്ഷണം. കാഴ്ചകളെ പോലെ ആഹാരവും അനുദിനം മാറി കൊണ്ടിരിക്കും. ചെറു മീൻ മുതൽ മുതല വരെ പ്ലേറ്റിൽ എത്തുന്ന നാട്ടിൽ മെനു ലിസ്റ്റുകളുടെ നീളം കൂടിയിട്ടില്ലെങ്കിലെ അതിശയമുള്ളൂ.

ഒരു റോക്കറ്റ് കണക്കേയാണ് ടുക് ടുക്കിൻ്റെ വേഗത. ഒരു നിമിഷം വണ്ടിയുടെ മുന്നിലൂടെ പാഞ്ഞ ആംബുലൻസാണ്, ടുക് ടുക്കിൻ്റെ വേഗം കൂട്ടിയത്. പിന്നെ ശരം കണക്കെ ടുക്ക് ടുക് ആംബുലൻസിന് പിറകെ. ചില നിമിഷങ്ങളിൽ ആംബുലൻസിനെ ഈ കുഞ്ഞൻ റോക്കറ്റ് കടത്തി വെട്ടുമോ എന്നൊരു ആശങ്ക. റോഡിലെ അഭ്യാസ പ്രകടനങ്ങൾ കണ്ട ശേഷം റോഡിൻ്റെ വശങ്ങളോട് ചേർന്ന കടകളിലേക്ക്. നാടൻ കരിക്കിൽ തുടങ്ങി ഭീമൻ കണവയിലേക്കുള്ള തേരോട്ടം. തായ് മസാലയിൽ വറുത്ത രുചികൾ ആ തെരുവുകളിൽ പയ്യേ പടർന്നു. ഈ രുചപ്പെരുമയിൽ മാളയിലെ മൂവർ സംഘം മയങ്ങി എന്നു വേണം പറയാൻ.

Tags :
Go to top