Sri Lanka Food Exploring

സ്വാദിഷ്ടമായ ശ്രീലങ്കൻ രുചി അനുഭവങ്ങൾ..

by March 9, 2024

ശ്രീലങ്കന്‍ യാത്രയില്‍ ആകര്‍ഷകമായ കാഴ്ചകള്‍ക്കൊപ്പം സഞ്ചാരികളെ ആവേശം കൊള്ളിക്കുന്ന മറ്റൊന്നാണ് ശ്രീലങ്കന്‍ ഭക്ഷണം. അധികം ആഘോഷിക്കപ്പെടാതെപോകുന്ന സ്വാദിഷ്ട വിഭവങ്ങള്‍ വായില്‍ കപ്പലോടിക്കുന്ന രുചി അനുഭവം.

സ്‌റ്റൈലന്‍ മീന്‍കറി

മീനിന്റെ ലഭ്യത തന്നെയാണ് മീന്‍ വിഭവങ്ങളില്‍ വൈവിധ്യം നിറക്കുന്നത്. മത്സ്യത്തില്‍ നിന്നു ലഭിക്കുന്ന എല്ലാ വിഭവങ്ങളും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ലഭ്യമാണ്. വ്യത്യസ്ത ഇനം മീന്‍കറികളുടെ കലവറയാണ് കൊളംബോ നഗരം. പുളിയിട്ട മസാലയാണ് ശ്രീലങ്കന്‍ രുചിയുടെയും പ്രത്യേകത. ചോറിനൊപ്പം വിളമ്പുന്നത് ആംബുള്‍ തിയാലീനാണ് രാജ്യത്തിനകത്തും പുറത്തും പ്രിയമേറെ

കോട്ട്

മുംബൈക്ക് വട പാവ് പോലെയോ അമേരിക്കക്കാര്‍ക്ക് ഹംബര്‍ഗര്‍ പോലെയോ ആണ് ശ്രീലങ്കക്കാര്‍ക്ക് കോട്ട്. കൊട്ട് റൊട്ടി എന്നും അറിയപ്പെടുന്നു. ബ്രെഡ് അരിഞ്ഞതില്‍ മസാലകളും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന തനതു ശ്രീലങ്കന്‍ വിഭവമാണ് കോട്ട്. രാത്രി ഭക്ഷണമായാണ് പലരും ഇത് തെരെഞ്ഞെടുക്കുന്നത്.

പരിപ്പ്

ശ്രീലങ്കക്കാരുടെ ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് പരിപ്പ്. വളരെ ലളിതമായാണ് അവര്‍ അത് തയ്യാറാക്കുന്നതും. പരിപ്പിനൊപ്പം പച്ചക്കറി ചേര്‍ക്കുന്നതാണ് അവിടത്തെ രീതി. ചിലയിടങ്ങളില്‍ തേങ്ങാപാല്‍ മാത്രം ചേര്‍ത്ത് ക്രീമി ടെക്‌സചറില്‍ പാകം ചെയ്യും. അവിടത്തെ റെസ്റ്റോറന്റുകളിലും പരിപ്പ് നിര്‍ബന്ധമായും വിളമ്പാറുണ്ട്.

അപ്പം ഇവിടത്തെപ്പോലെ അവിടെയും

അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന അപ്പം ഇഡലിയുടെ രൂപത്തില്‍ ചെറിയ കടികളായാണ് ലഭിക്കുക. രുചിയിലാണെങ്കിലോ മുന്നില്‍ത്തന്നെ. മധുര അപ്പം മുതല്‍ മുട്ട അപ്പം വരെ എന്നാണ് അവിടുത്തുകാര്‍ പറഞ്ഞു തുടങ്ങുക. അപ്പത്തിനൊപ്പം തേങ്ങാ ചട്‌നിയാണ് കോമ്പിനേഷനായി ലഭിക്കുക.

പോളോസ്

മലയാളികള്‍ക്ക് ചക്ക ഒരു വികാരം ആകുന്നത് പോലെയാണ് ശ്രീലങ്കക്കാര്‍ക്കും. പാകമാകുന്നതിനു മുന്നേ വിവിധ ഘട്ടങ്ങളില്‍ പല ചക്ക വിഭവങ്ങളും അവരുടെ തീന്‍മേശയില്‍ ഇടംപിടിക്കാറുണ്ട്. അധികം പഴുക്കാത്ത ചക്ക കൊണ്ടുണ്ടാക്കുന്ന വിഭവമാണ് പോളാസ്. കോഴിയിറച്ചിയുടെയും ബീഫിന്റെയും രുചിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് അവിടെ പോളാസ് തയ്യാറാക്കുന്നത്.

കുകുല്‍ മാസ് കറി

പേര്‌പോലെ കണ്‍ഫ്യൂഷന്‍ വിഭവമൊന്നുമല്ല. അവിടുത്തുകാരുടെ തനി നാടന്‍ ചിക്കന്‍ കറി. നോണ്‍ വെജ് മെനുവിലെ മെയിന്‍ വിഭവം. മസാലയാണ് കുകുല്‍ മാസ് കറിയുടെ ഹൈലൈറ്റ്. പ്രാദേശിക സുഗന്ധ വ്യജ്ഞനങ്ങാണ് സീക്രട്ട് മസലയില്‍പ്പെടുക. ചിലര്‍ തേങ്ങാപ്പാലും കൂടുതലായി ചേര്‍ത്ത് തയ്യാറാക്കുന്നു.

ഗോട്ടുകാല സംബോള്‍

ചുവന്ന കറികള്‍ക്കും ബ്രൗണ്‍ കറികള്‍ക്കും പേരുകേട്ട നാട്ടില്‍ പച്ച നിറത്തിലുള്ള വിഭവം അപൂര്‍വ്വമാണ്. വറുത്ത തേങ്ങയും മസാലയും ഉപയോഗിച്ചാണ് പാകം ചെയ്യുന്നത്. കാഴ്ചയില്‍ സാലഡ് പോലെ തോന്നിക്കുമെങ്കിലും അങ്ങനെയല്ല.

ഉപ്പിലിട്ട മീന്‍

ചോറ് പ്ലേറ്റിലെ ക്രിസ്പി വിഭവം. ഉപ്പിലിട്ടു വച്ചിരിക്കുന്ന മീന്‍ ആണ് പാകം ചെയ്യുക. വറുത്തെടുത്തതിനു ശേഷം വ്യത്യസ്ത ചില്ലി സോസുകള്‍ ഉപയോഗിച്ച് ഗ്രേവി ടെക്‌സ്ചറില്‍ പാകം ചെയ്‌തെടുക്കും.

ലാംപ്രൈസ്

ലാംപ്രൈസ് എന്നാല്‍ അരിയുടെ കഷ്ണം എന്നാണ് അര്‍ഥം. ഒരുപാട് ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന തനി ശ്രീലങ്കന്‍ വിഭവം. മാംസം, അരി, ചില്ലി സോസ് എന്നിവയാണ് പ്രധാനമായും അടങ്ങിയിട്ടുണ്ടാകുക. ഇത് വാഴയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. രുചിയുടെ മേന്മയാണ് എടുത്തു പറയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Go to top