വെള്ളം ചീറ്റിച്ചു അടിപൊളിയാക്കിക്കളയും; പട്ടായയിലെ സോംഗ്ക്രാൻ ഫെസ്റ്റിവൽ വിശേഷങ്ങൾ

by August 31, 2019

ഇന്ന് ധാരാളം ആളുകൾ കേരളത്തിൽ നിന്നും തായ്‌ലൻഡിലെ പട്ടായയിലേക്ക് ടൂർ പോകാറുണ്ട്. പ്രധാനമായും അടിച്ചുപൊളിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എല്ലാവരും തായ്‌ലൻഡ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അടിച്ചുപൊളിച്ചു തിമിർത്താടണമെങ്കിൽ അവിടത്തെ പ്രശസ്തമായ വാട്ടർ ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് പോകണം.

നോർത്ത് ഇന്ത്യയിലെ ഹോളി ആഘോഷത്തോട് സാമ്യമുള്ളതാണ് പട്ടായയിലെ വാട്ടർ ഫെസ്റ്റിവൽ. ‘സോംഗ്ക്രാൻ ഫെസ്റ്റിവൽ’ എന്നാണു ഈ ആഘോഷത്തിന്റെ ശരിക്കുള്ള പേര്. ബുദ്ധിസ്റ്റ് കലണ്ടർ പ്രകാരം തായ്‌ലൻഡിലെ ന്യൂഇയർ ആണ് ഈ ആഘോഷം. ആളുകളെല്ലാം നല്ല കളർഫുൾ വേഷങ്ങളണിഞ്ഞാണ് അന്ന് പുറത്തേക്കിറങ്ങുന്നത്. ഇങ്ങനെ അടിച്ചുപൊളി വേഷങ്ങളൊക്കെ ധരിച്ചു പുറത്തേക്ക് ഇറങ്ങിയാലോ? എവിടെനിന്നെന്നു പോലും അറിയാതെ ദേഹത്ത് വെള്ളം എറിഞ്ഞിരിക്കും എന്നുറപ്പാണ്.

പട്ടായയിലെ മുക്കിലും മൂലയിലുമെല്ലാം ആളുകൾ ഇത്തരത്തിൽ വെള്ളം ചീറ്റിക്കുവാൻ തയ്യാറായി നിൽക്കുന്നുണ്ടാകും. ചിലർ വാഹനങ്ങളിലെല്ലാം വലിയ വീപ്പകൾ കയറ്റി അതിൽ വെള്ളം നിറച്ചുകൊണ്ടായിരിക്കും വരുന്നത്. എന്നിട്ട് ഓട്ടത്തിൽ അങ്ങു പൂശും. മറ്റു ചിലരാകട്ടെ വെള്ളം ചീറ്റിക്കുന്ന കളിത്തോക്ക് വെച്ചാണ് കലാപരിപാടി നടത്തുന്നത്. കുട്ടികളൊക്കെ ഇത്തരത്തിലുള്ള തോക്കാണ് ഉപയോഗിക്കുന്നതും.

പുറത്തേക്കിറങ്ങുന്നവർ കണ്ണിൽ സൺഗ്ളാസ്സും മറ്റും വെച്ചുകൊണ്ട് വേണം പുറത്തിറങ്ങുവാൻ. ചിലപ്പോൾ വെള്ളം ചീറ്റിക്കുമ്പോൾ കണ്ണിൽ പോകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ അവിടത്തെ സ്ത്രീകൾ അവരുടെ ആചാരത്തിന്റെ ഭാഗമായി ഒരു പ്രത്യേകതരം ഭസ്മം നമ്മുടെ മുഖത്തു പൂശും. അതും കണ്ണിലേക്ക് പോകാതിരിക്കുവാൻ കൂടിയാണ് ഈ കണ്ണട ധരിക്കൽ.

മദ്യപാനം താല്പര്യമുള്ളവർക്ക് ചാകരയായിരിക്കും ഈ സമയത്ത് പട്ടായയിൽ വന്നാൽ. കാരണം ഈ ആഘോഷത്തിന്റെ ഭാഗമായി വഴിനീളെ മദ്യവും ബീയറുമെല്ലാം ഫ്രീയായി വിതരണം ചെയ്യപ്പെടും. എത്ര വേണമെങ്കിലും കുടിച്ച് ഉല്ലസിക്കാം. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയല്ല, ഒരു സത്യം പറഞ്ഞുവെന്നേയുള്ളൂ.

വെള്ളം ചീറ്റിക്കുന്നതിനൊപ്പം അവിടത്തെ സുന്ദരീസുന്ദരന്മാരുടെ കിടിലൻ ഡാൻസും നമുക്ക് ആസ്വദിക്കാം. വേണമെങ്കിൽ അവരോടൊപ്പം നമുക്കും ഒന്നു ചുവടുവെക്കാം. ഇതൊക്കെ കണ്ടിട്ട് നിങ്ങൾക്കും വെള്ളം ചീറ്റിക്കൽ ആഘോഷത്തിൽ പങ്കെടുക്കണമെന്നുണ്ടെങ്കിൽ അവരോടൊപ്പം കൂടാനും സാധിക്കും. ആൺ-പെൺ-കുട്ടികൾ എന്നൊന്നും വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുചേർന്നുകൊണ്ട് ഉല്ലസിച്ചാഘോഷിക്കുന്ന ഒന്നാണ് സോംഗ്ക്രാൻ ഫെസ്റ്റിവൽ.

നമ്മുടെ നാട്ടിൽ നിന്നും അടിച്ചുപൊളിച്ചു തിമിർക്കുവാൻ ആഗ്രഹമുള്ളവർക്ക് ഈ ആഘോഷം നടക്കുന്ന സമയത്ത് പട്ടായയിലേക്ക് ട്രിപ്പ് പോകാവുന്നതാണ്. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ആഘോഷം നടക്കുന്ന ദിവസം പുറത്തേക്ക് ഇറങ്ങിയാൽ ഉറപ്പായും നനഞ്ഞുകുളിക്കും. അതുകൊണ്ട് വെള്ളം വീണാൽ നശിക്കുന്ന വസ്തുക്കൾ പുറത്തിറങ്ങുമ്പോൾ ഒഴിവാക്കുക. അല്ലെങ്കിൽ അവ വെള്ളം വീഴാത്ത തരത്തിൽ സേഫ് ആക്കുക. ടൗണിന്റെ മുക്കിലും മൂലയിലുമെല്ലാം ആഘോഷം പൊടിപൊടിക്കുന്നുണ്ടാകും. ഇക്കാരണം പറഞ്ഞുകൊണ്ട് അവരോട് തർക്കിക്കാനോ ദേഷ്യപ്പെടാനോ നിൽക്കരുത്. അതുപോലെതന്നെ സ്ത്രീകളുമായി ഡാൻസ് ചെയ്യുകയോ മറ്റോ ചെയ്‌താൽ അനാവശ്യമായി അവരുടെ ദേഹത്ത് തൊടാതിരിക്കാൻ ശ്രദ്ധിക്കുക. മദ്യം ഫ്രീയായി കിട്ടുമെന്നതുകൊണ്ട് അതും കുടിച്ചു ബഹളമുണ്ടാക്കാതിരിക്കുക.

ഇത്രയുമൊക്കെ കേട്ടപ്പോൾ നിങ്ങൾക്കും ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ ആഗ്രഹം തോന്നുന്നുണ്ടോ? എങ്കിൽ ഒട്ടും മടിക്കേണ്ട നേരെ പാട്ടായയിലേക്ക് വിട്ടോളൂ. സോംഗ്ക്രാൻ ഫെസ്റ്റിവൽ നടക്കുന്ന സമയം ഏപ്രിൽ 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലാണ്. എന്നാൽ ടൂറിസ്റ്റുകളുടെ പറുദീസയായ പട്ടായയിൽ ഏപ്രിൽ 18 & 19 തിയ്യതികളിലായിട്ടാണ് ഇതു ആഘോഷിക്കുന്നത്. പട്ടായയിൽ മാത്രമല്ല തായ്‌ലൻഡിലെ മറ്റു ഭാഗങ്ങളിലും ഈ വാട്ടർ ഫെസ്റ്റിവൽ തകൃതിയായി നടക്കാറുണ്ട്. തായ്‌ലാൻഡിലേക്ക് കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങളോടുകൂടി യാത്ര പോകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays മായി ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പറുകൾ : +91 9207763800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published.

Go to top