air asia boarding pass

വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ പണം ലാഭിക്കാൻ ചില വഴികൾ

by October 11, 2019

ഇക്കാലത്ത് വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. പണ്ടൊക്കെ ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുവാനായിരുന്നു കൂടുതലാളുകളും വിമാനത്തെ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാനും ചെന്നൈയ്ക്ക് പോകുവാനും, എന്തിനേറെ പറയുന്നു, തിരുവനന്തപുരത്തേക്ക് പോകുവാനും വരെ വിമാനം ഉപയോഗിക്കുന്നവരുണ്ട്. വിമാനങ്ങളിലെ ടിക്കറ്റ് ചാർജ്ജുകളിൽ വന്ന കുറവാണ് ഇത്തരത്തിൽ വിമാനയാത്രകളെ കൂടുതലായി ആശ്രയിക്കുവാൻ നമ്മൾ മലയാളികളെ സ്വാധീനിച്ചത്.

വിമാനടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യണമെന്ന് കൺഫ്യുഷനിലായിരുന്നവരെല്ലാം തന്നെ ഇന്ന് സ്വന്തമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ പഠിക്കുകയും ചെയ്തു. ഇപ്പോള്‍ വിമാന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി സ്വന്തം വീട്ടിലിരുന്ന് തന്നെ ചെയ്യാനാകും. എന്നാൽ ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് നഷ്ടമായിരിക്കും വരിക. ഓൺലൈൻ വഴി ലാഭകരമായി എങ്ങനെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം? ആ കാര്യമാണ് ഇവിടെ പറയുവാൻ പോകുന്നത്.

1. നിങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ വിമാന ടിക്കറ്റും ബുക്ക് ചെയ്യുവാൻ ശ്രമിക്കുക. കാരണം യാത്രാ തീയതിയോട് അടുക്കുന്തോറും ഫ്ലൈറ്റ് ടിക്കറ്റുകളുടെ നിരക്കുകൾ വർദ്ധിച്ചു കൊണ്ടിരിക്കും. കുറഞ്ഞത് 30 ദിവസം മുൻപെങ്കിലും ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിച്ചാൽ നിങ്ങൾക്ക് കുറഞ്ഞ തുകയേ ചെലവാകുകയുള്ളൂ. അതുപോലെതന്നെ ബുക്ക് ചെയ്യുന്നതിനു മുൻപ് ഒന്നിലധികം ബുക്കിംഗ് സൈറ്റുകളിൽ ചാർജ്ജ് നോക്കി കുറഞ്ഞ നിരക്ക് എവിടെയാണോ ആ സൈറ്റിൽ നിന്നും ബുക്ക് ചെയ്യുക.

2. വീക്കെൻഡ് ദിവസങ്ങളിൽ നിങ്ങളുടെ യാത്രകൾ ഒഴിവാക്കാം. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിമാന യാത്രാനിരക്ക് മറ്റുള്ള ദിവസത്തെ അപേക്ഷിച്ച് കൂടുതലായിരിക്കും. വലിയ അത്യാവശ്യമൊന്നും ഇല്ലെങ്കിൽ നിങ്ങളുടെ യാത്ര ഇട ദിവസങ്ങളിലേക്ക് മാറ്റിയാൽ നന്നായിരിക്കും. ഇതുമൂലം നിങ്ങൾക്ക് നല്ലൊരു തുക ലാഭിക്കുവാൻ കഴിയും.

3. ബുക്കിംഗ് സൈറ്റുകൾ മിക്കവാറും ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഉദാഹരണത്തിന് GOIBIBO, MAKE MY TRIP മുതലായ ആപ്പുകൾ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ ഡിസ്‌കൗണ്ട് പ്രൊമോഷൻ ലഭിക്കുകയും നിങ്ങളുടെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ലഭിക്കുകയും ചെയ്യും. ഇവയെല്ലാം ശ്രദ്ധയോടെ ചെയ്യുക.

4. നിങ്ങളുടെ യാത്ര ക്യാൻസൽ ചെയ്യുവാൻ സാധ്യതയില്ലെങ്കിൽ റീഫണ്ട് ചെയ്യാൻ സാധിക്കാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക. കാരണം റീഫണ്ട് ചെയ്യുന്ന ടിക്കറ്റിനെ അപേക്ഷിച്ച് ഇതിന് നിരക്ക് കുറവായിരിക്കും. ഇത് നിങ്ങളുടെ താല്പര്യം നോക്കി മാത്രം ചെയ്യുക.

5. നിങ്ങളുടെ പോക്കും വരവും വിമാന മാർഗ്ഗം തന്നെയാണെങ്കിൽ ഇരുവശത്തേക്കുമുള്ള ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്യുക. ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ പണം ലാഭിക്കുവാൻ സാധിക്കും. ബുക്ക് ചെയ്യുന്ന സമയത്ത് Round Trip എന്ന ഓപ്‌ഷൻ സെലക്ട് ചെയ്‌താൽ മതി.

6. ദൈർഘ്യം കുറവുള്ള യാത്രകളാണെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം ഓട്ടോമാറ്റിക് സെലക്ട് ആയി വരുന്ന ട്രാവൽ ഇൻഷുറൻസ് Deselect ചെയ്യുക. എന്നാൽ ഇന്റർനാഷണൽ യാത്രകളാണെങ്കിൽ ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്.

7. വിമാനയാത്രയ്ക്കിടയിൽ നിങ്ങൾക്ക് ഭക്ഷണം ആവശ്യമെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു തന്നെ അവയും പ്രീ ഓർഡർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ മുൻകൂട്ടി ഓർഡർ ചെയ്യുകയാണെങ്കിൽ വിമാനത്തിൽ നിന്നും നേരിട്ടു വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ചാർജ്ജിൽ നിങ്ങൾക്ക് ഭക്ഷണം ലഭിക്കും.

അപ്പോൾ ഇനി വിമാനയാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ഒന്നോർക്കുക.  അതുപോലെതന്നെ ടൂർ പാക്കേജുകൾ ആണെങ്കിൽ ട്രാവൽ ഏജന്സികളെക്കൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്യിക്കുന്നതാണ് നല്ലത്. കാരണം അവർ കൂടുതൽ ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്യുമ്പോൾ ചാർജ്ജിൽ ഇളവ് ലഭിക്കുവാൻ സാധ്യതയുണ്ട്. ആ ഇളവ് നിങ്ങൾക്കും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Go to top