Thailand Group Tour photo

സയാമിൻ്റെ മണ്ണിൽ – By അജിത്ത് രാജ്

by January 13, 2023

സയാമിൻ്റെ മണ്ണിൽ

യാത്രകളെക്കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട്.
“യാത്രികരില്ലാതാകും വരെ യാത്ര തുടരണം. യാത്രയില്ലാതാകും വരെ യാത്രികൻ തുടരണം ”
അടിഞ്ഞു കിടക്കുന്നത് അടഞ്ഞു പോകാമെന്നും ഒഴുകികൊണ്ടേയിരിക്കുകയെന്നാൽ സ്വയം നവീകരിക്കപ്പെടുകയെന്നതാണ് യാത്രയുടെ പ്രസക്തി.നാം ജീവിക്കുന്ന നാടിനെ പിന്തുടർന്ന് പോകുന്ന സാമൂഹിക – സാംസ്കാരിക രീതികൾ മാത്രം കേവല ശരികളെന്നുള്ള മിഥ്യാധാരണകളിൽ നിന്നും സംസ്കാരങ്ങളെ തുറന്നമനസ്സോടെ സ്വീകരിക്കാനും അതിലെ ശരികളെ സ്വീകരിക്കാനും യാത്രകൾ നമ്മെ പ്രാപ്തരാക്കുന്നില്ലെ…?

ഇത്തവണത്തെ ക്രിസ്തുമസ് അവധിക്ക് കുടുംബവുമൊത്തൊരു യാത്ര പോവാൻ പ്ലാൻ ചെയ്തിരുന്നു. എപ്പോൾ പോകണം? എവിടെ പോവണം? എങ്ങനെ പോവണം? ഇതാണല്ലോ യാത്രകളിൽ സാധാരണയുള്ള പ്ലാനിംഗ് ഓർഡർ.എന്നാൽ ക്രിസ്മസ് അവധിക്ക് യാത്ര ചെയ്യണം എന്ന പ്ലാൻ സെറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ ആദ്യം വന്നത് ഹാരീസ് ഇക്കയോടൊപ്പം (HAREES AMEER ALI) യാത്ര ചെയ്യുക എന്നതായിരുന്നു. അദ്ദേഹത്തിൻ്റെ റോയൽ സ്കൈ ഹോളിഡേസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ ക്രിസ്മസ് – ന്യൂ ഇയർ സമയത്ത് ഹാരിസിക്കയോടൊപ്പം തായ്‌ലൻഡ് ടൂർ ഉണ്ടെന്നറിഞ്ഞു.

 

ഡെസ്റ്റിനേഷൻ തായ്‌ലൻഡ് എന്നു തീരുമാനിക്കാൻ ഏറെ ചിന്തിക്കേണ്ട ആവശ്യം വന്നില്ല. അദ്ദേഹത്തിൻ്റെ വ്ലോഗുകൾ അത്രമാത്രം താൽപ്പര്യത്തോടെ ഫോളോ ചെയ്യുന്നവരായിരുന്നു ഞാനും മകനും.യാത്രയുടെ ഒരുക്കങ്ങൾ മുതൽ യാത്രയിലുടനീളം അവർ തന്ന സപ്പോർട്ട് ഞങ്ങളുടെ തീരുമാനത്തെ ശരിവയ്ക്കുന്നതായിരിന്നു. ഡിസംബർ 23 ന് ഉച്ചതിരിഞ്ഞ് 3 മണിയുടെ വന്ദേഭാരത് എക്സ്പ്രസിൽ ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും ചെന്നൈയിലേക്ക് തിരിച്ചു.

 

വന്ദേഭാരത് എക്സ്പ്രസിലെ യാത്ര ഒരു ചെക്ക് ലിസ്റ്റ് ഐറ്റം ആയതിനാലും ചെന്നൈയിൽ നിന്നും തായിലാൻഡിലേക്കുള്ള നിരക്കിൽ ബാംഗ്ലൂരിൽ നിന്നുള്ളതിനേക്കാൾ ഗണ്യമായ കുറവുള്ളതിനാൽ ഞങ്ങൾ ചെന്നൈയിൽ നിന്നാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തത്. ബസ്സ്, ട്രെയിൻ, സബർബൻ മെട്രോ തുടങ്ങി എയർപോർട്ടിലേക്കുള്ള കണക്റ്റിവിറ്റിയിൽ ബാംഗ്ലൂരിനും കൊച്ചിക്കുമെല്ലാം ചെന്നൈയെ മാതൃകയാക്കവുന്നതാണ്.
MGR C സെൻ്ററിൽ നിന്നും ഏകദേശം മുപ്പത് മിനുട്ടോളം മെട്രോയിൽ യാത്ര.8:30 ആയപ്പോൾ ഞങ്ങൾ ചെന്നൈ അന്താരാഷ്ട്രാ വിമാനത്താവളത്തിലെത്തി. പ്രതീക്ഷിച്ച തിരക്കെങ്ങും അനുഭവപ്പെട്ടില്ല.

രാത്രി 11:25 ന് എയർ ഏഷ്യ ബജറ്റ് എയർലൈൻസിൽ സയാമിൻ്റെ മണ്ണിലേക്ക്. തായ്‌ലൻഡിലേക്ക്. മൂന്ന് മണിക്കൂർ യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം പുലർച്ചെ നാല് മണിക്ക് സുവർണ്ണ ശോഭയിൽ കൺചിമ്മിതുറക്കുന്ന മായിക കാഴ്ചകളുടെ പറുദീസയിലേക്ക് പറന്നിറങ്ങി. ” സവാദീ ” ആശംസിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന സമ്പന്നമായ സാംസ്കാരിക ഭൂമിക.

ഓൺ അറൈവൽ വിസയെക്കുറിച്ചും മറ്റു ഫോർമാലിറ്റികളെക്കുറിച്ചും റോയൽ സ്കൈ ടീം നേരെത്തെ പറഞ്ഞു തന്നതുകൊണ്ട് ആദ്യമായി യാത്രചെയ്യുന്ന പലർക്കും ഉപകാരമായിരുന്നു. ഇനിയുള്ള അഞ്ച് ദിനങ്ങളിൽ പരസ്പരം കോൺടാക്ട് ചെയ്യാനും ഡാറ്റ ഉപയോഗത്തിനുമായി 299 ബാത്തിന് ഒരു സിം കാർഡും വാങ്ങി പുറത്തെതുമ്പോൾ എക്സിറ്റ് ഗേറ്റ്ന് സമീപം ഞങ്ങളുടെ ഗൈഡ്, ” റ്റാൻ” റോയൽ സ്കൈയുടെ ഫ്ലാഗും പിടിച്ച് പ്ലക്കാർഡുമായി ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു.

22 മുതിർന്നവരും ഒൻപത് കുട്ടികളുമായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഏതാണ്ടൊരേ വൈബിൽ അടിച്ചുപൊളിക്കുന്ന മുപ്പത്തൊന്ന് പേര്. എയർപോർട്ടിൽ വച്ച് തന്നെ മിക്കവരുമായി പരിചയപ്പെടാനും കഴിഞ്ഞു. കൂട്ടത്തിൽ ഒറ്റയാനായി വ്ലോഗ്ഗറായ ജിതിനും.എയർപോർട്ടിൽ നിന്നും പുറപ്പെടുന്നതു മുതൽ തിരിച്ച് അഞ്ചാം ദിവസം എയർപോർട്ടിൽ എത്തുന്നത് വരെ ഏർപ്പാടാക്കിയിരുന്നത് സുരക്ഷയും വൃത്തിയും സൗകര്യങ്ങളും മാനദണ്ഡമാക്കിയുള്ള SHA+ CERTIFIED A/C കോച്ച് ബസ്സായിരുന്നു. ബസ്സിൻ്റെ ലഗേജ് കമ്പാർട്ട്മെൻ്റിൽ ബാഗേജ് കയറ്റി, ഫ്രഷ് അപ്പ് ആകാനും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനുമായി ബാങ്കോക്കിലെ witz ഹോട്ടലിലേക്ക് യാത്ര തിരിച്ചു.

യാത്രയിൽ ഞങ്ങളുടെ ഗൈഡായ ” റ്റാൻ ” തായ്‌ലൻഡിനേക്കുറിച്ചും അവിടത്തെ സംസ്കാരങ്ങളെക്കുറിച്ചും ഇനിയുള്ള ദിവസങ്ങളിലെ യാത്രാ കാഴ്ചകളെക്കുറിച്ചും വാചാലയായി. തായ്‌ലൻഡിലെ മുക്കും മൂലയും അവർക്ക് സുപരിചിതമെന്നുള്ള ആത്മവിശ്വാസമുള്ള സംഭാഷണം.

വെറും രണ്ട് മണിക്കൂർ സമയത്തേക്കെങ്കിൽ കൂടിയും നല്ല സൗകര്യമുള്ളതായിയർന്നു Witz ഹോട്ടൽ. ഒരു മണിക്കൂർ ഒന്നു മയങ്ങി ചെറു ചൂടുവെള്ളത്തിൽ കുളിച്ചു വന്നപ്പോഴേക്കും യാത്രയുടെ ക്ഷീണം എങ്ങോ പോയി മറന്നു.ഇംഗ്ലീഷ് – തായ് ബ്രേക്ക്ഫാസ്റ്റ് ബുഫയ്ക്ക് ശേഷം ഞങ്ങൾ പട്ടായയിലേക്ക് പുറപ്പെട്ടു. ഹാരീസിക്ക Witz ൽ നിന്നും പട്ടായയിലേക്കുള്ള യാത്രയിൽ ഗ്രൂപ്പിനൊപ്പം ചേർന്നു.

ബാങ്കോക്കിൽ നിന്നും പട്ടായയിലേക്കുള്ള 180 കിലോമീറ്ററോളം വരുന്നത് തിരക്കു കുറഞ്ഞ ദിവസങ്ങളിൽ വെറും രണ്ടര മണിക്കൂറിൻ്റെ ദൂരമാണത്രേ.
ബാങ്കോക്ക് നഗരത്തിൻ്റെ ഇരുവശങ്ങളിലും അംബരചുംബികളായ കെട്ടിടങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട്. മുപ്പത്തിയാറായിരത്തോളം ബൗദ്ധ ക്ഷേത്രങ്ങളാൽ സമ്പന്നമാണ് തായ്‌ലൻഡ്. വഴിയിലെങ്ങും അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ഒന്നുമില്ല. ട്രാഫിക് സിഗ്നലുകളിൽ അനാവശ്യമായി ഹോൺ മുഴക്കാതെ കൃത്യമായ അകലം പാലിച്ച് അച്ചടക്കത്തോടെ കാത്തുകിടക്കുന്ന വാഹനങ്ങൾ.ബഹുമാനം എന്നത് കൊടുത്തു വാങ്ങേണ്ടതാണെന്ന് പഠിപ്പിക്കുന്ന ജനത. വിദ്യാഭ്യാസ വിചക്ഷണരെന്ന് അഹങ്കരിക്കുന്ന നമ്മളോ? ഒരു നിമിഷം പോലും മുഷിപ്പിക്കാതെ ഹാരിസ്സിക്ക തായ്ലാൻ്റിനെക്കുറിച്ചും തൻ്റെ യാത്രാനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു.അദ്ദേഹത്തിൻ്റെ വ്ലോഗുകൾ കാണുന്ന താൽപ്പര്യത്തോടെ എല്ലാവരും അത് ശ്രദ്ധിച്ചു കൊണ്ട് യാത്ര തുടർന്നു.

ഐസ് ബ്രേകിങ് എന്ന രീതിയിൽ ഹാരീസിക്ക ഓരോ കുടുംബത്തെയും പരിചയപ്പെടുത്താറുണ്ട്… കൂടെ റോയൽ സ്കൈയുടെ വെക്കേഷൻ യാത്രയെക്കുറിച്ചറിഞ്ഞത് ഏത് രീതിയിലാണ് എന്നും ചോദിച്ച് മനസ്സിലാക്കി. യാത്രകളോട് അദമ്യമായ അഭിനിവേശവും ഒപ്പം കൂട്ടുന്നവരോട് പുലർത്തുന്ന ശ്രദ്ധയും സ്ഥനാപനത്തോടുള്ള അർപ്പണബോധവും കണ്ടു പഠിക്കേണ്ടതു തന്നെ.

ഒന്നാം ദിവസം

നോങ്ഹ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ

ഏതാണ്ട് ഉച്ചതിരിഞ്ഞ് ഒരുമണിയോടെ ഞങ്ങൾ പട്ടായയിലെ നോങ്ഹ് നൂച്ച് ട്രോപ്പിക്കൽ ഗാർഡനിലെത്തി. അഞ്ഞൂറ് ഏക്കറിൽ പരന്നുകിടക്കുന്ന ബോട്ടാണിക്കൽ ഗാർഡനും ടൂറിസ്റ്റ് കേന്ദ്രവും. നോങ്ഹ് നൂച്ച് ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഉദ്യാനങ്ങളിൽ ഉൾപ്പെടുന്നു .

വിവിധതരം പൂക്കളെയും ചെടികളെയും കൺകുളിർക്കെക്കണ്ട് ഞങ്ങൾ ട്രാമിൽ യാത്ര തുടർന്നു.ദിനോസർ പാർക്കിലെ കാഴ്ചകൾ കുട്ടികളോടൊപ്പം മുതിർന്നവരെയും ആകർഷിക്കും. എലിഫൻ്റ് ഷോ ആയിരുന്നു അവിടത്തെ പ്രധാന ആകർഷണം. അത്രയും ട്രെയ്ൻഡ് ആയ ആനകൾ, ഫുട്ബാളും ബാസ്കറ്റ്ബോളും കളിക്കുന്നു. മനോഹരമായി കാൻവാസിൽ ചിത്രം വരയ്ക്കുന്നതുമെല്ലാം അത്ഭുത കാഴ്ചകൾ തന്നെയായിരുന്നു. തായ് ചരിത്രത്തെ, സംസ്ക്കാരത്തെ നൃത്ത ശിൽപ്പങ്ങൾ പോലെ അത്രയും ചാരുതയിൽ വർണ്ണശബളമായി പ്രദർശിപ്പിക്കുന്ന മറ്റൊരു ഷോയും അവിടെ ഉണ്ടായിരുന്നു.

നോങ്ഹ് നൂച്ച് സന്ദർശനത്തിന് ശേഷം പട്ടായയിലെ സൺബീം ഹോട്ടലിലേക്ക് യാത്ര തിരിച്ചു. പ്രശസ്തമായ വാക്കിങ് സ്ട്രീറ്റിനും ബീച്ചിനുമടുത്ത് സോയ് 8 സ്ട്രീറ്റിലാണ് ഹോട്ടൽ. യാത്രയിൽ പട്ടായയിൽ കഴിച്ചിരിക്കേണ്ട വഴിയോര വിഭവങ്ങളെക്കുറിച്ച് ഹരീസിക്ക ഒരുപാട് പറയുകയും അത് കഴിച്ചു നോക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മംഗോ സ്റ്റിക്കി റൈസ്, ബനാന പാൻകേക്ക്, മുതല ഫ്രൈ, അവക്കാടോ ഷെയ്ക്ക്, സീഫുഡുകൾ എല്ലാം മസ്റ്റ് ട്രൈ തന്നെ.ചിലവുകുറഞ്ഞ രസകരമായ ടുക് ടുക്ക് യാത്രകൾ ഉപയോഗിക്കേണ്ടത് തന്നെ എന്ന് അദ്ദേഹം വിവരിച്ചു.

സെക്സ് ടൂറസത്തിന് പേര് കേട്ട നാട്ടിൽ അത് ആവശ്യക്കാർക്ക് വേണ്ടിയുള്ളതുമാത്രമാണെന്നും അല്ലത്തവർക്ക് ആസ്വാദനത്തിൻ്റെ ഒരു വാതായനം മലർക്കെ തുറന്നു കിടപ്പുണ്ടെന്നും ഹാരീസ്സിക്ക ഓർമ്മിപ്പിച്ചു. പട്ടായയുടെ സ്പെഷ്യലായ തെറാപ്യൂട്ടിക് മൂല്യങ്ങളുള്ള ഫൂട്ട് മാസാജിനെക്കുറിച്ചും ഗൈഡ് റ്റാനും ഓർമ്മിപ്പിച്ചു. ഇതിനോടകം കുഞ്ഞുങ്ങൾ റ്റാനുമായി ചങ്ങാത്തതിലായി. സൺ ബീം ഹോട്ടലിൽ ചെക്ഇൻ ചെയ്തതിനു ശേഷം ഡിന്നർ കഴിക്കാൻ സ്ട്രീട് ഫുഡ് ഷോപ്പുകൾ തേടി ഞങ്ങൾ പട്ടായയുടെ തെരുവുകളിലേക്കിറങ്ങി.

നിയോൺ വെളിച്ചത്തിൽ മുടിയഴിച്ചുറങ്ങുന്ന നിശാസുന്ദരിയുടെ മാറിലേക്ക്. ബീച്ച് റോഡിനിരുവശവും നല്ല തിരക്കാണ്.ബീച്ചിനോട് ചേർന്ന് വലതുവശത്തെ റോഡിൽ അൽപ്പവസ്ത്രധാരണികൾ കസ്റ്റമേഴ്‌സിനെ കാത്തിരിപ്പുണ്ട്. കുടുംബവുമായി നടക്കുന്നവർക്ക് ശല്യം വരാതെ അവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഒറ്റയ്ക്ക് നടക്കുന്നവർക്ക് നേരെ കടക്കണ്ണെറിഞ്ഞും അവരെ അടുത്തേക്കു വിളിച്ചും കച്ചവടം പൊടി പൊടിക്കുന്നുണ്ട്. പാശ്ചാത്യരെയാണ് അവിടെ കൂടുതലും കാണാൻ കഴിഞ്ഞത്.ഞങ്ങൾ റോഡിന് മറുപുറം കടന്നു. കണ്ണഞ്ചിപ്പിക്കുന്ന നിറക്കൂട്ടുകളും പലവിധ രുചിമണങ്ങളും. പുൽചാടി ഒഴികെ ഹാരിസ്സിക്ക സജ്ജസ്റ്റ് ചെയ്ത ഭക്ഷണങ്ങൾ ഓരോന്നും ട്രൈ ചെയ്തു. ഹാരിസ്സിക്ക മധുരപ്രിയനെന്ന് തോന്നുന്നു. അവിടുത്തെ പഴങ്ങളും ജ്യൂസ് ഷൈക്കുകളും മസ്റ്റ് ട്രൈ ഐറ്റംസാണ്. എല്ലാം തന്നെ ഗംഭീരം. നടന്നും ടുക്ക് ടുക്കിൽ കയറിയും പട്ടായയിലെ പ്രശസ്മായ വാക്കിംഗ് സ്ട്രീറ്റിൽ എത്തി.

ഡിസ്കോ ബാറുകളുടെയും ശബ്ദപ്രകാശങ്ങളുടെയും അരകിലോമീറ്റർ നീളുന്ന മായാലോകം. ഡിസ്കോയിലേക്ക്ആകർഷിക്കാൻ തായ് സുന്ദരിമാർ അൽപ്പ വസ്ത്രധാരികളായ് വഴി നീളെയുണ്ട്. ഭക്ഷണശാലകളും ടർക്കിഷ് ഐസ് ക്രീമുകളും മാജിക്കും, കഞ്ചാവും ലഹരിയും വാരിത്തേച്ച തെരുവ്. തായ് ട്രഡീഷണലായ പട്തായി ഞങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കി. ഫിഷ് ഓയിലിൻ്റെയും ഫിഷ് സോസിൻ്റെയും അതിപ്രസരം. അത് മുഴുമിക്കാനായില്ല. പക്ഷേ സറ്റയ് ഡിഷുകളും സ്വീറ്റ് ഡിഷുകളുമെല്ലാം രുചി മുകുളങ്ങളെ നൃത്തം ചെയ്യിപ്പിച്ചു കൊണ്ടിരുന്നു.

വാക്കിങ് സ്ട്രീറ്റിൽ നിന്നും മടങ്ങിയ ഞങ്ങൾ വളരെ റിലാക്സിങ്ങായ തായ് മസ്സാജ് ചെയ്യാനാണ് പോയത്. വളരെ പ്രോഫഷണലായ് സ്ട്രെസ്സ് പോയിൻ്റ് എല്ലാം റിലാക്സ് ആവുന്ന ഒന്നാന്തരം മസ്സാജ്.മടങ്ങാൻ വഴി വലിയ നിശ്ചയമില്ലാതിരുന്നെങ്കിലും ഒരു മൂന്ന് ടുക് ടുക്ക് വിളിച്ച് ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി. മസ്സാജിന് ശേഷമുള്ള ചെറു ചൂടുവെള്ളത്തിലെ കുളി അന്നത്തെ തിരക്കിട്ട ദിവസത്തിന് ചേരുന്ന ശാന്തമായ ഉറക്കം തന്നു.

രണ്ടാം ദിവസം

കോറൽ ഐലൻഡ്, ക്രിസ്മസ് ഷോ, അൽകാസ്സർ ഷോ

സൺ ബീം ഹോട്ടലിലെ ഇംഗ്ലീഷ് ബുഫെ ബ്രേക്ക്ഫാസ്റ്റിന് ശേഷം തലേന്ന് തീരുമാനിച്ചത് പോലെ 9:30 ന് ഞങ്ങൾ കോറൽ ഐലൻഡിലേക്കുള്ള ട്രിപ്പിന് തയ്യാറായി. ബസ്സിൽ പട്ടായ കോസ്റ്റ് വരെ.

 

അവിടെ നിന്നും സ്പീഡ് ബോട്ടിൽ ഏഴ് കിലോമീറ്റർ അകലെയുള്ള കോറൽ ദ്വീപിലേക്ക്. ഉൾക്കടലിലൂടെ ഒരു തകർപ്പൻ റൈഡ്. ബോട്ടിൻ്റെ തുഞ്ചത്തുള്ള യാത്ര അൽപ്പം അഡ്വഞ്ചർ നിറഞ്ഞതാണ്. ബോട്ട് നീങ്ങുമ്പോൾ തിരയിലിടിച്ച് ഉലയുന്നതും പൊങ്ങി വരുന്ന തിരകൾ ബോട്ടിലേക്ക് തെറിച്ചു കയറുന്നതുമെല്ലാം അനുഭവിച്ചരിയേണ്ട യാത്ര തന്നെ.

 

പാരാ സൈലിങ്, അണ്ടർ സീ വാക്കിങ്, ബനാന ബോട്ട് റൈഡ്, ജെറ്റ് സ്കീ റൈഡ് എന്നിവയെല്ലാം ചേർന്ന ആക്ടിവിറ്റി കോമ്പോയ്ക്ക് 2500 ബാത്താണ് ചിലവ്. ആദ്യത്തെ ആക്ടിവിറ്റി പാരാ സൈലിങ് ആണ്. യാത്രാമധ്യേ കടലിൽ ഉയർത്തി കെട്ടിയ പ്ലാറ്റ്ഫോമിൽ നിന്നും സ്പീഡ് ബോട്ടിൽ വലിച്ചു കെട്ടിയ പരാച്യൂട്ടിൽ പറന്നുയരുന്ന ആവേശകരമായ അനുഭവം. സ്പീഡ് ബോട്ട് ഇടയ്ക്കൊന്ന് സ്പീഡ് കുറച്ച് കടലിൽ മുക്കിയെടുത്ത് വീണ്ടൂം പൊക്കിപ്പറക്കുന്നു. ഒരു വലം വച്ച് വീണ്ടും തുടങ്ങിയ ഇടത്ത് കൊണ്ടിരിക്കുന്നു. അതിനുശേഷം വീണ്ടും ബോട്ടിൽ അണ്ടർ വാട്ടർ സീ വാക്ക് സ്പോട്ടിലേക്ക്. 30 മീറ്റർ ആഴത്തിൽ കടലിൻ്റെ അടിത്തട്ടിൽ നടന്നു കൊണ്ട് ആഴക്കടിലിൻ്റെ മത്സ്യസമ്പത്തും ജൈവവൈവിധ്യം നിറഞ്ഞ മനോഹര കാഴ്ചകൾ ആസ്വദിച്ച് അൽപ്പനേരം. വായുമർദ്ദത്തിലെ വ്യത്യസ്തതകൾ മൂലം ചിലർക്ക് ചെറുതായി ചെവിയടയുക പോലുള്ള അസ്വസ്ഥതകൾ അൽപ്പനേരത്തേക്ക് ഉണ്ടാവാം.ശേഷം നേരേ കോറൽ ഐലൻഡിലേക്ക്. പഞ്ചാരമണൽ വിരിപ്പിലങ്ങനെ നീണ്ടു കിടക്കുന്ന കടൽ തീരം. ബനാന റൈഡും ജെറ്റ് സ്കീയിങ്ങും കടൽകുളിയും ബീച്ചിലെ കളികളുമായി അൽപ്പനേരം.

പാക്കേജിൽ ബീച്ചിൽ വിശ്രമിക്കാനുള്ള കസേരകൾ ഗ്രൂപ്പിന് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട്. ഐലൻ്റിന് സമീപത്തെ വഴികളിൽ നിറയെ ഭക്ഷണവും പാനീയങ്ങളും വിൽപ്പനയ്ക്കുണ്ട് കോറൽ ദ്വീപിൽ നിന്നും ഉച്ചതിരിഞ്ഞ് പട്ടായ കോസ്റിലേക്ക് മടങ്ങി. വെള്ളത്തിലായിരുന്ന ക്ഷീണത്തിൽ എല്ലാവർക്കും സാമാന്യം വിശന്നു തുടങ്ങിയിരുന്നു.ഉച്ചഭക്ഷണം പ്രസിദ്ധമായ ഇന്ത്യൻ ഹോട്ടലിൽ ബുഫേയായിരുന്നു. അവിടെ ക്രിസ്മസ് പ്രമാണിച്ച് പ്ലാൻ ചെയ്ത കേക്ക് കട്ടിംഗ് കുട്ടികളെയെല്ലാം ആക്ടീവാക്കി.

ശേഷം ലഘു വിശ്രമത്തിനായി ഹോട്ടലിലേക്ക്.

വൈകിട്ട് 7:15 നുള്ള അൽകാസർ ഷോയും അതിന് മുന്നേ തീർക്കാനുള്ള ആർട്ട് ഇൻ പാരഡൈസുമായിരുന്നു ലക്ഷ്യം. ആദ്യം പുറപ്പെട്ടത് ആർട്ട് ഇൻ 3D ഗാലറി കാഴ്ചകൾ കാണാനായിരുന്നു. 2D ചിത്രങ്ങളെ തങ്ങളുടെ കരവിരുത് വഴി ത്രിമാന ചിത്രങ്ങളായി കാണിച്ചു തരുന്നതായിരുന്നു ഗാലറിയിലെ ഓരോ സൃഷ്ടികളും.

ക്യാമറ കണ്ണുകൾ ഒരുപാട് മിന്നി മറിഞ്ഞ ഗാലറിയിൽ ഏതാണ്ട് ഒരുമണിക്കൂർ ചിലവഴിക്കുകയുണ്ടായി.ശേഷം ഞങ്ങൾ അൽകാസർ ഷോയിലേക്ക് തിരിച്ചു. അത്യാധുനിക ലൈറ്റ് സൗണ്ട് സിസ്റ്റങ്ങൾ കൂടി വലിയ തീയേറ്റർ കോംപ്ലക്സിൽ സുന്ദരികൾ നിരക്കുന്ന ഇന്ദ്രിയങ്ങളെത്രസിപ്പിക്കുന്ന കാബറ ഷോ. ഹലോ വിയറ്റ്നാം, പേർഷ്യൻ ഡാൻസ്, ഫ്ലവർസ് ഓഫ് ചൈന ബോളിവുഡ് ഡാൻസ്, ഫാബുലസ് റഷ്യ എന്നിവയുൾപ്പടെ പ്രാദേശികവും ലോകമെമ്പാടുമുളള കൺസെപ്റ്റ് ഡെമോ അൽകാസർ കാബറ ഷോയിലുണ്ട്. ഇവയെല്ലാം അവതരിപ്പിക്കുന്ന സുന്ദരികൾ ലേഡി ബോയ്സ് ആണെന്നത് രസകരം. ഫോട്ടോഗ്രഫിയും വീഡിയോയും ഈ എഴുപത് മിനിറ്റ് ഷോയിൽ വിലക്കിയിട്ടുണ്ട്. ഷോയ്ക്ക് ശേഷം പട്ടായയിലെ തെരുവിൽ നിന്നും ഡിന്നർ കഴിച്ച് രണ്ടാം ദിവസത്തെ ആലസ്യം തീർക്കാൻ ഹോട്ടലിലേക്ക് മടങ്ങി.

മൂന്നാം ദിവസം

ജെംസ് ഗാലറി, ടൈഗർ പാർക്ക്, ഫ്ലോട്ടിങ് മാർക്കറ്റ്, ഉണ്ടർവാട്ടർ വേൾഡ്

മൂന്നാം ദിവസം ബ്രേക്ക്ഫാസ്റ്റിന് ശേഷം സൺ ബീം ഹോട്ടലിൽ നിന്നും ചെക്ഔട്ട് ചെയ്ത് ബാങ്കോക്കിലേക്കുള്ള മടക്കയാത്ര തുടങ്ങി.സ്വന്തം നാടെന്ന പോലെ പട്ടായയോട് ഒരിഷ്ടം തോന്നിയിരുന്നു. ഏത് പാതിരാത്രിയിലും തുറിച്ചു നോട്ടങ്ങളെ ഭയക്കാതെ സ്ത്രീകൾക്ക് സർവ്വ സ്വാതന്ത്രത്തോടെയും കൂടി ഇറങ്ങി നടക്കാവുന്ന പട്ടായ.

മടക്കയാത്രയിൽ ആദ്യ കാഴ്ചായിടം ജെംസ് ഗാലറിയായിരുന്നു. വിലയേറിയ രത്നങ്ങളും കല്ലുകളും മറ്റും ഉണ്ടാകുന്നതും അവ വേർതിരിച്ചെടുക്കുന്നതും വിശദമായി ഡെമോ ചെയ്തിട്ടുണ്ട്. ആവശ്യക്കാർക്കായി പലതരം ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയും കൂടെ കാണാം.

ശേഷം ഞങ്ങൾ പോയത് ടൈഗർ പർക്കിലായിരുന്നു. സാഹസികതയും ചെറിയ ഭയവും സന്തോഷവും നൽകിയ ഇടം.പുലികളെയും പുലികുട്ടികളെയും കുട്ടികളെപോലെ വളർത്തുന്ന ഒരിടം. സ്വതന്ത്രമായി വിഹരിച്ചു നടക്കുന്ന പുലികളെയും കൂട്ടിലിട്ടിരിക്കുന്ന പുലികളെയും നമുക്കിവിടെ കാണാം.

വളരെ എക്‌സൈറ്റിങ് ആയ അനുഭവത്തിന് ശേഷം ഞങ്ങൾ പട്ടായായിലെ ഫ്ലോട്ടിങ് മാർക്കറ്റിലേക്ക് യാത്ര തിരിച്ചു. ഭൂപ്രകൃതി കൊണ്ട് ആലപ്പുഴയെ ഓർമ്മിപ്പിക്കുന്ന ഫ്ലോട്ടിങ് മാർക്കറ്റിൽ ചെറുവഞ്ചിയിൽ യാത്ര ചെയ്തു.

ഇരുവശവും നിറയെ ഗ്രാമാന്തരീഷത്തിലുള്ള കച്ചവടങ്ങൾ. കൊറോണയ്ക്ക് ശേഷം പതിയെ പ്രവർത്തനം ആരംഭിക്കുന്നതേ ഉള്ളൂ.നാടൻ ഭക്ഷണ ശാലകളും കരകൗശല സ്റ്റാളുകളുമായി ചിലവ് കുറഞ്ഞ ഒരു ഷോപ്പിംഗ് ഡെസ്റ്റിനേഷൻ.ഭക്ഷണത്തിനായി ഹാരീസ് ഇക്ക പറഞ്ഞ ഉപ്പ് പുരട്ടി വറുത്തടുത്ത തിലാപ്പിയ മത്സ്യവും കാപ്പുക്കായി റൈസും.

കൂടെ സ്പൈസി ചിക്കൻ റൈസും ഒരു സോഫ്റ്റ് ഡ്രിങ്കും ഓർഡർ ചെയ്തു.തറയിൽ വിരിച്ച പായയിൽ ഇരുന്ന് ഉയരം കുറഞ്ഞ മേശയിൽ വച്ച് ഞങ്ങൾ ആ ഭക്ഷണം പരസ്പരം ആസ്വദിച്ചു കഴിച്ചു. ആദ്യം കഴിച്ച അന്നു മുതൽ എന്നും കഴിച്ചു കൊണ്ടിരിക്കുന്ന വിഭവമാണ് ബനാന പാൻ കേക്ക്. പതിവ് അവിടെയും തെറ്റിച്ചില്ല. ശേഷം മാമ്പഴവും പേരക്കയും പനനോങ്കിൻ്റെ ജ്യൂസും കൂടി ലഞ്ച് തകത്തു.

ഫ്ലോട്ടിങ് മാർക്കറ്റിൽ പിന്നീട് പോയത് അണ്ടർ വാട്ടർ വേൾഡിൽ ആയിരുന്നു. പ്രവശന കാവാടത്തിന് മുന്നിൽ കഴുത്തിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് പടം പിടിക്കാൻ അവസരം ഉണ്ടായിരുന്നത് ഗ്രൂപ്പിലെ ചിലർ ഉപയോഗപ്പെടുത്തി. അകത്തെ കാഴ്ചകളിൽ പലവിധം വലുതും ചെറുതുമായ മത്സ്യങ്ങൾ നീന്തിതുടിക്കുന്ന ടണലിലൂടെ കാഴ്ചകൾ കണ്ട് നടന്നു നീങ്ങി. മൂന്ന് വശവും മൂടപ്പെട്ട ഗ്ലാസിനുള്ളിൽ സ്രാവുകളും അരാപ്പൈമകളും.
തൃശ്ശൂർ പഞ്ചവടിയിലെ മറൈൻ വേൾഡിനേക്കാൾ വലുതാണെങ്കിൽ കൂടിയും ആ കാഴ്ച കണ്ടവരെ ഈ കാഴ്ച്ച അത്ര തന്നെ ആവേശപ്പെടുത്തുന്നില്ല.അവിടെ നിന്നിറങ്ങി ബാങ്കോക്കിലേക്കുള്ള യാത്ര തുടർന്നു. ഒരുപാട് യാത്രാനുഭവങ്ങളും വിദഗ്ധരുമായി നിന്നാർജ്ജിച്ചെടുത്ത വിവേകപൂർണ്ണമായ അറിവുകളും ഹരീസിക്ക പങ്കുവെച്ചിരുന്നു. ഈ മനുഷ്യൻ ഊർജ്ജത്തിൻ്റെ പവർ പാക് ആണ്. എത്ര മണിക്കൂർ വേണമെങ്കിൽ പോലും അവിരാമം ഭക്ഷണത്തെയും യത്രകളെയുംക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്നു.
ഏതാണ്ടിതെ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള കേരളം. പ്രകൃതി ഭംഗി കനിഞ്ഞു കിട്ടിയ ദൈവത്തിൻ്റെ സ്വന്തം നാട്. നാട്ടിൽ ടൂറിസവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടാനുള്ള കാര്യത്തിൽ നമ്മുടെ നാട് പതിനഞ്ച് വർഷം പുറകോട്ടാണ്.
ബാങ്കോക്ക് എക്സ്പ്രസ് വേയിൽ കയറുന്നതിനു മുന്നേ ഡിന്നറിന് വേണ്ടി ബസ്സ് ഭക്ഷണശാലകൾക്ക് മുന്നിലായി നിന്നു. കുട്ടികളുടെ നിർബന്ധ പ്രകാരം McDonald’s നിന്നും ബർഗറും ഫ്രൈസുമായി അത്താഴം കുശാൽ. പുറത്തെ കടയിൽ നിന്നും കോക്കനട്ട് ജെല്ലി വാങ്ങി കഴിച്ച് ബാങ്കോക്കിലേക്ക് യാത്ര തുടർന്നു.
ഏതാണ്ട് പത്ത് മണിയോടെ ബാങ്കോക്കിലെ solitaire ഹോട്ടലിൽ എത്തി ചെക്കിൻ ചെയ്തു. ശേഷം നാനാ സ്ടീട് വരെ ഒരു നടത്തം. അൽപ്പം ഷോപ്പിംഗ്. ശേഷം തിരിച്ചെത്തി കുളിയും കഴിഞ്ഞ് ഒരുറക്കം.

നാലാം ദിവസം
ബുദ്ധ ടെമ്പിൾ, ഷോപ്പിംഗ്, ഡിന്നർ ക്രൂയിസ്

Solitaire ഹോട്ടലിൽ നിന്നുള്ള Breakfast സ്പ്രെഡ് നല്ലതായിരുന്നു.രാവിലെ 9 30 ആയപ്പോഴേ എല്ലാവരും തയാറായി വന്നു.ക്ഷേത്രനഗരിയായ തായ്‌ലൻഡിൽ ഞങ്ങൾ സന്ദർശിച്ചത് ഗോൾഡൺ ബുദ്ധ ക്ഷേത്രവും ശേഷം മാർബിൾ ക്ഷേത്രവുമാണ്. 5500 കിലോ ഗോൾഡ് കൊണ്ട് പണിതതാണ് ബൗദ്ധ ക്ഷേത്രത്തിലെ പ്രതിമ പാദരക്ഷകൾ അഴിച്ചു കൊണ്ടും സൺ ഗ്ലാസുകളും തൊപ്പിയും മാറ്റിയിട്ട് വേണം സന്ദർശനം നടത്താൻ. സന്ദർശന തിരക്കിനിടയിലും ഒന്ന് കണ്ണടച്ചാൽ ബുദ്ധ ചൈതന്യം നേരിട്ട് അനുഭവിച്ചറിയാം. ദർശനത്തിന് ശേഷം പുണ്യാഹം ലഭിക്കും. ക്ഷേത്രാങ്കണത്തിൽ തന്നെ നിരവധി വാണിജ്യ സ്ഥാപനങ്ങൾ കാണാം.
ഒരുപാട് കഥകൾ പറയാനുള്ള മാർബിൾ ബുദ്ധ ക്ഷേത്രത്തിലാണ്

അവിടെ നിന്നും ഞങ്ങൾ പോയത്. വിവിധ ഭാവങ്ങളിലും മേഖലകളിലായി ക്ഷേത്രത്തിന് ചുറ്റുമുള്ള 54 പ്രതിമകൾ കണ്ട് വലം വച്ച് നടന്നു. ഒരു മണിക്കൂർ സന്ദർശനത്തിന് ശേഷം ഷോപ്പിങ്ങിനായി പ്ലാറ്റിനം ഫാഷൻ മാളിൽ ഷോപ്പിങ്ങിനായി വിട്ടു.അഞ്ച് മണിക്ക് തിരിച്ചെത്താനായിരുന്നു നിർദ്ദേശം.ഏഴ് നിലകളിൽ നിരവധി കടകൾ.

 

വസ്ത്രങ്ങളും ആഭരണങ്ങളും ബാഗുകളും മറ്റുമായി തിരക്കേറിയ മാൾ. ലോകത്തിൻ്റെ ഫാഷൻ സ്റ്റേറ്റ്മൻ്റ് ഇവിടെയാണ് തുടങ്ങുന്നതത്രെ. ഷോപ്പിങ്ങിന് ശേഷം കുട്ടികൾക്കു കഴിക്കാനായി ആറാം നിലയിലെ ഫുഡ് കോർട്ടിലേക്ക്. പതിവ് പോലെ ബനാന പാൻ കേക്കും KFC യിലെ ഫുഡും. ഭക്ഷണശേഷം ഒന്നു കൂടെ ചുറ്റിക്കറങ്ങി മാളിന് വെളിയിൽ വന്ന് പുറത്തുള്ള സ്‌ട്രീട് ഫുഡിൽ നിന്നും ജ്യൂസും കൗതുകം തോന്നിയ മറ്റ് ചിലതും വാങ്ങി കഴിച്ചു. ഏതാണ്ട് അഞ്ച് മണിയോടെ ബസ്സിലേക്ക് തിരിച്ചു.അവിടെനിന്നും നേരേ ചാവോ പ്രായ നദിയിലേക്ക് പോയി. രാത്രി 7 30 ൻ്റെ ഡിന്നർ ക്രൂയിസാണ് ലക്ഷ്യം. ബാങ്കോക്കിൻ്റെ ഹൃദയത്തെ വകഞ്ഞു മാറ്റി ചാവോ പ്രായ ഒഴുകുന്നു. ഡിന്നർ തുടങ്ങാൻ കുറച്ചു നേരം കൂടിയുണ്ട്. അവിടെ ഫെറിക്ക് അടുത്തുള്ള മാളിൽ ചുറ്റി നടന്നു തിരിച്ചെത്തിയപ്പോഴേക്കും ഫെറിയിൽ ഡാൻസിംഗ് വാട്ടർ ഫൗണ്ടൻ ആരംഭിച്ചിരുന്നു. മ്യൂസിക്കിൻ്റെ ബീറ്റിനനുസരിച്ച് ഉയർന്നു താഴുന്ന ഫൗണ്ടൻ. ആ കാഴ്ചകൾ തന്നെ ഡിന്നറിൻ്റെ മൂഡ് സെറ്റ് ചെയ്തിരിക്കുന്നു. പറഞ്ഞു നിന്നപ്പോഴേക്കും ഞങ്ങൾക്ക് യാത്ര ചെയ്യാനുള്ള ആഢംബര നൗക വന്നു നിന്നു. എടുപ്പിലും ഒഴുക്കിലും രാജകീയത തോന്നുന്ന പ്രിൻസസ് 1.

താഴത്തെ ഡെക് എയർ കണ്ടീഷൻ ചെയ്തതാണ്. മുകളിലെ ഓപ്പൺ ഡെക്കിലാണ് കാഴ്ചാ വിസ്മയം.നമുക്ക് വേണ്ടി ഒരുക്കിയതും മുകളിലെ ഡെക്ക് തന്നെ. ബാങ്കോക്ക് നഗരത്തിലെ പ്രധാന നിർമ്മിതികൾ എല്ലാം ചാവോ പ്രായയുടെ തീരത്ത് തന്നെ. നനുത്ത കാറ്റേറ്റ് പ്രകാശ പൂരിതമായ നിർമ്മിതികൾ കാണുന്നത് എത്ര മനോഹരമായിരിക്കും? ബാങ്കോക്ക് നഗരത്തിലെ നിശാ സൗന്ദര്യം

ആസ്വദിച്ച് കൊണ്ട് സ്വാദിഷ്ടമായ ആഹാരവും പാനീയങ്ങളും ആവോളം നുകർന്ന് കൊണ്ട് മനസ്സും ശരീരവും തണുപ്പിച്ച് കൊണ്ട് ഒരു സ്വപ്ന യാന യാത്ര. ഹരം പകരാൻ ഡീ ജെ പാർട്ടിയുമായി ഒരുന്മാദ രാവ്. എത്രയോ അകലെയുള്ള ബാങ്കോക്ക് നഗരത്തിലെ ഹൃദയഭാഗത്ത് തല്ലുമാലയിലെ ഗാനങ്ങൾക്ക് ചുവട് വയ്ക്കുന്നത് സ്വപ്നമാവാതിരിക്കാൻ തരമുണ്ടോ? അങ്ങനെ മറ്റൊരു മനോഹര ദിനത്തിന് കൂടി തിരശ്ശീല വീണു.

അഞ്ചാം ദിവസം
സാഫാരി പാർക്ക്,ഗുഡ് ബൈ തായ്‌ലൻഡ്

തായ്ലാൻഡിനോട് യാത്ര പറയണമല്ലോ എന്ന വിമുകതയോടെയാണ് അഞ്ചാം ദിവസത്തിലേക്ക് ഉറക്കമുണർന്നത്. സഫാരി പാർക്കിലെ ഷോകൾ രാവിലെ തന്നെ ആരംഭിക്കും. 9 30 ന് തന്നെ ചെക്ക് ഔട്ട് ചെയ്യണം. പെട്ടികൾ പാക് ചെയ്ത് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഒൻപതര ആയപ്പോഴേക്കും പാർക്കിലേക്കുള്ള യാത്ര ആരംഭിച്ചു.
സാഫാരി വേൾഡ്, മറൈൻ വേൾഡ് എന്നിങ്ങനെ രണ്ട് വിഭവങ്ങളായാണ് അവിടത്തെ കാഴ്ചകൾ. സാഫാരി വേൾഡ് എന്ന ഓപൺ മൃഗശാലയിലേക്കാണ് ആദ്യം പോയത്. നമ്മൾ വാഹനത്തിലും മൃഗങ്ങൾ അവരുടെ സ്വാഭാവിക അവസ്ഥയിലും. ബാംഗ്ലൂരിലെ ബെന്നർഘട്ട നാഷണൽ പാർക്കിലെ പോലെ.
സിംഹവും ജിറാഫും കരടിയും പുലിയും മറ്റ് പക്ഷിമൃഗാദികളെയും കണ്ട് ഒരു യാത്ര. കുട്ടികളെലാം ഈ യാത്ര വളരെ ആസ്വദിക്കുന്നുണ്ട്

സാഫാരി വേൾഡിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ അവിടത്തെ പ്രധാന ആകർഷണമായ മറൈൻ വേൾഡിലേക്ക് തിരിച്ചു. ഒരാങ് ഗുട്ടൻ ഷോ, ഡോൾഫിൻ ഷോ, സീ ലയൺ ഷോ, സ്പൈ വാർ ഷോ അങ്ങനെ ഒരുപാട് കാഴ്ചകൾ. അങ്ങനെ ഒരുപാട് കാഴ്ചകൾ മറൈൻ വേൾഡിലുണ്ട്.എയർപോർട്ടിലേക്ക് ഒരുമണിക്കൂറിൽ കുറയാത്ത യാത്രയുണ്ട്. നാലു മണിക്കെങ്കിലും പരമാവധി ഷോകൾ കണ്ടിറങ്ങണം. എട്ട് മണിക്കാണ് റിട്ടേൺ ഫ്ലൈറ്റ്.

കാണണമെന്ന് ആഗ്രഹിച്ച ഒറാങ്കുട്ടൻ ഷോ 10 : 15 ആയതിനാൽ അത് മിസ്സായി.11 45ൻ്റേ സ്പൈ വാർ ഷോയാണ് ആദ്യത്തെത്ത്. ഏതാണ്ട് അരമണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസ് ആക്ക്ട്. ആക്ഷൻ സീനുകളും വെടിയും പുകയും….
സ്റ്റേജിനുള്ളിലെ തടാകത്തിൽ സ്പീഡ് ബോട്ടുകൾ വന്നു സ്കിഡ് ചെയ്യുമ്പോൾ മുൻ നിരയിലെ കാണികൾക്ക് മുകളിൽ വെളളം ചീറ്റി തെറിച്ചു. തിയേറ്ററിൻ്റേ ഒറ്റ നടുവിൽ ഇരുന്ന് ഷോ കാണാൻ കഴിഞ്ഞു.

ഇനിയുള്ളത് 1:30 ൻ്റേ ഡോൾഫിൻ ഷോയാണ്.പത്രണ്ടര മണിയായപ്പോഴേക്കും പാർക്കിനുള്ളിൽ ഒരുക്കിയ ഇന്ത്യൻ ബുഫെ ലഞ്ച് കഴിക്കാനായി നടന്നു. അത്ര മികവൊന്നും ആ ലഞ്ചിന് അവകാശപ്പെടാനാവില്ല. ലഞ്ച് തീർത്ത് ഒറ്റ നടുക്ക് തന്നേ ഡോൾഫിൻ ഷോയിക്ക് വന്നിരുന്നു. കുഞ്ഞുങ്ങളെയും മുതിർന്നവരെയും ഒരുപോലെ ഹരം പിടിപ്പിക്കുന്നതാണ് ഡോൾഫിൻ ഷോ. അത്രത്തോളം മനോഹരമായി ഡോൾഫിനുകൾ ഇൻസ്ട്രക്ടറുടെ കമൻ്റുകൾ ഫോളോ ചെയ്യുന്നത് അത്ഭുതത്തോടെയല്ലാതെ നോക്കി നിൽക്കാൻ കഴിയില്ല.

2 :15 ൻ്റെ സീ ലയൺ ഷോ ആയിരുന്നു അടുത്ത പരിപാടി.ഏതാണ്ട് ഡോൾഫിൻ ഷോയുടെ അതേ പേറ്റെണിൽ നീർനായകളെ ഓർക്കാസ്റ്റേഷൻ ചെയ്യുന്ന മറ്റൊരു ഷോ. പരിപാടിക്ക് രസം പകരാൻ സീ ലയാണുകൾ കയ്യടിക്കുകയും തമാശകൾ കാണിക്കുകയും ചെയ്യുന്നു. അസാമാന്യ മേയ്വഴക്കമുള്ള ജീവികളാണ് അവ.

ഇന്നത്തെ ഐറ്റ്നറിയിലെ അവസാന ഷോയായ കൗവ് ബോയ് സ്റ്റണ്ട് ഷോ ആയിരുന്നു അടുത്തത്. ആക്ക്ഷൻ പാക്ക്ഡ് ഹ്യൂമർ ഷോ.മൃഗങ്ങളുടെയും മനുഷ്യരുടെയും അസാധ്യ പെർഫോമൻസുകൾ. കാഴ്ചക്കാരെ രസിപ്പിച്ച ആ ഷോ അര മണിക്കൂറിൽ അവസാനിച്ചു.


ഷോ കണ്ടിറങ്ങിയ ശേഷം മുന്നേ പറഞ്ഞുറപ്പിച്ച മീറ്റിംഗ് പോയിൻ്റിൽ എല്ലാവരും ഒത്തു ചേർന്നു. ട്രിപ് അവസാനിക്കുന്നതിൻ്റെ വിഷമം എല്ലാർക്കും ഉണ്ടായിരുന്നു. മീറ്റിങ്ങ് പോയൻ്റിൽ എല്ലാവരും കൂടി ഒരു ഫോട്ടോ എടുക്കലും ഹരീസിക്ക ആവശ്യപ്പെട്ടത് പ്രകാരം ഒരു ചെറിയ ഫീഡ് ബാക്ക് വീഡിയോയും.
തിരിച്ചുള്ള യാത്രയിൽ, ഹാരീസിക്ക ട്രിപ്പിനെ ക്കുറിച്ചും റോയൽ സ്കൈയെ ക്കുറിച്ചും വിശദമായ ഫീഡ് ബാക്ക് ചോദിക്കുന്നുണ്ടായിരുന്നു.

ഒന്നൊഴിയാതെ എല്ലാവരും ആത്മാർത്ഥമായി നല്ല റിവ്യൂസ് കൊടുക്കുകയുണ്ടായി. കസ്റ്റമർ സെൻ്ററിക്കായ അവരുടെ സർവീസിനെ എത്ര അഭിനന്ദിച്ചാലാണ്….
അങ്ങനെസുഖകരമായ ഓർമ്മകളുടെ ഭാണ്ഡകെട്ടുകളുമായി ഞങ്ങൾ വിമാനത്താവളത്തിലെത്തി. അത്താഴത്തിന് ഹാരിസിക്ക ചിലവ് കുറഞ്ഞ ഓപ്ഷനായ 7 ഇലവനിലെ പ്രീ കുക്ക് ഓപ്ഷൻ സജ്ജസ്റ്റ് ചെയ്തിരുന്നു. ഈ അഞ്ച് ദിനങ്ങളിൽ സ്നാക്സിനും മറ്റും സെവൻ ഇലവനിൽ പോവാത്ത ദിവസങ്ങൾ ഇല്ലെന്ന് പറയാം. എയർപോർട്ടിലെ ചെക്കിന്നും കഴിഞ്ഞ് ഞങ്ങളെ ഇമിഗ്രേഷനിൽ കയറ്റി വിട്ട ശേഷമാണ് ഹാരീസിക്കയും റ്റാനും മടങ്ങിയത്. എത്ര കരുതലും പരിഗണനയുമാണ് അവർ ഓരോ കാര്യത്തിലും ഞങ്ങൾക്ക് നൽകിയത്.

ഇമിഗ്രേഷനും സെക്യൂരിറ്റി ചെക്കിനും ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഷോപ്പിങ്ങും തീർത്ത് ഞങ്ങൾ ഗേറ്റ് നമ്പർ 25 ലേക്ക് നടന്നു. 7: 30 ന് തന്നെ ബോർഡിംഗ് ആരംഭിച്ചു. 8 മണിക്ക് തന്നെ ടേക്ക് ഓഫ്….

വന്നിറങ്ങുമ്പോൾ തായ്‌ലൻഡ് നമുക്കൊരു അപരിചിത ഭൂമിയാണ്. എന്നാൽ മടക്കത്തിൽ വിമാനം തായ് മണ്ണിൽനിന്നുയരുമ്പോൾ വല്ലാത്ത വികാര തള്ളിച്ചയാണ് മനസ്സിൽ. ആ നാട് നമ്മളെ പിന്നിൽ നിന്നും ഉടക്കി വലിക്കും പോലെ. കണ്ണുകളോളം ഒരു ക്യാമറയും മുഴിവിൽ കാഴ്ചകൾ പകർത്തുന്നില്ല. മനസ്സിനോളം അത് പകർത്താൻ പോന്ന മെമ്മറി കാർഡുകൾ ഇല്ല. അതു കൊണ്ട് തന്നെ, കാഴ്ചകൾ പകർത്തുന്നവരെ നിങ്ങൾ കൺ നിറയെ കാഴ്ചകൾ കാണുക.മനസ്സിൽ പകർത്തിയതിന് ശേഷം ക്യാമറയിൽ പകർത്തുക. മിഴിവ് അൽപ്പം കുറഞ്ഞാലും ക്യാമറ കാഴ്ചകളിൽ പതിയുന്നവയെ മറവി വന്ന് മൂടില്ല. എക്കാലവും അവയ്ക്ക് ലൈഫുണ്ട്. പ്രത്യേകിച്ച് മധുരമുള്ള ഓർമ്മകളിൽ അഭിരമിക്കുന്ന സാധാരണ മനുഷ്യരെ എത്രയാണ്ട് കഴിഞ്ഞാലും അത് ഈ ദിനങ്ങളിലേക്ക് ചുഴറ്റി എറിഞ്ഞു കൊണ്ടിരിക്കും.
ഹാരീസിക്കയും റ്റാനും റോയൽ സ്കൈയും യാത്രയിൽ ഉടനീളം പുലർത്തിയ കരുതൽ, സ്നേഹം, പിന്തുണ സ്വാസ്ഥ്യം എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ . ഇനിയൊരു യാത്രയെ പറ്റി ചിന്തിക്കുമ്പോൾ റോയൽ സ്കൈയിൽ നിന്നും മാറിചിന്തിക്കാനാവാത്ത വിധം അവർ ഞങ്ങളെ അതിശയിപ്പിച്ചിടുണ്ട്.

ഈ ദിവസങ്ങൾക്കിടയിൽ ഞങ്ങൾക്ക് വളരെ വിഷമമുണ്ടാക്കിയതാണ് കുഞ്ഞു വിഹാൻ്റെ കൈവിരൽ ഡോറിനടിയിൽ പെട്ട് ഒരുപാട് മുറിഞ്ഞതാണ്. ഓടിയെത്തിയ ഹരീസിക്കയും കുഞ്ഞിനെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു തുന്നിച്ചു. മടങ്ങി പോവാൻ തുടങ്ങിയ കുടുംബത്തോട് ഹാരിസ്സിക്ക നൽകിയ ധൈര്യവും പിന്തുണയും ഹോസ്പിറ്റലിൽ നടത്തിയ ഫോളോ അപ്പുകളുമെല്ലാം എടുത്ത് പറയേണ്ടതാണ്. ഒരു പക്ഷെ തനിച്ച് യാത്ര ചെയ്യുന്നവർ നാട്ടിലേക്ക് മടങ്ങിയേക്കാവുന്ന എത്ര അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം.

കണ്ടകാഴ്ചകൾ മനോഹരം കാണാത കാഴ്ചകൾ അതിമനോഹരം എന്നാണല്ലോ. ഒരു യാത്ര പറച്ചിലും അവസാനത്തേതല്ല. വീണ്ടും മടങ്ങി വരുന്നതിനുമുൻപുള്ള അർദ്ധ വിരാമം.
തായ് കാഴ്ചകൾ പത്ത് ശതമാനം പോലും കണ്ട് തീർന്നിട്ടില്ല. ഇന്നിപ്പോൾ നാട്ടിലിരിക്കുമ്പോൾ വല്ലാത്തൊരാവേശത്തോടെ സയാം വീണ്ടും വിളിക്കുന്നുണ്ട്….

കാണാത പുതിയ കാഴ്ചകൾ കാണാൻ…
കണ്ട കാഴ്ചകൾ പുതുക്കാൻ…
സ്നേഹം വാരി വിതറിക്കൊണ്ട്….
സവാദീ കാ ആശംസിച്ചു കൊണ്ട്…

===========================

 

അജിത്ത് രാജ്

3 thoughts on “സയാമിൻ്റെ മണ്ണിൽ – By അജിത്ത് രാജ്”

  1. Babu

    Super brother very saport Harris machaan

  2. Praveen

    How much will be the approximate cost entire trip

Leave a Reply

Your email address will not be published. Required fields are marked *

Go to top