Pattaya

Four Must Visit Places in Thailand

by June 28, 2022

ബാങ്കോക്ക്

കിഴക്കനേഷ്യയുടെ പ്രവേശന കവാടമാണ് ബാങ്കോക്ക്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കോസ്മോപൊളിറ്റിക്കൽ നഗരങ്ങളിലൊന്ന്. വാസ്തു വിസ്മയം തീർത്ത ബൗധ പഗോഡകളും ശില്പ ചാതുര്യം വിളിച്ചോതുന്ന ക്ഷേത്രങ്ങളും ആഘോഷ രാവുകൾ ഒരുക്കുന്ന തെരുവുകളും തനത് തായ് വിഭവങ്ങളുടെ രുചി നിറച്ച ഭക്ഷണ ശാലകളും ബാങ്കോക്കിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. ക്രുങ് തെപ്പ് എന്ന് തദ്ദേശീയ ഭാഷയിൽ അറിയപ്പെടുന്ന ബാങ്കോക്ക് , സഞ്ചാരികൾക്കിടയിൽ മാലാഖ മാരുടെ നഗരം എന്ന് അറിയപ്പെടുന്നു. പുതു ജീവിതം ആരംഭിക്കാൻ വരുന്ന നവമിഥുനങ്ങളെയും അർദ്ധ ജീവിതം കഴിഞ്ഞ് ജീവിതം ആഘോഷിക്കാൻ വരുന്ന മധ്യവയസ്സകരെയും ഒരേ പോലെ സ്വാഗതം ചെയ്യുന്ന സ്വപ്ന ഭൂമി. നഗര വീഥികൾക്ക് സമാനമായി നിരയൊപ്പിച്ച് നിർമ്മിച്ച കനാലുകളും ആകാശത്തെ ചുംബിച്ചു നിൽക്കുന്ന ബഹുനിലകെട്ടിടങ്ങളും ഷോപ്പിംഗ് വിസ്മയമായ ഏഷ്യാട്ടിക്ക് എന്ന തുറന്ന മാളും സന്ധ്യ മയങ്ങിയാൽ സജീവമാവുന്ന രാത്രി മാർക്കറ്റുകളും അങ്ങനെ അത്ഭുത കാഴ്ചകളുടെ സംഗമഭൂമി ഒരുക്കുകയാണ് ബാങ്കോക്ക്.

പട്ടായ

ആഘോഷ രാവുകളുടെ പറുദീസയാണ് പട്ടായ. തായ്ലാൻഡ് എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ ഏത് സഞ്ചാരിക്കും ആദ്യം ഓർമ്മയിൽ എത്തുന്ന പേരുകളിൽ ഒന്നാണ് പട്ടായ.തിരകളെ തൊട്ട് തലോടിയുള്ള ജെറ്റ് സ്കീ യാത്രകളും ദ്വീപാലങ്കൃതമായ തെരുവുകളിലൂടെയുള്ള രാത്രി കാഴ്ച്ചകളും രുചിപ്പെരുമയുടെ തായ് വൈവിധ്യവും വശ്യ സൗന്ദര്യത്തിൻ്റെ പ്രതീകമായ തായ് പെൺകൊടികൾ നിറഞ്ഞ ചുവന്ന തെരുവുകളും സഞ്ചാരികളുടെ മനസ്സിൽ ആവേശത്തിൻ്റെ അലയടികൾ സൃഷ്ടിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരിയാണ് നിങ്ങൾ എങ്കിൽ പട്ടായ കടൽ തീരത്ത് ഒരുക്കിയ ധാരാളം സാഹസിക വിനോദങ്ങളിൽ ഏർപ്പെടാം.ഭഷ്യ വൈവിധ്യങ്ങളും കടൽ തീരങ്ങളും ഉറങ്ങാത്ത തെരുവോരങ്ങളും ജനനിബിഡമായ മാർക്കറ്റുകളും അങ്ങനെ കാഴ്ചകളുടെ പറുദീസ തന്നെ പട്ടായ ഒരുക്കുന്നുണ്ട്.

 

ഫുക്കറ്റ്

തായ്‌ലൻഡിൻ്റെ സ്വർഗ്ഗതുരുത്താണ് ഫുക്കറ്റ്. സ്വർണ്ണ നിറത്തിലുള്ള മണൽ പരപ്പും ഇളം നീലകാശവും പച്ചതുരുത്തുകളും ഇഴുകി ചേർന്ന, കടലോര വിനോദ സഞ്ചാരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്രങ്ങളിൽ ഒന്ന്. ദക്ഷിണ തായ്ലൻഡിലെ 32 ദ്വീപുകൾ അടങ്ങിയ ഒരു കൂട്ടം ചെറു ദ്വീപസമൂഹത്തിൽ ഏറ്റവും വലുതാണ് ആൻഡമാൻ കടലിലെ മുത്ത് എന്നറിയപ്പെടുന്ന ഫുക്കറ്റ്. മണൽമെത്ത ഒരുക്കിയ കടലോരങ്ങളും നിത്യഹരിത സസ്യങ്ങൾ നിറഞ്ഞ മഴക്കാടുകളും ജലവിനോദത്തിനു പേരുകേട്ട കടൽ പരപ്പും സമന്വയിക്കുന്ന ഫുക്കറ്റ് ദ്വീപിനെ സഞ്ചാരികളുടെ സ്വർഗ്ഗ തുരുത്തായി മാറ്റുന്നു.

ക്രാബി

ഒരു കവിതപോലെ ഒഴുകുകയാണ് ക്രാബി. വെൺ പട്ട് വിരിച്ച മണൽതീരങ്ങളും കടലിന് കാവലായി നിൽക്കുന്ന കൂറ്റൻ ലൈം സ്റ്റോൺ കുന്നുകളും ഒരു കനവ് കണക്കെ മനോഹരമായ കണ്ടൽ വനങ്ങളും മോക്ഷഭൂമിയായി നിലകൊള്ളുന്ന ബൗദ്ധ പഗോഡകളും കാലാകാലങ്ങളായി മലയോരത്ത് തിരയടിച്ച് നിർമ്മിതമായ പ്രകൃതിദത്ത ചുണ്ണാമ്പ് ഗുഹകളും സമന്വയിക്കുന്ന അത്ഭുത ഭൂമി. പുഴയും കടലും കുന്നും ചേരുന്ന സംഗമ ഭൂമി. സാഹസിക യാത്രക്കാർക്കായുള്ള മല കയറ്റവും ജെറ്റ് സ്കീയും ആത്മീയത തേടി എത്തുന്നവർക്കുള്ള ക്ഷേത്രങ്ങളും പ്രകൃതിയുടെ വിസ്മയ ചെപ്പുകൾ തേടുന്നവർക്ക് നിഗൂഢ ഗുഹകളും തുരുത്തുകളും അങ്ങനെ എല്ലാതരം സഞ്ചാരികളെയും സ്വാഗതം ഒരിടമാക്കിമാറ്റുന്നു. ഒറ്റവാക്കിൽ ഒരു കവിതപോലെ ഒഴുകുന്ന മാസ്മരിക ഭൂമി.

Leave a Reply

Your email address will not be published. Required fields are marked *

Go to top