റൺവേയില്ലാത്ത ലോകത്തിലെ ഏക ബീച്ച് എയർപോർട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

by September 10, 2020

എഴുത്ത് – പ്രകാശ് നായർ മേലില.

വിമാനത്തിൽ സഞ്ചരിച്ചിട്ടില്ലെങ്കിലും മിക്കവാറും ആളുകളെല്ലാം വിമാനത്താവളങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. ഒരു വിമാനത്താവളത്തിൽ ഏറ്റവും പ്രധാനമായും ഉള്ളത് നല്ലൊരു റൺവേ ആയിരിക്കും. വിമാനങ്ങൾ ഇറങ്ങുന്നതും പൊങ്ങുന്നതുമെല്ലാം ഈ റൺവേയിലൂടെ ഓടിയിട്ടാണ്. എന്നാൽ റൺവേ ഇല്ലാത്ത എയർപോർട്ടുകൾ ഉണ്ടോ? ഇല്ലെന്നു പറയാൻ വരട്ടെ, അങ്ങനെയൊരു എയർപോർട്ടിനെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്.

ലോകത്തെ അസാമാന്യമായ ഒരു വിമാനത്താവളം, റൺവേയില്ലാത്ത ലോകത്തെ ഏക എയർപോർട്ട് – “ബറ (Barra) എയർപോർട്ട്.” 1200 ഓളം ജനസംഖ്യയുള്ള ഇംഗ്ലണ്ട് അധീനതയിലുള്ള സ്‌കോട് ലാൻഡിലെ ബറ എന്ന ദ്വീപിന്റെ കടൽക്കരയാണ് ഈ വിമാനത്താവളം. റൺവേ ഇല്ലാത്തതിനാൽ വിമാനങ്ങൾ ഈ എയർപോർട്ടിൽ നേരെ മണലിലാണ് ലാൻഡ് ചെയ്യുന്നത്. ത്രികോണാകൃതിയിലുള്ള ഈ ബീച്ചിൽ വലിയ തടികൊണ്ടുള്ള തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. അതാണ് ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്കുള്ള അതിർത്തി സിഗ്നൽ. അതുപോലെത്തന്നെ ഈ എയർപോർട്ടിൽ വിമാനത്തിൽ നിന്നിറങ്ങുന്നവർ മണലിലൂടെ നടന്നാണ് റോഡിലെത്തേണ്ടത്.

20 സീറ്റുകളിൽ കൂടുതലുള്ള വിമാനങ്ങൾ ഇവിടെ വരാറില്ല. ഷെഡ്യൂൾ ചെയ്യപ്പെട്ട ചെറു വിമാനങ്ങളാണ് വരുന്നത്. ഗ്ളാസ്‌ഗോ എയർപോർട്ടിൽ നിന്ന് സ്‌കോട്ടിഷ് എയർവേസിന്റെ രണ്ടു ചെറുവിമാനങ്ങൾ ഇവിടെ ദിവസവും സർവീസ് നടത്താറുണ്ട്. കൂടാതെ ഷെഡ്യൂൾ സർവീസുകളും ഉണ്ട്. കടൽക്കരയിൽ ഒരു ചെറിയ കെട്ടിടമുണ്ട്. അതിനെ വേണമെങ്കിൽ ടെർമിനൽ എന്നുപറയാം. അവിടേക്കെത്താൻ റോഡോ, പാലമോ നിർമ്മിച്ചിട്ടില്ല. വിമാനമിറങ്ങുന്നവർ ബീച്ചിലെ മണലിലൂടെ നടന്ന് ഈ കെട്ടിടത്തിലെത്തിവേണം റോഡിലേക്കും വാഹനത്തിലേക്കും കയറേണ്ടത്.

1936 ലാണ് വ്യത്യസ്തമായ ബറ എയർപോർട്ട് പ്രവർത്തനമാരംഭിച്ചത്.ഈ എയർപോർട്ടിനെക്കുറിച്ചുള്ള മറ്റൊരു കാര്യം എന്തെന്നാൽ, വേലിയേറ്റം വന്നാൽ കടൽത്തിരകൾ മൂടപ്പെടുന്ന ഇവിടെ നിന്ന് പിന്നെ വേലിയിറക്കം വരെ വിമാനങ്ങൾ വരവും പോക്കുമുണ്ടാകില്ല. വേലിയേറ്റമുണ്ടാകുമ്പോൾ ഗ്ളാസ്ഗോയിലേക്കു സൂചനയെത്തപ്പെടുകയും അത് കഴിയും വരെ ഫ്‌ളൈറ്റുകളുടെ ഓപ്പറേഷൻ നിർത്തിവയ്ക്കുകയുമാണ് ചെയ്യുന്നത്.

രാത്രികാലങ്ങളിൽ ഇവിടെ വിമാന സർവ്വീസുകൾ ഉണ്ടാകാറില്ല. പക്ഷെ എന്തെങ്കിലും അടിയന്തിര സാഹചര്യത്തിൽ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്യേണ്ട അവസ്ഥ വരികയാണെങ്കിൽ വാഹനങ്ങൾ ലൈറ്റിട്ടു പ്രകാശിപ്പിച്ചാണ് റൺവേ സൂചന കൊടുക്കുന്നത്.

PrivateFly.com എന്ന വെബ്‌സൈറ്റ് 2011 ൽ നടത്തിയ സർവ്വേയിൽ ബറാ എയർപോർട്ട് ഒന്നാമത് എത്തിയിരുന്നു. ഇത്രയും ബുദ്ധിമുട്ടുകളുണ്ടായിട്ടും, പ്രതികൂല സാഹചര്യങ്ങളെയും മറ്റും നേരിട്ട് സർവ്വീസുകൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നതിനുള്ള ഒരു അംഗീകാരം കൂടിയായിരുന്നു ഈ റേറ്റിങ്.

Leave a Reply

Your email address will not be published.

Go to top