air India express

മലയാളികളുടെ സ്വന്തം എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ ചരിത്രം

by October 23, 2020

ഇന്ത്യയിലെ ഒരു ലോകോസ്റ്റ് എയർലൈനാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്. ഇന്ത്യയുടെ നാഷണൽ ഫ്ലാഗ് കാരിയറായ എയർ ഇന്ത്യയുടെ ഒരു അനുബന്ധ എയർലൈനാണിത്. എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.

ഗൾഫ് രാജ്യങ്ങളിലേക്ക് ലോകോസ്റ്റ് എയർലൈൻ സർവ്വീസുകൾ വേണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന് 2005 ഏപ്രിൽ മാസത്തിലാണ് എയർ ഇന്ത്യയുടെ ഒരു അനുബന്ധ എയർലൈനായി എയർ ഇന്ത്യ എക്സ്പ്രസ്സ് ആരംഭിക്കുന്നത്. ബോല്ലിയോൺ ഏവിയേഷൻ സർവീസസിൽ നിന്നും വായ്പ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ ബോയിംഗ് 737 വിമാനമുപയോഗിച്ചു കൊണ്ട് തിരുവനന്തപുരം – അബുദാബി റൂട്ടിലായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ ആദ്യ സർവ്വീസ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പ്രധാന ഓപ്പറേഷനുകൾ. മിഡിൽ ഈസ്റ്റ്, ഗൾഫ് രാജ്യങ്ങളിലേക്കും, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കുമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസുകൾ നടത്തിയിരുന്നത്. പിന്നീട് എയർ ഇന്ത്യ എക്സ്പ്രസ്സ് മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകൾ പിൻവലിക്കുകയും ഗൾഫ് സർവ്വീസുകളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു.

കുവൈറ്റ്, ബഹ്‌റൈൻ, മസ്കറ്റ്, സലാല, ദോഹ, ദമാം, റിയാദ്, അബുദാബി, അൽഐൻ, ദുബായ്, റാസൽഖൈമ, ഷാർജ്ജ, സിംഗപ്പൂർ എന്നീ അന്താരാഷ്ട്ര ലക്ഷ്യകേന്ദ്രങ്ങളിലേക്കാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്സുകൾ സർവ്വീസ് നടത്തുന്നത്. കൂടാതെ ഇന്ത്യയിലെ ചില ആഭ്യന്തര റൂട്ടുകളിലും എയർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

തുടക്കം മുതലേ ബോയിങ് 737-800 മോഡൽ എയർക്രാഫ്റ്റുകളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് തങ്ങളുടെ സർവ്വീസുകൾക്കായി ഉപയോഗിച്ചു വരുന്നത്. 2020 ലെ കണക്കനുസരിച്ച് 24 ബോയിങ് 737 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ ഫ്‌ലീറ്റിലുണ്ട്. ഓരോ എയർ ഇന്ത്യാ എസ്ക്പ്രസ്സ് വിമാനത്തിന്റെയും ചിറകിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം, ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

കുറഞ്ഞ ടിക്കറ്റ് ചാർജ്ജിന് യാത്രക്കാർക്ക് ലഘു ഭക്ഷണങ്ങളും ചായയും വെള്ളവുമെല്ലാം ഉപചാരമായി എയർ ഇന്ത്യ എക്സ്പ്രസ്സ് നൽകുന്നുണ്ട്. ഇതുകൊണ്ടുതന്നെ മറ്റു ഇന്ത്യൻ ലോകോസ്റ്റ് എയർലൈൻസുകളെ അപേക്ഷിച്ച്, യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സാണ് എന്നു പറയാം.

ചരിത്രത്തിൽ രണ്ടു വലിയ അപകടങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് നേരിട്ടിട്ടുള്ളത്. 2010 ൽ 158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം ദുരന്തവും, 2020 ൽ 20 പേരുടെ ജീവനെടുത്ത കരിപ്പൂർ വിമാനദുരന്തവുമാണ് അവ.

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ പ്രധാന ഹബ്ബ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടാണ്. തിരുവന്തപുരം, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകൾ പ്രധാനപ്പെട്ട ബേസുകളും ആണ്. മലയാളികളാണ് എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ പ്രധാന കസ്റ്റമേഴ്സ്. അതുകൊണ്ടുതന്നെ മലയാളികളുടെ സ്വന്തം എയർലൈനായി എയർ ഇന്ത്യ എക്സ്പ്രസ്സിനെ വിശേഷിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Go to top