Ramayana related places in Sri Lanka

ശ്രീലങ്കയും രാമായണവും- കാണാനേറെയുണ്ട്..!

by March 11, 2024

Ramayana Epic related Places in Sri Lanka

വെള്ളമണല്‍ വിരിച്ച കടല്‍ത്തീരങ്ങളും പ്രകൃതി സൗന്ദര്യവും ചരിത്രാവശിഷ്ടങ്ങളും കൊണ്ട് സമ്പന്നമായ രാജ്യം.
ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ടു പുരാണങ്ങളുടെ ഭാഗമായി തീര്‍ന്ന ക്ഷേത്രങ്ങളും കാഴ്ചകളും നിരവധിയാണ്. രാമായണ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നിരവധി ഇടങ്ങള്‍ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

 

ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇവിടുത്തെ ഇടങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം..

നുവാര ഏലിയ

ശ്രീലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഹില്‍ സ്റ്റേഷനുകളിലൊന്നാണ് നുവാര ഏലിയ. വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്. രാമായണവുമായി ബന്ധപ്പെട്ട ദിവ്യുമ്പോള, ഗായത്രി പീഠം, സീത അമ്മന്‍ ക്ഷേത്രം എന്നിവയാണ് ഇവിടെയുള്ളത്. രാവണന്റെ പുത്രന്‍ മേഘനാഥന് ശിവനെ തപസ്സു ചെയ്തു ശക്തി നേടിയ സ്ഥലമാണ് ഗായത്രി പീഠം എന്നാണ് വിശ്വാസം. സീതാദേവി, ശ്രീരാമന്‍, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് സീതാ അമ്മന്‍ ക്ഷേത്രം. രാവണന്‍ സീതയെ ബന്ദിയാക്കി പാര്‍പ്പിച്ച അശോക വാടികയുടെ സ്ഥലമാണെന്നും ക്ഷേത്രത്തിന് അടുത്തുള്ള നദി സീത കുളിച്ച സ്ഥലമാണെന്നും വിശ്വസിക്കപ്പെടുന്നു. നുവാരേലിയയില്‍ നിന്ന് 20 കിലോമീറ്റര്‍ മാറിയാണ് സീതാദേവി ‘അഗ്‌നി’ പരീക്ഷയ്ക്ക് വിധേയയായ സ്ഥലം. രാമനോട് തന്റെ നിരപരാധിത്വവും പരിശുദ്ധിയും തെളിയിച്ച സ്ഥലം കൂടിയാണതെന്നും വിശ്വസിക്കപ്പെടുന്നു.

കൊളംബോ

രാമായണവുമായി ബന്ധപ്പെട്ട രണ്ടു ക്ഷേത്രങ്ങളാണ് ആഞ്ജനേയര്‍ ക്ഷേത്രവും കേളനിയ ക്ഷേത്രവും. ശ്രീലങ്കയിലെ ആദ്യത്തെ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രമായ ഇവിടെ ഹനുമാന് രഥവും സമര്‍പ്പിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നാണ് ഇവിടെ നടക്കുന്ന രഥോത്സവം. കേളനിയ ആണ് കൊളംബോയില്‍ സന്ദര്‍ശിക്കേണ്ട മറ്റൊരിടം. രാവണനെ വധിച്ച ശേഷം വിഭീഷണനെ ശ്രീലങ്കയുടെ രാജാവായി ലക്ഷ്മണന്‍ പട്ടാഭിഷേകം നടത്തിയ സ്ഥലമാണിത്. വിഭീഷണന്റെ കിരീടധാരണം ചിത്രീകരിക്കുന്ന ചുവര്‍ചിത്രങ്ങള്‍ ഇവിടെ കാണാം. ബുദ്ധമതവിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലവും കൂടിയാണിത്. ബുദ്ധന്‍ സന്ദര്‍ശിച്ച ശ്രീലങ്കയിലെ മൂന്നിടങ്ങളില്‍ ഒന്നും ഇതാണ്.

ട്രിങ്കോമാലി

ശ്രീലങ്കയിലെ രാമായണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റൊരു പ്രധാന സ്ഥലമാണ് ട്രിങ്കോമാലി. തിരുകോണേശ്വരം ക്ഷേത്രത്തിന്റെ ആസ്ഥാനമായാണ് ഇവിടം അറിയപ്പെടുന്നത്. ശ്രീലങ്കയിലെ പഞ്ച ഈശ്വരങ്ങളില്‍ ഒന്നായ ഇവിടെ വെച്ചാണ് ബ്രഹ്മഹത്യ പാപത്തില്‍ നിന്നും മോചനം നേടുവാനായി ശ്രീരാമന്‍ രണ്ടാമത്തെ ലിംഗം പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.

റാംബോഡ

ഹനുമാന്‍ സീതയെ അന്വേഷിച്ചെത്തിയ സ്ഥലമാണ് റാംബോഡ. ഭക്ത ഹനുമാന്‍ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. രാമന്‍, സീത, ലക്ഷ്മണന്‍ എന്നിവര്‍ക്കൊപ്പം 16 അടി ഉയരത്തിലുള്ള ഹനുമാന്‍ വിഗ്രഹവും ഇവിടെയുണ്ട്. ശ്രീലങ്കയില്‍ രാവണന്റെയും രാമന്റെയും സൈന്യങ്ങള്‍ പരസ്പരം മുഖാമുഖം വന്ന ഇടം കൂടിയാണിത്. സീതാദേവിയുടെ കണ്ണുനീരില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് പറയപ്പെടുന്ന ‘സീത കണ്ണീര്‍കുളം’ എന്നൊരു കുളം സമീപത്തുണ്ട്. ശ്രീലങ്കന്‍ യാത്രയില്‍ രാമായണവുമായി ബന്ധപ്പെട്ട തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.

ഡോലുകണ്ട സഞ്ജീവനി പര്‍വ്വതം

രാവണനുമായുള്ള യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാന്‍ ഔഷധങ്ങള്‍ കൊണ്ടുവരാന്‍ രാമന്‍ ഹനുമാനോട് ആവശ്യപ്പെട്ടു. ഔഷധച്ചെടിയെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഹനുമാന്‍ സഞ്ജീവനി പര്‍വ്വതം മുഴുവന്‍ കൊണ്ടുവന്നു. ഈ യാത്രയില്‍ പറക്കുന്നതിനിടെ മലയുടെ ചില ഭാഗങ്ങള്‍ ലങ്കയിലെ ദോലുകണ്ട, റുമസ്സല, റിത്തിഗല, തള്ളടി, കച്ചത്തീവ് എന്നീ അഞ്ച് സ്ഥലങ്ങളില്‍ പതിച്ചു. ഇതിലൊന്നാണ് ഈ ഇടം. ഇതിന്റെ താഴെ പുരാതനമായ ഒരു ആശ്രമം നിലനിന്നിരുന്നതായാണ് വിശ്വാസം.

സീത കോട്ടുവ

സീത കോട്ടുവ എന്നാല്‍ സീതയുടെ കോട്ട എന്നാണ് അര്‍ത്ഥം. സീതാദേവി ഇവിടെ താമസിച്ചതിനാലാണ് ഈ പേര് ലഭിച്ചത്. സീതയെ തട്ടിക്കൊണ്ടുപോയ ശേഷം രാവണന്‍ ആദ്യമായി ബന്ദിയാക്കിയത് ഇവിടെയാണ് എന്നാണ് വിശ്വാസം. സീതാദേവിയെ അശോക വനികയിലേക്ക് മാറ്റുന്നതുവരെ ലങ്കാപുരയിലെ മണ്ഡോധരി രാജ്ഞിയുടെ കൊട്ടാരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. രാമായണ ഇടങ്ങളില്‍ ഏറ്റവും പ്രാധാന ഇടമാണ് സീത കോട്ടുവ.

സിഗിരിയ

മദ്ധ്യശ്രീലങ്കയില്‍ മാതലെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സിഗിരിയ ശ്രീലങ്കയുടെ എട്ട് ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ നാഗൂലിയ ഗുഹയിലാണ് കുറേ നാള്‍ രാവണന്‍ സീതയെ തടവില്‍ പാര്‍പ്പിച്ചത് എന്നാണ് വിശ്വാസം. രാവണന്റെ കൊട്ടാരത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. ഗുഹാഭിത്തികളില്‍ രാമായണ കാലഘട്ടത്തിലെ രംഗങ്ങളുടെ ചിത്രങ്ങളും ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Go to top