Goa-beach

ഗോവ : വൈവിധ്യങ്ങളുടെ പറുദീസ

by January 23, 2024

ട്രിപ്പ് പോകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരാണ് ഗോവ. വൈവിധ്യങ്ങള്‍ പറുദീസ തീര്‍ക്കുന്ന നാട്. ഒരു വശത്ത് പശ്ചിമഘട്ട മലനിരകള്‍, നിറയെ മരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍. മറുവശത്ത് കണ്ണാടി പോലെ തിളങ്ങുന്ന കടല്‍ തീരം. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്ര നിര്‍മ്മിതികള്‍, പോര്‍ച്ചുഗീസുകാര്‍ പണിത കോട്ടകളും വീടുകളും തുടങ്ങി കാഴ്ചയുടെ വിസ്മയ തീരമാണ് ഗോവ. പ്രകാശ പൂര്‍ണമാണ് ഒരോ തെരുവുകളും.

അഗോഡ കോട്ട

ഡച്ചുകാരില്‍നിന്നും മറാഠകളില്‍നിന്നുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ പണിതതാണ് മണ്ഡോവി നദിയുടെ പതനസ്ഥാനത്ത് അഗോധാ കോട്ട. 1612 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഈ കോട്ട ഇന്ന് പുരാവസ്തു സംരക്ഷണ വകുപ്പിന്റെ കീഴിലാണ്. ജലം എന്ന അര്‍ഥം വരുന്ന പോര്‍ച്ചുഗീസ് വാക്കായ ‘അഗ്വ’യില്‍ നിന്നാണ് കോട്ടയ്ക്ക് ഈ പേര് ലഭിച്ചത്. 20 ലക്ഷം ഗാലന്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ടായിരുന്ന ഒരു ജലസംഭരണി കോട്ടയില്‍ ഉണ്ടായിരുന്നു. ഇതുവഴി സഞ്ചരിച്ച കപ്പലുകള്‍ ശുദ്ധജലം ശേഖരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. കോട്ടയേക്കാള്‍ പ്രശസ്തമാണ് ഇവിടത്തെ ലൈറ്റ് ഹൗസ്. നാലു നിലകളിലായി കോട്ടയുടെ വിശാലതയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലൈറ്റ് ഹൗസ് 1864ലാണ് പണികഴിപ്പിച്ചത്.

സ്വിന്‍കറിം കോട്ട

കുന്നിന് മുകളിലുള്ള അഗോഡ കോട്ടയുടെ അനുബന്ധമായ സിന്‍ ക്വറിം കോട്ട മൂന്ന് കിലോമീറ്റര്‍ മാറി താഴെയാണ് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിലേക്ക് തള്ളി നില്‍ക്കുന്ന കോട്ട സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

ബോം ജീസസ് ബസിലിക്ക

1605 ല്‍ പണികഴിപ്പിച്ച ഈ ദേവാലയം ഗോവയുടെ ഗതകാല പ്രൗഢി വിളിച്ചോതുന്ന നിര്‍മിതിയാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവിടെയാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. 1552 ഡിസംബര്‍ മൂന്നിന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ മരണശേഷം ചൈനയിലെ ഷാങ്ചുവാന്‍ ദ്വീപിലാണ് അദ്ദേഹത്തെ ആദ്യം അടക്കിയത്. പിന്നീട് മൃതദേഹം മലാക്കയിലേക്ക് കൊണ്ടുപോവുകയും 1553 ഡിസംബറില്‍ ഭൗതികാവശിഷ്ടങ്ങള്‍ ഗോവയില്‍ തിരികെ എത്തിക്കുകയും ചെയ്തു. യാതൊരു കേടുപാടുകളും ഈ കാലം കൊണ്ട് മൃതദേഹത്തിനുണ്ടായിരുന്നില്ല. വെള്ളിപ്പേടകത്തിലാണ് ഭൗതികാവശിഷ്ടങ്ങള്‍ ബോം ജീസസ് ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്നത്. 10 വര്‍ഷത്തിലൊരിക്കല്‍ ചരമവാര്‍ഷിക ദിനത്തില്‍ തിരുശേഷിപ്പുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുണ്ട്. വലിയ കേടുപാടുകള്‍ ഒന്നും തന്നെ മൃതദേഹത്തിന് ഇപ്പോഴുമില്ല. 2024 നവംബര്‍ 21 മുതല്‍ 2025 ജനുവരി 5 വരെയാണ് തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്കായി ഇനി പുറത്തെടുക്കുന്നത്. വളരെ മനോഹരമായ അള്‍ത്താരയും മാര്‍ബിള്‍ പാകിയ തറകളും ദേവാലയത്തിന് പ്രൗഢിയേകുന്നു.

സേ കത്ത്രീഡലും ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും

ഏഷ്യയിലെ തന്നെ വലുപ്പമേറിയ കത്തീഡ്രലുകളില്‍ ഒന്നായ സേ കത്തീഡ്രല്‍ ബോം ജീസസ് ബസിലിക്കയുടെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ ദേവാലയം അലക്സാഡ്രിയയിലെ സെന്റ് കാതറീനാണ് സമര്‍പ്പിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ് ഭരണാധികാരി അല്‍ഫോണ്‍സോ ഡി അല്‍ബുക്കിര്‍ക്ക് ബീജാപുര്‍ സുല്‍ത്താനായിരുന്ന ആദില്‍ഷായെ പരാജയപ്പെടുത്തി ഗോവ പിടിച്ചെടുത്തത് സെന്റ് കാതറിന്റെ തിരുനാള്‍ ദിവസമായ നവംബര്‍ 25 ആയിരുന്നു. 250 അടി നീളവും 181 അടി ഉയരവുമുള്ള ഇവിടെയാണ് ഗോവയിലെ ഏറ്റവും വലിയ മണി സ്ഥാപിച്ചിരിക്കുന്നത്.

കത്തീഡ്രലിന് സമീപം ആയാണ് സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആര്‍ക്കിയോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അല്‍ഫോന്‍സോ ഡി അല്‍ബുക്കിര്‍ക്കിന്റെ വെങ്കല പ്രതിമയാണ് മ്യൂസിയത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 400 വര്‍ഷത്തെ പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ തിരുശേഷിപ്പുകള്‍ ഇവിടെ കാണാം.

ഫൗണ്ടന്‍ഹാസ്

ഫൊട്ടോഗ്രഫി പ്രേമികളുടെ ഇഷ്ട സ്ഥലമാണ് ഫൗണ്ടന്‍ഹാസ്. പല വര്‍ണത്തിലും രൂപത്തിലുമുള്ള ഇന്തോ -വെസ്റ്റേണ്‍ ശൈലിയിലുള്ള കെട്ടിടങ്ങള്‍ ഇവിടുത്തെ ആകര്‍ഷക കാഴ്ചയാണ്.

ഇന്ത്യയുടെ പുതിയ പാചക തലസ്ഥാനം എന്നാണ് ഗോവയെ ചിലര്‍ വിശേഷിപ്പിക്കുന്നത്. ഓരോ ആഴ്ചയിലും പുതിയ വിഭവങ്ങള്‍ കടന്നു വരും. റീചേഡോ മസാല ചേര്ത്തുണ്ടാക്കുന്ന മീന്‍ വിഭവം, റിസ്സോയിസ്, ഫോര്‍മിന്‍ഹാസ്, വോണ്‍, ഗോണ്‍ എന്നിവ ജനപ്രിയ പ്രാദേശിക രുചികളാണ്. നോണ്‍ വെജ് വിഭവങ്ങളില്‍ അവിടത്തെ മീന്‍ രുചികള്‍ ഹൃദയത്തില്‍ ചേക്കേറും. മീനാണ് അവിടെ എല്ലാം. ഞണ്ടും പ്രിയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Go to top