തായ്‌ലൻഡിലെ വിമാനത്താവളത്തിനു എന്തുകൊണ്ട് ‘സുവർണ്ണഭൂമി’ എന്ന പേരു വന്നു?

by August 17, 2019

തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു എയർപോർട്ടിന്റെ പേരാണ് ‘സുവർണ്ണഭൂമി.’ ബാങ്കോക്ക് നഗരത്തിൽ നിന്നും ഏകദേശം 25 കി.മീ. കിഴക്കായി സമുത് പ്രകാൻ പ്രവിശ്യയിൽ ബാങ് ഫിലി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. “ശ്ശെടാ സുവർണ്ണഭൂമി എന്നത് ഒരു മലയാളം വാക്കല്ലേ? ഇതെങ്ങനെ ഒരു വിദേശരാജ്യത്ത് വന്നു” എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് ഈ വിമാനത്താവളത്തിനു സുവർണ്ണഭൂമി എന്ന പേര് ലഭിച്ചതെന്ന് ആർക്കെങ്കിലും അറിയാമോ?

‘സുവർണ്ണഭൂമി’ എന്നത് സംസ്‌കൃതത്തിൽ നിന്നും എടുത്തിട്ടുള്ള ഒരു വാക്കാണ്. ‘ദൈവത്തിന്റെ നാട്’ എന്നാണു ഇതിനർത്ഥം. എയർപോർട്ടിന് ഈ പേര് നിർദ്ദേശിച്ചത് തായ് രാജാവായിരുന്ന ഭൂമിബോൽ അതുല്യതേജ് ആയിരുന്നു. 2016 ൽ രാജാവ് മരിക്കുകയും ചെയ്തു. ഹിന്ദു – ബുദ്ധ സംസ്ക്കാരങ്ങൾ ഇന്നും കാത്തുസൂക്ഷിക്കുന്ന തായ്‌ലാൻഡിന്റെ വേറിട്ട മുഖമാണ് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്.

തായ്‌ലന്‍ഡിലെ പൂര്‍വ്വികരായ ലാവാസ് വിഭാഗവുമായി ബി.സി. മൂന്നാംശതകം മുതല്‍ ഭാരതം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അക്കാലത്ത് ഈ പ്രദേശം സുവര്‍ണ്ണഭൂമി എന്നാണറിയപ്പെട്ടിരുന്നത്. സുവര്‍ണ്ണ ഭൂമി പിന്നീട് സയാമായി മാറി. സയാം പിന്നീട് തായ്‌ലന്‍ഡായി. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെ തുടര്‍ന്ന സമ്പര്‍ക്കത്തിന്റെ ഫലമായി ബ്രാഹ്മണമതവും ബുദ്ധിസവും അവിടെ പ്രചരിച്ചു. തായ് ഭാഷയ്ക്ക് ദക്ഷിണേന്ത്യയിലെ ചില ഭാഷകളുമായി സാമ്യമുണ്ട്. തായ് ഭാഷയില്‍ സംസ്‌കൃത-പാലീ ഭാഷകളിലെ പദങ്ങള്‍ ഒട്ടേറെയുണ്ട്. ബുദ്ധമതമാണ് അവിടത്തെ രാഷ്ട്രമതം.

എന്നാല്‍, ബുദ്ധനെ ആരാധിക്കുന്നതിന് അവര്‍ക്ക് രാമായണവും രാമനും വിഷ്ണുവും വിഷ്ണുവാഹനമായ ഗരുഡനും നാഗങ്ങളുമെല്ലാം വേണം. ഹിന്ദു സങ്കല്പങ്ങളിലുള്ള ഒരു രഥത്തിന്റെ മാതൃകയിലുള്ള സിംഹാസനത്തിലാണ് മരതകബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന തായ് ജനത, തങ്ങളുടെ രാജാവ് രാമന്റെ പ്രതിരൂപമാണെന്നു കരുതുന്നു. തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് രാജാവ് എന്നവര്‍ വിശ്വസിക്കുന്നു. ചാക്രി വംശകാലംവരെ ഏതാണ്ട് 417 വര്‍ഷക്കാലം തായ്‌ലന്‍ഡിന്റെ തലസ്ഥാന നഗരം അയുദ്ധ്യാ ആയിരുന്നു.

സുവർണ്ണഭൂമി എയർപോർട്ടിലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഹൈന്ദവ പുരാണത്തിൽ ഏറ്റവും മഹത്തായ ‘പാലാഴി മഥനം’ തായ്‌ലൻഡ് സ്റ്റൈലിൽ ടെർമിനലിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്.

8000 ഏക്കറിലായി സ്ഥിതി ചെയ്യുന്ന സുവർണ്ണഭൂമി എയർപോർട്ട് തെക്കു കിഴക്കൻ ഏഷ്യയിലെ വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ്. 2006 സെപ്റ്റംബർ മാസമാണ് ഈ എയർപോർട്ട് പ്രവർത്തനമാരംഭിച്ചത്. തായ് എയർവേസ് ഇന്റർനാഷണൽ, ബാങ്കോക്ക് എയർവെയ്സ്, ഓറിയന്റ് തായ് എയർലൈൻസ്, തായ് എയർ ഏഷ്യ എന്നിവയുടെ കേന്ദ്രമാണ് ഇവിടം. സുവർണ്ണഭൂമി കൂടാതെ ബാങ്കോക്കിൽ DMK എന്നൊരു എയർപോർട്ട് കൂടിയുണ്ട്. കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്ക് സർവ്വീസ് നടത്തുന്ന വിമാനങ്ങൾ DMK എയർപോർട്ടിലാണ് ഇറങ്ങുന്നത്.

Leave a Reply

Your email address will not be published.

Go to top