ankor w -Cambodia

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം കാണുവാൻ കംബോഡിയയിലേക്ക്…

by August 22, 2019

തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് യാത്രകൾ പോകുന്നതുപോലെ തന്നെ ഇന്ത്യക്കാർക്ക് എളുപ്പത്തിൽ പോകുവാൻ പറ്റിയ ഒരു രാജ്യമാണ് കംബോഡിയ. അങ്ങനെയിരിക്കെയാണ് 2018 ൽ ഞാൻ കംബോഡിയയിലേക്ക് ഒരു യാത്ര പോകുന്നത്. മുൻപ് പലതവണ ഞാൻ കംബോഡിയയിൽ പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ യാത്രയിൽ കംബോഡിയൻ കാഴ്ചകളും സംസ്ക്കാരവുമെല്ലാം വ്‌ളോഗ് ആയി നിങ്ങൾക്കു മുന്നിൽ എത്തിക്കുക എന്നതായിരുന്നു എൻ്റെ ലക്‌ഷ്യം. കംബോഡിയൻ കാഴ്ചകൾ കാണുന്നതിനായി എൻ്റെ സുഹൃത്തും ടൂർ കോർഡിനേറ്ററുമായ അരവിന്ദ് എന്ന മലയാളിയായിരുന്നു സഹായത്തിനായി ഉണ്ടായിരുന്നത്.

അങ്ങനെ അരവിന്ദും ഞാനും പിന്നെ കംബോഡിയക്കാരനായ ടൂർ ഗൈഡും കൂടി കാഴ്ചകൾ കാണുവാനായി യാത്രയായി. കംബോഡിയയിൽ പ്രധാനമായും കാണുവാനുള്ളത് പലതരത്തിലുള്ള ക്ഷേത്രസമുച്ചയങ്ങളാണ്. ഇതു കേട്ടിട്ട് അവിടെ ക്ഷേത്രങ്ങൾ മാത്രമേ കാണുവാനുള്ളൂ എന്നു വിചാരിക്കല്ലേ. മറ്റു അടിപൊളി സ്ഥലങ്ങളുമൊക്കെ അവിടെയുണ്ട്.

അവിടത്തെ ക്ഷേത്രങ്ങളിലേക്കുള്ള സന്ദര്ശനങ്ങൾക്കെല്ലാം കൂടി ഒരു സ്ഥലത്തു നിന്നും പാസ്സുകൾ മുൻകൂട്ടി എടുക്കേണ്ടതായുണ്ട്. അവിടെയുള്ള ഓഫീസിലെ എൻട്രി കൗണ്ടറുകളിൽ ചെന്നിട്ട് ഓരോ സന്ദർശകരും ഓരോ ഐഡി കാർഡ് കരസ്ഥമാക്കേണ്ടതുണ്ട്. കൗണ്ടറുകളിൽ ചെല്ലുമ്പോൾ അവർ നമ്മുടെ ഫോട്ടോ അപ്പോൾത്തന്നെ എടുക്കുകയും ഡോക്യുമെന്റുകളെല്ലാം പരിശോധിക്കുകയും ചെയ്യും. എന്നിട്ടാണ് നമ്മുടെ ഫോട്ടോ പതിച്ച ഐഡി കാർഡ് തരുന്നത്.

ക്ഷേത്രങ്ങളിലേക്കുള്ള ഒരു ദിവസത്തെ എൻട്രി പാസ്സിന് 37 ഡോളർ ആണ് ചാർജ്ജ്. മൂന്നു ദിവസത്തേക്ക് 62 ഡോളറും, ഏഴു ദിവസത്തേക്ക് 72 ഡോളറുമാണ് ചാർജ്ജ്. നമുക്ക് ഇതിനായുള്ള തുക അതേ കൗണ്ടറിൽത്തന്നെ നേരിട്ട് അടയ്ക്കുകയും ചെയ്യാം. മൊത്തം 48 ഓളം കൗണ്ടറുകൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. രാവിലെ 5 മണി മുതൽ വൈകുന്നേരം 5.30 വരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.

ഞാൻ ഒരു ദിവസത്തേക്കുള്ള എൻട്രിയ്ക്കായുള്ള പാസ്സ് ആയിരുന്നു എടുത്തത്. സന്ദർശകർ പാലിച്ചിരിക്കേണ്ട നിബന്ധനകൾ അവിടെ ഓഫീസിൽ എഴുതി വെച്ചിട്ടുണ്ട്. ഈ ഓഫീസ് ഇത്തരത്തിലുള്ള എൻട്രി പാസ്സുകൾ ഇഷ്യൂ ചെയ്യുന്നതിനു മാത്രമായാണ് പ്രവർത്തിക്കുന്നത്.  ക്ഷേത്രങ്ങളിലേക്ക് അവിടെ നിന്നും പിന്നെയും കുറേദൂരം പോകേണ്ടതുണ്ട്.

അങ്ങനെ ഐഡി കാർഡ് കരസ്ഥമാക്കിയതിനു ശേഷം ഞങ്ങൾ അവിടെ നിന്നും അമ്പലങ്ങൾ കാണുവാനായി പുറപ്പെട്ടു. ധാരാളം ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ മാത്രമായിരുന്നു ഞങ്ങൾ സന്ദർശിക്കുവാനായി തിരഞ്ഞെടുത്തത്. പോകുന്ന വഴിയിൽ ഞങ്ങളുടെ ഗൈഡ് ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എനിക്ക് പറഞ്ഞു തന്നുകൊണ്ടിരുന്നു.

ഞങ്ങൾ സന്ദർശിക്കുവാൻ തിരഞ്ഞെടുത്തത് കംബോഡിയയിൽ പ്രധാനമായും ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമായ അങ്കോർ വാട്ട് എന്ന പുരാതന ക്ഷേത്ര സമുച്ചയം ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം ആദ്യം മഹാവിഷ്ണുക്ഷേത്രമായിരുന്നെങ്കിലും പിന്നീട് ബുദ്ധക്ഷേത്രമായി മാറുകയായിരുന്നു.

ഇന്ന് കംബോഡിയൻ ടൂറിസം മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന ഒന്നാണ് അങ്കോർ വാട്ട്. കംബോഡിയയുടെ ദേശീയ പതാകയിലും നമുക്ക് ഈ ക്ഷേത്രം കാണാവുന്നതാണ്. നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ വാക്കായ ‘അങ്കോർ’, ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന ‘വാട്ട്’ എന്നിവ ചേർന്നാണ് ‘അങ്കോർ വാട്ട്’ എന്ന പദമുണ്ടായിരിക്കുന്നത്. 

കമ്പോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് എന്ന പട്ടണത്തിനു 5.5 കി.മീ. വടക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നത്. അങ്ങനെ ഒടുവിൽ ഞങ്ങൾ ക്ഷേത്രത്തിന്റെ പരിസരത്ത് എത്തിച്ചേർന്നു. അവിടെ കാർ പാർക്ക് ചെയ്തിട്ട് നമ്മുടെ കൈവശമുള്ള ഐഡി കാർഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടന്നു.

ഒരു കോട്ട പോലെയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ 5 മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിൽ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു. കിഴക്കും പടിഞ്ഞാറുമുള്ള പാലങ്ങൾ വഴി മാത്രമേ ആ പ്രദേശത്തേക്ക് പ്രവേശനം സാധിക്കുകയുള്ളു.

പുഴയുടെ കുറുകെയുള്ള പാലം കടന്നു ഞങ്ങൾ ക്ഷേത്രപരിസരത്തേക്ക് പ്രവേശിച്ചു. നല്ല ചൂട് കാലാവസ്ഥയായതിനാൽ അവിടെ കരിക്ക് പോലുള്ള പാനീയങ്ങളുടെ കച്ചവടം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പനങ്കരിക്ക് കൊണ്ടുള്ള ഒരു പാനീയം വാങ്ങിക്കുടിച്ചു ദാഹമകറ്റി. വളരെ രുചികരമായ ഒരു പാനീയമായിരുന്നു അത്. ഒരു യു.എസ്. ഡോളർ ആയിരുന്നു അതിന്റെ ചാർജ്ജ്. കംബോഡിയയിൽ പ്രധാനമായും വിനിമയം നടത്തുന്നത് യു.എസ്. ഡോളറിലാണ് എന്ന കാര്യം കൂടി അറിഞ്ഞിരിക്കുക.

അവിടെയുള്ള ക്ഷേത്ര സമുച്ചയങ്ങളിലേക്ക് കടന്നപ്പോൾ നമ്മുടെ നാട്ടിലെപ്പോലെ തന്നെ അടുത്തിടയ്ക്ക് വിവാഹിതരായ കംബോഡിയൻ ദമ്പതിമാരുടെ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് അവിടെ നടക്കുന്നതു കണ്ടു. വരാനും വധുവുമെല്ലാം അവരുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. അൽപ്പം കാശ് മുടക്കാമെന്നു വിചാരിച്ചാൽ നമ്മുടെ നാട്ടിലുള്ളവർക്കും കംബോഡിയയിലെ ഈ ക്ഷേത്രസമുച്ചയങ്ങളിൽ വന്നിട്ട് വെഡ്ഡിംഗ്ഷൂട്ട് നടത്തുവാൻ സാധിക്കും. ടൂർ പാക്കേജ് എടുക്കുന്ന ഏജൻസിയോട് ഈ കാര്യം സൂചിപ്പിച്ചാൽ അവർ വേണ്ടതെല്ലാം റെഡിയാക്കി തരും.

അങ്ങനെ ഞങ്ങൾ ക്ഷേത്രസമുച്ചയത്തിലെ മനോഹരമായ, ശാന്തമായ കാഴ്ചകളെല്ലാം കണ്ടുകൊണ്ട് നടന്നു. അവിടത്തെ കാഴ്ചകളെക്കുറിച്ച് വിവരിച്ചു ഞാൻ കഷ്ടപ്പെടുന്നില്ല. ഇതോടൊപ്പമുള്ള വീഡിയോ കണ്ടു നിങ്ങൾക്ക് അവയെല്ലാം മനസ്സിലാക്കാവുന്നതാണ്.

ഇത്രയും കണ്ടപ്പോൾ നിങ്ങൾക്കും കംബോഡിയയിൽ പോകണമെന്നു തോന്നുന്നുണ്ടോ? എങ്കിൽ ഒട്ടും മടിക്കാതെ ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays മായി നേരിട്ട് ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പറുകൾ : +91 9207763800, +91 9605890630, +91 9207761800, +91 9207762800. ഗ്രൂപ്പ് ടൂറുകൾക്കു പുറമെ നിങ്ങൾക്ക് തനിച്ചും യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. 

Image -Dennis Jarvis.

Leave a Reply

Your email address will not be published. Required fields are marked *

Go to top