കംബോഡിയക്കാരുടെ ജീവിത സാഹചര്യങ്ങളുടെ നേർക്കാഴ്ച …Walk through a typical Cambodian village

75 Views April 27, 2021

ഒരു രാജ്യത്തിന്റെ സംസ്‌കാരവും സൗന്ദര്യവും അനുഭവിച്ചറിയാന്‍ ഗ്രാമങ്ങളില്‍ക്കൂടി യാത്ര ചെയ്യണം എന്നാണല്ലോ പറയാറ്. കംബോഡിയയുടെ ഗ്രാമത്തിലൂടെയുള്ള യാത്രയുടെ ഉദ്ദേശവും അതുതന്നെ. റോഡിലൂടെ കുറെയധികം സഞ്ചരിച്ചു. വഴിവക്കില്‍ കണ്ട കടകള്‍ക്ക് ഏറെ പ്രത്യേകതയുണ്ടായിരുന്നു. പെട്രോളും, ബിയറും കുപ്പികളില്‍ നിറച്ച് വഴിയരികില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നു. നാട്ടിലെ 50 രൂപയാണ് അവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കുറച്ചു നാട്ടിലേക്ക് കടത്തിയാലോന്ന് വരെ ചിന്തിച്ചുപോയി. ഇവിടെയും പമ്പുകളുണ്ട്. പക്ഷെ ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നാല്‍ പെട്രോള്‍ വില്‍പന കൂടുതലും ഇങ്ങനെയാണ്. എന്റെ മുമ്പിലൂടെ ഒരു കൊച്ചു കുട്ടി പെട്രോള്‍ വാങ്ങിക്കാന്‍ കടയിലേക്ക് കയറിപോയി. ബൈക്കിലാണ് അവന്‍ വന്നിരിക്കുന്നത്. ലൈസന്‍സ് കിട്ടാന്‍ പ്രായമായിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. അവിടെയൊക്കെ ഇങ്ങനയാണത്രെ. വാഹനം ഓടിക്കാന്‍ ഇന്‍ഷുറന്‍സ്, ലൈസന്‍സ് ഒന്നും നിര്‍ബന്ധമില്ല. ഗതാഗത നിയമങ്ങള്‍ അത്രശക്തമായി നടപ്പാക്കുന്നില്ലെന്ന് കൂടെയുണ്ടായിരുന്ന സൂഹൃത്ത് പറഞ്ഞു. ബസ് ലോറി വാഹനങ്ങള്‍ മാത്രമാണ് ഡീസല്‍ വണ്ടികള്‍. അങ്ങനെ യാത്ര വീണ്ടും തുടര്‍ന്നു.

ചുറ്റും വയലുകള്‍. കേരളത്തിന്റെ പച്ചപ്പിന്റെ തനി പകര്‍പ്പ്. വീടുകള്‍ ഏറെയും ഷെഡുകളാണ്. ഇരുനില വീടുകളാണ് പലതും. അടച്ചുറപ്പില്ലാതെ പലകയും മറ്റു സാധനങ്ങളും വെച്ച് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയത്. അതില്‍ പട്ടിയും കോഴിയും താറാവും തുടങ്ങി എല്ലാജീവജാലങ്ങളും സൈ്വര്യ വിഹാരം നടത്തുന്നു. അതി ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ് കുടിലുകളില്‍ ഏറെയും. രാജ്യത്തിലെ ഗ്രാമ ജീവിത നിലവാരം ഉയര്‍ത്താന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വളരെ തുച്ഛമായ കൂലിക്കാണ് പലരും ജോലി ചെയ്യുന്നത്.

സിറ്റി ബേസ്ഡ് ടൂറിസം ഡെവലെപ് ആകുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അവിടന്ന് നേരെ സുഹൃത്തിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരി കുട്ടിയുടെ വീട്ടില്‍ എത്തി. ഒരു വിശിഷ്ടാഥിതിയെ സ്വീകരിക്കുന്നത് പോലെയാണ് അവര്‍ എന്നെ വെല്‍ക്കം ചെയ്തത്. വളരെ വിശേഷപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ അവര്‍ എനിക്കായി ഒരുക്കിവെച്ചിരുന്നു. പിന്നെ കുറെ നേരം അവരുടെ സന്തോഷത്തിന്റെ ഭാഗമായി. ഓരോ യാത്രയിലും ഓര്‍മ്മയില്‍ ബാക്കിയാകുന്നത് ഈ സന്തോഷങ്ങള്‍ മാത്രമാണല്ലോ?

Tags :
Go to top