തുള്ളിച്ചാടും ചെമ്മീൻ കൊണ്ടൊരു വിഭവം കഴിക്കാം, Dancing shrimp salad food of Thailand

42 Views April 27, 2021

വ്യത്യസ്തമായ ഭക്ഷണ രീതികള്‍ കണ്ടു അന്താളിച്ചു നിന്ന സംഭവങ്ങള്‍ എല്ലാവരുടെയും ജീവിത്തില്‍ ഉണ്ടാകും. എനിക്കും അത്തരം അനുഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും രസകരമായ ഒന്നാണ് വെള്ളത്തില്‍ തുള്ളി കളിക്കുന്ന ചെമ്മീനെ ജീവനോടെ തന്നെ മസാലയില്‍ മിക്‌സാക്കി കറുമുറെ ചവച്ചരച്ച് തിന്നുന്നത്. ഉപ്പിന് ഉപ്പും എരിവിന് കുരുമുളകും.

തായ്‌ലന്‍ഡിലെ തെരുവിലൂടെ നടക്കുമ്പോഴാണ് ആ രസകരമായ കാഴ്ച കാണാനിടയായത്. മോട്ടോര്‍ ബൈക്കില്‍ സെറ്റ് ചെയ്‌തെടുത്ത കുഞ്ഞു കട. തായ് സ്ത്രീയാണ് കച്ചവടക്കാരി. അക്വേറിയത്തില്‍ നിറയെ ചെമ്മീന്‍ കുഞ്ഞുങ്ങള്‍ തുള്ളിച്ചാടുന്നു. ആവശ്യക്കാര് വരുമ്പോള്‍ വല ഉപയോഗിച്ച് അക്വേറിയത്തില്‍ നിന്നും ചെമ്മീന്‍ കുഞ്ഞുങ്ങളെ കോരിയെടുക്കും. കൃത്യം രണ്ടു കോരല്‍. വലിപ്പം കുറവാണ്. അതിലേക്ക് ആവശ്യത്തിനു ഉപ്പും,ചതച്ച മുളകും, കുരുമുളകും, ഓയിസ്റ്റര്‍ സോസും ചേര്‍ത്ത് മിക്‌സ് ചെയ്യും. ഒപ്പം ഇലകള്‍ ചതച്ചരച്ച മിക്‌സും ചേര്‍ത്ത് കവറില്‍ പാക്ക് ചെയ്യും. കൂടെ കഴിക്കാന്‍ കുറെ ഇലകള്‍ വേറെ. കുറച്ചു നേരം ഞാന്‍ ആ കാഴ്ച കൗതുകത്തോടെ നോക്കി നിന്നു. തായ്‌ലന്‍ഡില്‍ വന്‍ ഡിമാന്‍ഡുള്ള വിഭവമാണ്. ഒരു പാക്കറ്റ് ഞാനും വാങ്ങി കയ്യില്‍ കരുതി. കഴിക്കാനല്ല. യാത്രയില്‍ ഏതെങ്കിലും തായ് സുഹൃത്തിന് കൊടുക്കാലോ. സന്തോഷം നിറച്ച് കിട്ടുന്നതെല്ലാം പങ്കുവെക്കാനും കൂടിയുളളതല്ലേ!

Tags :
Go to top