Sriracha Tiger Zoo

കുട്ടികളുമായി തായ്‌ലൻഡിൽ പോകുന്നവർ സന്ദർശിച്ചിരിക്കേണ്ട ഒരു കിടിലൻ സ്ഥലം

by October 7, 2019

തായ്‌ലൻഡ് ട്രിപ്പ് എന്നു കേൾക്കുമ്പോൾത്തന്നെ ആളുകൾ ഒരു കള്ളച്ചിരിയോടെയായിരിക്കും നമ്മളെ നോക്കുക. എല്ലാവരുടെയും വിചാരം ബാച്ചിലേഴ്സിനു മാത്രം പോയി അടിച്ചു പൊളിക്കാൻ പറ്റിയ ഒരിടമാണ് തായ്‌ലൻഡ് എന്നാണ്. ചിലയാളുകൾ പറഞ്ഞു പരത്തിയ കഥകളും വിശേഷങ്ങളുമൊക്കെ കൂടിയായപ്പോൾ കേട്ടതെല്ലാം സത്യമാണെന്നു തന്നെ ആളുകൾ വിശ്വസിച്ചു. എന്നാൽ കേട്ടോളൂ, ഏതു തരക്കാർക്കും ആസ്വദിക്കുവാനും അടിച്ചു പൊളിക്കുവാനുമുള്ളതെല്ലാം തായ്‌ലൻഡിൽ ഉണ്ട്. ഫാമിലിയായും കുട്ടികളെയും ഒക്കെ വരെ ആളുകൾ തായ്‌ലാൻഡിലേക്ക് യാത്രകൾ വരുന്നത് അതുകൊണ്ടു തന്നെയാണ്. ഇത്തരത്തിൽ ഫാമിലിയായി വരുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ആസ്വദിക്കുവാൻ പറ്റിയ ഒരിടത്തെയാണ് ഇനി പരിചയപ്പെടുത്തുവാൻ പോകുന്നത്.

ശ്രീരച ടൈഗർ സൂ. തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്നും ഏകദേശം 100 കിലോമീറ്ററോളം അകലെയായി സ്ഥിതി ചെയ്യുന്ന ഒരു മൃഗശാലയാണ് ശ്രീരച ടൈഗർ സൂ. സൂ എന്നു കേൾക്കുമ്പോൾ ഇതൊരു മൃഗശാല മാത്രമാണെന്ന് കരുതേണ്ട. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ആസ്വദിക്കുവാൻ തക്ക വിധത്തിലുള്ള പലതരം ആക്ടിവിറ്റികൾ, ടൈഗര്‍ ഷോ, എലിഫന്‍റ് ഷോ, പിഗ് റേസ്, ക്രോക്കഡൈല്‍ ഷോ തുടങ്ങിയ അനിമൽ ഷോകൾ എന്നിവയൊക്കെ അടങ്ങിയ മറ്റൊരു ലോകം തന്നെയാണിത്.

സാധാരണ നമ്മുടെ നാട്ടിലെ മൃഗശാലകളിൽ കൂട്ടിൽ കിടക്കുന്ന മൃഗങ്ങളെ മാത്രമാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. എന്നാൽ ഇവിടെ അങ്ങനെയല്ല. കടുവക്കുഞ്ഞുങ്ങൾക്ക് മടിയിലിരുത്തി പാൽ കൊടുക്കാം, മുതലക്കുഞ്ഞിനെ മടിയിൽ വെച്ച് ഓമനിക്കാം, വലിയ ഭീമാകാരനായ കടുവയുടെ ഒപ്പമിരുന്നുകൊണ്ട് ഫോട്ടോയെടുക്കാം, വലിയ മുതലയുടെ മുകളിൽ ഇരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യാം, ആനപ്പുറത്തേറുകയും അവയുടെ തുമ്പിക്കയ്യിൽ ഊഞ്ഞാലാടുകയുമൊക്കെ ചെയ്യാം.. അങ്ങനെ പറഞ്ഞാൽ തീരാത്ത വ്യത്യസ്തങ്ങളായ, അൽപ്പം സാഹസികമായ ആക്ടിവിറ്റികൾ ശ്രീരച ടൈഗർ സൂവിൽ ഉണ്ട്.

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഇത്തരം ആക്ടിവിറ്റികൾ ചെയ്യുന്നത് അപകടകരമല്ലേ എന്ന്. ഒരിക്കലുമല്ല. കാരണം ഇവിടത്തെ മൃഗങ്ങളെല്ലാം നന്നായി പരിശീലിക്കപ്പെട്ടവയാണ് (Well Trained). കൂടാതെ സുരക്ഷയെ മുൻനിർത്തി നമ്മുടെയൊപ്പം പാർക്ക് ജീവനക്കാരും ഉണ്ടാകും. ശ്രീരച ടൈഗർ സൂവിൽ ബംഗാൾ കടുവകളാണ് കൂടുതലും. മുതല, കാംഗാരു ഉൾപ്പെടെ ഇരുന്നൂറിലധികം മ‍ൃഗങ്ങളും വൈവിധ്യമാർന്ന പക്ഷികളുമൊക്കെ ഇവിടെയുണ്ട്.

കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സുന്ദരിയായ, വെള്ളഗൗൺ ധരിച്ച തേൾ രാജകുമാരിയോടും തേളുകളോടുമൊപ്പം ഇരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യാം. ഇതിനിടയിൽ രാജകുമാരി തേളുകളെ നമ്മുടെ തലയിലും ദേഹത്തുമൊക്കെ വെച്ചു തരും. ഒരു വെറൈറ്റി ആയിക്കോട്ടെ. ഒരു കിടിലന്‍ എക്സ്പീരിയന്‍സ് തെന്നയാകും ഇത്. ഇവിടെ വരുന്നവര്‍ ഇത് ഒരിക്കലും മിസ്സ്‌ ചെയ്യാന്‍ പാടില്ല.

പിന്നെ എടുത്തു പറയേണ്ട മറ്റൊരു സംഭവം ‘ടൈഗര്‍ ഫീഡിംഗ്’ ആണ്. 100 ബാത്ത് കൊടുത്താല്‍ നമുക്ക് അവര്‍ തോക്കുകള്‍ തരും. താഴെ കടുവകളാണ് കിടക്കുന്നത്. മുകളില്‍ ഒരു കയറില്‍ ചെപ്പുകളിലായി ഇറച്ചിക്കഷണങ്ങള്‍ തൂക്കിയിട്ടിരിക്കുകയാണ്. വെടിവെച്ച് നമ്മള്‍ അവ താഴേക്ക് വീഴ്ത്തനം. ഇങ്ങനെ താഴെ വീഴുന്ന ഇറച്ചി അപ്പോള്‍ത്തന്നെ കടുവകള്‍ കടിപിടികൂടി എടുത്ത് തിന്നും.

ഇനി ഇതൊക്കെ കണ്ടു നടന്നവർക്ക് ക്ഷീണം മാറ്റുവാൻ കോളകള്‍, ജ്യൂസുകള്‍, ഐസ്ക്രീം, കരിക്ക് മുതലായവ മാത്രമല്ല നല്ല ഉശിരന്‍ ബീയറുകള്‍ (WARNING – മദ്യപാനം ആരോഗ്യത്തിന് ഹാനികരം) വരെ അവിടെ ലഭിക്കും. അതോടൊപ്പം തന്നെ ഇന്ത്യൻ വിഭവങ്ങൾ അടക്കമുള്ളവ ലഭിക്കുന്ന റെസ്റ്റോറന്റുകളും അതിനകത്തുണ്ട്.

സത്യത്തില്‍ എല്ലാ മൃഗങ്ങളെയും വളരെ നന്നായി പരിപാലിക്കുകയും അവയ്ക്ക് നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട് ഇവിടെ. ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾക്ക് ആഗ്രഹമുണ്ടാകില്ലേ ഒരു കടുവയെ തൊടണമെന്നും അതിനോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഒരു പുലിമുരുകൻ ആകണമെന്നും. എങ്കിൽ ഒട്ടും മടിക്കേണ്ട, നേരെ തായ്‌ലാൻഡിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തോളൂ. മികച്ച തായ്‌ലൻഡ് – പട്ടായ യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 9207731800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published. Required fields are marked *

Go to top