ഭൂട്ടാനിലേക്ക് ഇന്ത്യക്കാർക്ക് ഇനി പഴയപോലെ പോകാൻ പറ്റില്ല; ഒരു മുട്ടൻ പണി വരുന്നുണ്ട്…

by November 20, 2019

ഇന്ത്യക്കാർക്ക് വിസയും പാസ്പോർട്ടും കൂടാതെ വളരെ എളുപ്പത്തിൽ പോകുവാൻ കഴിയുന്ന ഒരു രാജ്യമായിരുന്നു ഭൂട്ടാൻ. ഇന്ത്യക്കാർക്ക് റോഡ് മാർഗ്ഗവും വിമാനമാർഗ്ഗവുമൊക്കെ ഭൂട്ടാനിലേക്ക് പോകുവാൻ സാധിക്കും. മറ്റു രാജ്യങ്ങളെക്കാൾ എളുപ്പത്തിൽ പോകുവാൻ സാധിക്കുമെന്നതിനാൽ ഭൂട്ടാനിലേക്ക് ധാരാളം സഞ്ചാരികളാണ് ഇന്ത്യയിൽ നിന്നും പൊയ്‌ക്കൊണ്ടിരുന്നത്. എന്നാൽ അതിനെല്ലാമിനി ഒരവസാനം ആകുകയാണ്.

കാരണം വേറൊന്നുമല്ല, വിദേശ സഞ്ചാരികൾക്ക് ഭൂട്ടാനിൽ തങ്ങണമെങ്കിൽ ദിനംപ്രതി നല്ലൊരു തുക, കൃത്യമായി പറഞ്ഞാൽ 250 യു.എസ്. ഡോളർ (ഏകദേശം 18000 ഇന്ത്യൻ രൂപ) അടയ്‌ക്കേണ്ടതായുണ്ട്. ഇന്ത്യ, ബംഗ്ളാദേശ്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾക്കാണ് ഈ ഫീസ് ഇളവ് ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഇന്ത്യക്കാർക്കും ഈ ഫീസ് ബാധകമായിരിക്കുമെന്നാണ് ഭൂട്ടാന്റെ പുതിയ ടൂറിസം നയം വ്യക്തമാക്കുന്നത്. അധികം വൈകാതെ ഈ നയം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

ഭൂട്ടാൻ ടൂറിസം വകുപ്പിന്റെ കണക്കു പ്രകാരം അവിടെ എത്തുന്ന ടൂറിസ്റ്റുകളിൽ മൂന്നിൽ രണ്ടു ഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇത്രയധികം സഞ്ചാരികൾ ഫീസില്ലാതെ ഇന്ത്യയിൽ നിന്നും വരുമ്പോൾ ഭൂട്ടാൻ സർക്കാരിന് അത് നഷ്ടമാണെന്നാണ് അവരുടെ കണ്ടെത്തൽ. ഇന്ത്യയിൽ നിന്നും വരുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ബഡ്‌ജറ്റ്‌ യാത്രികർ ആണെന്നതിനാൽ അവരിൽ നിന്നും പ്രത്യേകിച്ച് വരുമാനമൊന്നും ഭൂട്ടാൻകാർക്ക് ലഭിക്കുന്നുമില്ല. ഇക്കാരണത്താലാണ് ഇനിമുതൽ ഇന്ത്യക്കാർക്കും ഭൂട്ടാനിൽ മറ്റു വിദേശികളെപ്പോലെ ഉയർന്ന തുക ഈടാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞയിടയ്ക്ക് ഇന്ത്യയിൽ നിന്നുള്ള ചില ടൂറിസ്റ്റുകൾ ഭൂട്ടാനിലെ ബുദ്ധസ്തൂപത്തിൽ ചവിട്ടിക്കയറി നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചിത്രം ഫേസ്‌ബുക്കിൽ വൈറലായതോടെ ആ റൈഡർക്കെതിരെ ഭൂട്ടാൻ പോലീസ് കേസ്സെടുക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളിൽ ഇത് വാർത്തയായി വന്നതോടെ നല്ലരീതിയിൽ യാത്രകൾ നടത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്കാണ് കൂടുതൽ ബുദ്ധിമുട്ടായത്. എന്നാൽ തങ്ങളുടെ രാജ്യത്തെ ഒരാൾ മൂലം ഭൂട്ടാൻ ജനതയ്ക്കുണ്ടായ ബുദ്ധിമുട്ടിനു പരസ്യമായി ക്ഷമ ചോദിച്ചുകൊണ്ട് ഒരുകൂട്ടം മലയാളി സഞ്ചാരികൾ ഭൂട്ടാനിൽ എത്തി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.

ബുദ്ധക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള സ്തൂപങ്ങളുമെല്ലാം വളരെ ആദരവോടെയാണ് അവർ പരിപാലിക്കുന്നത്. അത് അവിടെ സന്ദർശിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ ഇത്തരത്തിലുള്ള മോശം പ്രവണതകൾ ഇന്ത്യൻ സഞ്ചാരികളിൽ നിന്നും ഉണ്ടായതുകൊണ്ടാണ് ടൂറിസം വകുപ്പ് ഇന്ത്യൻ സഞ്ചാരികൾക്ക് ഇതുവരെ നൽകിയിരുന്ന ഇളവുകൾ തിരിച്ചെടുക്കുവാൻ നിർബന്ധിതരാകുവാനുള്ള മറ്റൊരു കാരണം.

ഇന്ത്യക്കാർക്ക് ഭൂട്ടാനിൽ മറ്റു വിദേശ സഞ്ചാരികളെപ്പോലെ ഉയർന്ന ഫീസ് ഈടാക്കിത്തുടങ്ങിയാൽ അവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയും. എന്നാൽ ഇത്രയും തുക ചെലവാക്കുവാൻ കഴിവുള്ളവർ അവിടേക്ക് പോകുകയും ചെയ്യും. “High Value, Low Impact” പോളിസി പ്രകാരം എണ്ണത്തിൽ കുറവും, എന്നാൽ മൂല്യമുള്ളതുമായ സഞ്ചാരികൾ മാത്രം ഭൂട്ടാൻ സന്ദർശിച്ചാൽ മതി എന്നാണ് അവിടത്തെ സർക്കാർ പ്രതിനിധികൾ വ്യക്തമാക്കുന്നത്.

എന്തായാലും നമ്മുടെ കൂട്ടത്തിലെ ചിലരുടെയൊക്കെ മോശം പെരുമാറ്റവും സംസ്ക്കാരവുമൊക്കെ കാരണം, മുൻപ് എളുപ്പത്തിൽ പോകാൻ പറ്റുമായിരുന്ന ഭൂട്ടാനിൽ ഇനി നന്നായി പണം മുടക്കി പോകേണ്ട അവസ്ഥ വരുത്തി. ഇനിയിപ്പോ എന്തു പറയാൻ?

Leave a Reply

Your email address will not be published.

Go to top