തായ്‌ലൻഡിൽ ട്രിപ്പ് പോയിട്ട് ഒരു ദിവസം ജയിലിൽ കിടന്നാലോ?

by August 16, 2019

കേരളത്തിൽ നിന്നും ഏറ്റവും കൂടുതലാളുകൾ വിനോദയാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യമാണ് തായ്‌ലൻഡ്. ട്രാവൽ ഏജൻസികളുടെ നോർമൽ പാക്കേജുകൾക്കനുസരിച്ച് മൂന്നോ നാലോ ദിവസം കൊണ്ട് നമ്മൾ കണ്ടുതീർക്കുന്നതു മാത്രമല്ല അവിടത്തെ കാഴ്ചകൾ എന്നോർക്കുക. നമ്മളിൽ പലർക്കും അറിയാത്ത ചില വ്യത്യസ്തമായ കാര്യങ്ങളും അവിടെയുണ്ട്. അത്തരത്തിൽ തായ്‌ലൻഡിൽ പോകുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു സ്ഥലത്തെയാണ് ഇന്ന് നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തി തരുന്നത്.

തായ്‌ലൻഡിൽ പട്ടായയിലും മറ്റും പോയി അടിച്ചുപൊളിച്ചു രസിച്ചു കഴിഞ്ഞു തിരികെ നാട്ടിലേക്ക് വരുന്നതിനു മുൻപ് ഒരു ദിവസം ഏകാന്തനായി ജയിലിൽ കിടക്കുവാൻ ആഗ്രഹമുണ്ടോ? എന്തൊരു ചോദ്യം അല്ലേ? അങ്ങനെ ആർക്കെങ്കിലും ആഗ്രഹം കാണുമോ? പക്ഷേ സംഭവം സത്യമാണ്. എന്നാൽ ഇത് ഒറിജിനൽ ജയിൽ അല്ല. ജയിൽ മോഡലിൽ തയ്യാറാക്കിയിരിക്കുന്ന ഒരു ഹോട്ടലാണ്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന്റെ പേര് ‘The Sook Station’ എന്നാണ്.

സംഭവം കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഹോട്ടലിലെ മുറികൾ കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും. ശരിക്കും ജയിൽ മുറികളെപ്പോലെ (ഇന്ത്യയിലെ ജയിൽ പോലെ അല്ല) തന്നെയാണ് അവിടമാകെ സജ്ജീകരിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടുശീലിച്ചിട്ടുള്ള തരത്തിലുള്ള ഈ ജയിലിൽ താമസിക്കണം എന്ന കൗതുകത്തോടെ എത്തുന്നവരാണ് ഇവിടെയേറെയും.

തായ്‌ലൻഡ് സ്വദേശികളായ സിറ്റിചായും ഭാര്യ പിയാനത്തും ചേർന്നാണ് ഇത്തരമൊരു വ്യത്യസ്തമായ സംരംഭം തുടങ്ങുന്നത്. ഏകാന്തതയുടെ കഥ പറയുന്ന ‘Shawshank Redemption’ എന്ന ഹോളിവുഡ് ചിത്രം കണ്ട് ഈ ദമ്പതികൾ വളരെയേറെ ആകൃഷ്ടരാകുകയുണ്ടായി. അങ്ങനെയാണ് ഇത്തരത്തിലൊരു ഹോട്ടൽ ആരംഭിക്കുവാൻ ഇവർക്ക് ഐഡിയ ലഭിക്കുന്നത്. ആ ചിത്രത്തിലെ പോലെയുള്ള ജയിൽ റൂമുകളാണ് ഇവർ ഹോട്ടലിൽ സെറ്റ് ചെയ്തിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും തടവറയുടെ ഏകാന്തത അനുഭവിച്ചറിയണം എന്നാണു ഹോട്ടലുടമകളായ ഈ ദമ്പതിമാർ പറയുന്നത്.

മൊത്തം നാലു നിലകളാണ് ഹോട്ടലിനുള്ളത്. അകത്തേക്ക് ആളുകൾ കയറിക്കഴിഞ്ഞാൽ വലിയ വാതിൽ അടയ്ക്കപ്പെടും. പിന്നീട് നിങ്ങൾ ശരിക്കും ഒരു ജയിലിൽ എന്നപോലെ കഴിയുകയാണ്. കാര്യം ജയിൽ മോഡൽ ആണെങ്കിലും ഇവിടെ താമസിക്കുവാനെത്തുന്ന അതിഥികളെ ഹോട്ടലുകാർ നല്ല രീതിയിൽ സൽക്കരിക്കും.

ഇവിടെ താമസിക്കുവാൻ കയറുന്നതിനു മുൻപ് ജയിലുകളിൽ ചെയ്യുന്നതു പോലെ പൊക്കവും തൂക്കവും എല്ലാം അളക്കുകയും പോലീസ് രേഖകളില്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള കുറ്റവാളിയുടെ ഫോട്ടോ പോലെ ഒരെണ്ണം (Mugshot) നിങ്ങളെ നിർത്തി എടുക്കുകയും ചെയ്യും. അതിനുശേഷം ജയിലുകളിലേതു പോലത്തെ വെളുപ്പിൽ കറുത്ത വരകളുള്ള (സീബ്രാ മോഡൽ) യൂണിഫോം ധരിക്കുവാൻ നൽകും. ഒപ്പംതന്നെ ഈ ജയിലിലെ താമസത്തെക്കുറിച്ചുള്ളതും പാലിക്കേണ്ടതുമായ ചില നിർദ്ദേശങ്ങൾ അധികൃതർ നൽകും.

ജയിൽ ഹോട്ടലിൽ വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ രണ്ടു പേർക്ക് ഷെയർ ചെയ്യാവുന്നതും ബങ്ക് ബെഡ് സൗകര്യവുമുള്ള ഒരു സെല്ലിൽ താമസിക്കുന്നതിനുള്ള റേറ്റ് 4000 ഇന്ത്യൻ രൂപ (രണ്ടുപേർക്കും കൂടി) ആണ് ചാർജ്ജ്. ഒപ്പം ഫ്രീ ബ്രേക്ക് ഫാസ്റ്റും ലഭിക്കും. രണ്ടു പേർക്ക് താമസിക്കുവാൻ പറ്റിയ ഫാമിലി ജയിൽ റൂമിനു 5000 ഇന്ത്യൻ രൂപയും നാലു പേർക്ക് താമസിക്കുവാൻ പറ്റിയ ഫാമിലി ജയിൽ റൂമിനു 7200 രൂപയുമാണ് ചാർജ്ജുകൾ. ഈ ചാർജ്ജുകളിൽ മാറ്റങ്ങൾ വന്നേക്കാം. ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ മികച്ച ഡിസ്‌കൗണ്ടോടു കൂടി നിങ്ങൾക്ക് ഈ റൂമുകൾ ലഭിക്കുകയും ചെയ്യും. ജയിൽ ആണെങ്കിലും ഇവിടെ ഫ്രീ വൈഫൈയും റെസ്റ്റോറന്റും ഒക്കെയുണ്ട്.

The Sook Station ഹോട്ടലിൽ ഏറ്റവുമധികം ഡിമാൻഡ് ഉള്ള ഒരു റൂമാണ് 203 എന്ന നമ്പറുള്ള സെൽ. ഈ റൂമിനെ ‘darkness’ എന്നാണ് ആളുകൾ വിളിക്കുന്നത്. പേര് കേട്ടപ്പോൾ തന്നെ മനസ്സിലായിക്കാണുമല്ലോ അല്ലേ? സൗകര്യങ്ങൾ അൽപ്പം കടുകട്ടിയായ ഒരു സെല്ലാണ് ഇത്.

ഈ ഹോട്ടലിലെ താമസമൊക്കെ കഴിഞ്ഞു ചെക്ക്-ഔട്ട് ചെയ്യുന്ന സമയത്ത് നിങ്ങൾ അവിടെ താമസിച്ചു എന്നു കാണിച്ചു കൊണ്ടുള്ള ഒരു ‘ക്രിമിനൽ റെക്കോർഡ്’ തരും. അതുപോലെ തന്നെ നിങ്ങൾ ധരിച്ച വസ്ത്രങ്ങൾ ഇഷ്ടപ്പെട്ടാൽ വേണമെങ്കിൽ അവ വിലകൊടുത്തു സ്വന്തമായി വാങ്ങുകയും ചെയ്യാം.

ബാങ്കോക്ക് എയർപോർട്ടിൽ നിന്നും (Don Mueang Airport) ഏകദേശം 37 കിലോമീറ്റർ ദൂരത്തായാണ് ഈ ജയിൽ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവിടേക്ക് എത്തിപ്പെടുവാൻ വിദേശ സഞ്ചാരികളടക്കമുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ല.

ഒരു കാര്യം പ്രത്യേകം ഓർക്കുക, ജയിലിൽ കഴിയുന്ന ഒരു പ്രതീതിയ്ക്കപ്പുറം മറ്റു പ്രത്യേകതകളൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ചലഞ്ച്, വ്യത്യസ്തത, കൗതുകം അല്ലെങ്കിൽ തമാശ അങ്ങനെയൊക്കെ കാണാമെങ്കിൽ നിങ്ങൾക്ക് ഇവിടത്തെ താമസം എൻജോയ് ചെയ്യാം. ഈ ഹോട്ടലിൽ താമസിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ട്രാവൽ ഏജൻസികളോട് ഇക്കാര്യം പറയുക. തായ്‌ലൻഡ് പാക്കേജുകളുടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Royalsky Holidays +91 9207763800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published.

Go to top