Janatha karfu

ജനതാ കര്‍ഫ്യൂ; നിങ്ങൾ അറിയേണ്ടതും പാലിക്കേണ്ടതും ഇവയൊക്കെ

by March 20, 2020

കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാർച്ച് 22 ഞായറാഴ്ച ആരും വീടിനു പുറത്തിറങ്ങാത്ത രീതിയിൽ ജനതാ കർഫ്യുവിനു ആഹ്വാനം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇതിനെ പിന്തുണച്ച് കേരള സർക്കാരും രംഗത്തു വന്നു. ശരിക്കും എന്താണ് ജനതാ കര്‍ഫ്യൂ? നിങ്ങൾ അറിയേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ വിവരിക്കുകയാണ് ഈ ലേഖനത്തിലൂടെ.

കൊറോണയ്‌ക്കെതിരായുള്ള ഇന്ത്യയുടെ പ്രതിരോധ നടപടികളിൽ ഒന്നാണ് ജനതാ കർഫ്യു. രാജ്യത്തുള്ള ജനങ്ങൾക്കായി ജനങ്ങൾ തന്നെ നടത്തുന്ന കർഫ്യൂ എന്നാണ് ജനതാ കർഫ്യൂവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.

രാജ്യത്തെ അവശ്യ സേവനങ്ങളെ ജനതാ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോലീസ്, ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവർ, മാധ്യമങ്ങൾ, സർക്കാർ ജീവനക്കാർ, അഗ്നിശമന സേന എന്നിവർക്ക് മാത്രമാണ് ജനതാ കർഫ്യൂവിൽ നിന്ന് ഇളവ് ലഭിക്കുക. കൊറോണ വൈറസ് രോഗികളുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുന്നതിനിടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ പൊതുസമ്പർക്കമില്ലാതെ ഒരു ദിവസം എല്ലാവരും വീടുകളിൽത്തന്നെ കഴിഞ്ഞുകൂടണമെന്നു നിർദ്ദേശിക്കുന്നത്.

ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുവരെ പാസഞ്ചര്‍ തീവണ്ടികള്‍ ഓടില്ലെന്ന് റെയില്‍വെ അറിയിച്ചു. രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചര്‍ തീവണ്ടികളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയശേഷമെ സര്‍വീസ് അവസാനിപ്പിക്കൂവെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ സ്വകാര്യ ബസ്സുകളും, കെഎസ്ആർടിസി സർവ്വീസുകളും ഉണ്ടായിരിക്കുന്നതല്ല. കൊച്ചി മെട്രോ പോലും സർവ്വീസ് നിർത്തിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്കിനെ തുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള അവസാനത്തെ രാജ്യാന്തര വിമാനം നാളെ പുറപ്പെടും. എമിറേറ്റിസിന്റെ ദുബായ് വിമാനമാണ് ഞായറാഴ്ച രാവിലെ 9.30 ന് അവസാനം പുറപ്പെടുന്നത്.

കൊവിഡ് വ്യാപനം തടയുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈറസിന്റെ സഞ്ചാരപാത തടസപ്പെടുത്തുക എന്നതായതിനാൽ അന്നേ ദിവസം എല്ലാവരും വീടുകളിൽ നിന്നും പുറത്ത് ഇറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നു. മികച്ച രീതിയിൽ ഈ പദ്ധതി നടപ്പിലാക്കുവാൻ കഴിഞ്ഞാൽ ഒരു പരിധി വരെ കൊവിഡ് വൈറസിന്റെ വ്യാപനം തടയാനും വളരെ വലിയ ഒരു വിപത്ത് ഒഴിവാക്കുവാനും സാധിക്കും.

ചിത്രം – ചന്ദ്രബാബു കുളക്കട.

Leave a Reply

Your email address will not be published. Required fields are marked *

Go to top