ഫിലിപ്പീൻസിലേക്ക് എങ്ങനെ ഒരു ട്രിപ്പ് പോകാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

by October 17, 2019

തെക്കു കിഴക്ക് ഏഷ്യയിലെ ഒരു രാജ്യമാണ് ഫിലിപ്പീൻസ്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യം. 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസ് ദ്വീപ് സമൂഹത്തിൽ 700 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ. പ്രധാന ഭാഷ Filipino, English എന്നിവയാണ്. നമ്മുടെ ഇന്ത്യൻ സമയവുമായി രണ്ടര മണിക്കൂർ വ്യത്യാസമുണ്ട് ഫിലിപ്പീൻസിലെ സമയം. മനില ആണ് ഫിലിപ്പീൻസിന്റെ തലസ്ഥാനം.

ഇന്ത്യയിൽ നിന്നും ഇപ്പോൾ ഫിലിപ്പീൻസിലേക്ക് നേരിട്ട് വിമാന സർവീസുകൾ ലഭ്യമല്ല. അതുകൊണ്ട് മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ചെന്നിട്ടാണ് ഫിലിപ്പീൻസിലേക്ക് നമുക്ക് പോകുവാനാകുക. അതായത് കൊച്ചിയിൽ നിന്നും കണക്ഷൻ വിമാനങ്ങൾ വഴി ഫിലിപ്പീൻസിലേക്ക് പോകാം. തായ്‌ലൻഡ് വഴിയാണെങ്കിൽ കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്കും (DMK എയർപോർട്ട്) പിന്നീട് അവിടെ നിന്നും ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്കുമാണ് പോകേണ്ടത്. Ninoy Aquino International Airport എന്നാണു മനിലയിലെ എയർപോർട്ടിന്റെ പേര്.

എയർ ഏഷ്യയാണ് കൊച്ചി – ബാങ്കോക്ക് – മനില റൂട്ടിലെ ഏറ്റവും ചാർജ്ജ് കുറഞ്ഞ എയർലൈൻ. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും മൂന്നര മണിക്കൂർ യാത്രയാണ് മനിലയിലേക്ക്. യാത്ര തിരുവനന്തപുരത്തു നിന്നുമാണെങ്കിൽ തിരുവനന്തപുരം – ക്വലാലംപൂർ റൂട്ടിൽ മലിൻഡോയിലും ക്വലാലംപൂരിൽ നിന്നും മനിലയിലേക്ക് എയർ ഏഷ്യയുമാണ് കണക്ഷനായി ബുക്ക് ചെയ്യാൻ സാധിക്കുന്നത്. ഇത് കൂടാതെ സിംഗപ്പൂർ വഴി പോകുന്ന സിംഗപ്പൂർ എയർലൈൻസും ഉണ്ട്. ക്വലാലംപൂരിൽ നിന്നും ഏകദേശം 4 മണിക്കൂറും സിംഗപ്പൂരിൽ നിന്നും ആണെങ്കിൽ മൂന്നു മണിക്കൂർ 45 മിനിറ്റ് നേരത്തെ വിമാനയാത്രയുമാണ് മനിലയിലേക്ക് വേണ്ടിവരുന്നത്.

ഇനി വിസയെക്കുറിച്ച് പറയാം. ഫിലിപ്പീൻസിൽ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമല്ല. അതുകൊണ്ട് ഇന്ത്യയിലുള്ള ഫിലിപ്പീൻസ് എംബസ്സി മുഖേന വിസ മുൻകൂറായി എടുത്തിട്ടു വേണം യാത്രയ്ക്ക് ഒരുങ്ങുവാൻ. വിസ എടുക്കുന്നതിനായി നമ്മുടെ കയ്യിൽ വേണ്ട രേഖകൾ – പാസ്സ് പോർട്ട്, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോകൾ, ഫിലിപ്പീൻസിൽ ചെന്നിട്ട് താമസിക്കുവാൻ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ വിവരങ്ങൾ, മടക്കയാത്ര അടക്കമുള്ള വിമാന ടിക്കറ്റുകൾ എന്നിവയാണ്. ജോലി ചെയ്യുന്ന ആളാണെങ്കിൽ സ്ഥാപനത്തിൽ നിന്നും ലീവ് അനുവദിച്ചതായി കാണിക്കുന്ന രേഖ കരുതുക. ചിലപ്പോൾ ഇത് ചോദിച്ചേക്കാം. അധികം ബുദ്ധിമുട്ടില്ലാതെ വിസ ലഭിക്കുവാൻ ഏതെങ്കിലും ട്രാവൽ ഏജൻസികളെ ബന്ധപ്പെട്ടാൽ മതി.

ഇനി ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം. ഓസ്‌ട്രേലിയ, ജപ്പാൻ, ഷെങ്കൻ, യു.എസ്., യു.കെ, സിംഗപ്പൂർ (മൾട്ടിപ്പിൾ എൻട്രി) വിസകൾ കയ്യിലുള്ളവർക്ക് ഫിലിപ്പീൻസിൽ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണ്. ഇത്തരത്തിലുള്ള വിസ സൗജന്യമായിരിക്കും. അവിടത്തെ ഇമിഗ്രെഷൻ കൗണ്ടറിൽ അധികം ചോദ്യങ്ങളൊന്നും ഉണ്ടാകുവാനിടയില്ല. എന്നാണ് തിരിച്ചു പോകുന്നത് എന്നും, എന്തിനു വന്നു എന്നും മാത്രമാണ് അവർ സാധാരണയായി ചോദിക്കുന്നത്.

Philippine peso ആണ് ഫിലിപ്പീൻസിലെ കറൻസി. ഒരു Philippine peso യുടെ മൂല്യം 1.37 ഇന്ത്യൻ രൂപയാണ്. യാത്രയ്ക്ക് മുൻപ് നല്ല റേറ്റിൽ കറൻസി മാറി എടുക്കുന്നതാണ് ഉത്തമം. മനില എയർപോർട്ടിൽ നിന്നും തന്നെ സഞ്ചാരികൾക്കായുള്ള സിം കാർഡുകൾ ലഭ്യമാണ്. നല്ല ഓഫറുകൾ ഉള്ളത് നോക്കി തിരഞ്ഞെടുക്കുക.

ബസ്, ടാക്സി, മെട്രോ, Jeepney തുടങ്ങിയവയാണ് ഫിലിപ്പീൻസിലെ പ്രധാന യാത്രാമാർഗ്ഗങ്ങൾ. കൂട്ടത്തിൽ Jeepney എന്താണെന്നു മനസിലായിട്ടുണ്ടാകില്ല അല്ലേ? പറഞ്ഞുതരാം. ജീപ്പിന്റെ മോഡലിലുള്ള ഒരു പാസഞ്ചർ ട്രക്കാണ് Jeepney. വളരെ തുച്ഛമായ ചാർജ്ജ് മാത്രമേ ഇതിലെ യാത്രകൾക്ക് ആവുകയുള്ളൂ. തായ്‌ലൻഡിലെ ‘ടുക്-ടുക്’ പോലെ. അതുപോലെ തന്നെ മനില സിറ്റിയിൽ ഒരുവിധം ഏരിയയിലേക്കൊക്കെ മെട്രോ സർവ്വീസുകളും ലഭ്യമാണ്.

സ്ട്രീറ്റ് ഫുഡിന് പേരുകേട്ട സ്ഥലമാണ് മനില. അവിടത്തെ ചൈന ടൗണിൽ പോയാൽ വിവിധ രാജ്യങ്ങളിലെ വിഭവങ്ങൾ രുചിച്ചറിയാം. പൊതുവെ ഫിലിപ്പീൻസുകാരുടെ ഭക്ഷണങ്ങൾ ചിലപ്പോൾ നമുക്ക് പിടിക്കണമെന്നില്ല. അതുപോലെ തന്നെ ഷോപ്പിംഗിനും പേരുകേട്ട സ്ഥലമാണിത്. അവിടത്തെ Divisoria fake market ൽ പോയാൽ ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ തുടങ്ങിയെന്തും തുച്ഛമായ വിലയിൽ ലഭിക്കും. നമ്മൾ നന്നായി വിലപേശി വാങ്ങണമെന്ന് മാത്രം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഐറ്റങ്ങളാണെങ്കിലും ക്വളിറ്റിയൊക്കെ അത്യാവശ്യം ഉണ്ടാകും. പിന്നെയൊരു കാര്യം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ പോക്കറ്റടിയ്ക്ക് വളരെ പേരുകേട്ട സ്ഥലമാണ് ഈ മാർക്കറ്റ്. അതുകൊണ്ട് തിരക്കുകളിൽ നിന്നും അൽപ്പം അകലം പാലിക്കുക. നമ്മുടെ കയ്യിലെ വിലപിടിപ്പുള്ളവ സൂക്ഷിക്കുക.

പട്ടായയിലെ പോലെത്തന്നെ നൈറ്റ് ലൈഫ് ആഘോഷകരമാക്കുവാൻ പറ്റിയ സ്ഥലങ്ങൾ അവിടെയുണ്ട്. അതിൽ പ്രധാനമാണ് മനിലയിൽ നിന്നും 90 കിലോമീറ്റർ ദൂരത്തായുള്ള എയ്ഞ്ചൽ സിറ്റി. അടിച്ചു പൊളിക്കുവാൻ പിന്നെന്തു വേണം? ബാക്കി എന്തൊക്കെയാണ് കാണേണ്ടതെന്നു നിങ്ങൾ ഗൂഗിളിൽ തപ്പി നിശ്ചയിക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ അപരിചിതരെ അധികം വിശ്വസിക്കാതിരിക്കുക, പ്രത്യേകിച്ച് അവിടത്തെ പെണ്ണുങ്ങളെ. കാഴ്ച കാണുവാൻ വന്നാൽ അതു കണ്ടിട്ടു പോകുക, ആവശ്യമില്ലാത്ത പരിപാടികളിൽ നിന്നും ഒഴിഞ്ഞു മാറേണ്ടതു തന്നെയാണ്.

പൊതുവെ ഫിലിപ്പീൻസുകാർ എല്ലാവരോടും സൗഹാർദ്ദപരമായ ഇടപെടുന്നവരും തമാശകൾ ആസ്വദിക്കുന്നവരുമാണ്. അതുപോലെ തന്നെയാണ് അവിടത്തെ പോലീസുകാർ. ടൂറിസ്റ്റുകൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്.

പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടവ : എല്ലാ നാട്ടിലെയും പോലെ ഫിലിപ്പീൻസിലും പറ്റിക്കപ്പെടാനുള്ള സാധ്യതകളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ പറഞ്ഞുതരാം. കറൻസികൾ നല്ല ലാഭത്തിൽ മാറ്റിത്തരാം എന്നു പറഞ്ഞുകൊണ്ട് വരുന്നവരെ അകറ്റി നിർത്തുക. ഇവരിൽ 90% വും ഭൂലോക ഫ്രോഡുകളായിരിക്കും. ഫിലിപ്പീൻസിലെ എടിഎം കൗണ്ടറുകളിൽ നിന്നും കഴിവതും പണം പിൻവലിക്കാതിരിക്കുക. കള്ളന്മാർ പലതരം തട്ടിപ്പു വിദ്യകൾ ചില എടിഎമ്മുകളിൽ ചെയ്യാറുണ്ട്. വിശ്വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ഫ്രീ വൈഫൈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താതിരിക്കുക. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം.

തായ്‌ലൻഡിലെ പോലെ ഭാഷയുടെ കാര്യത്തിൽ പെട്ടുപോകുമെന്ന പേടി ഫിലിപ്പീൻസിൽ വേണ്ട. ഫിലിപ്പീനികൾക്ക് പൊതുവെ ഇംഗ്ലീഷ് അറിയാം. അതുകൊണ്ട് അത്യാവശ്യം മുറിയിംഗ്ളീഷ് ഒക്കെ പറഞ്ഞാൽ അവിടെ കാര്യം നടക്കുമെന്ന് സാരം. പിന്നെ കുറച്ച് ഫിലിപ്പീനോ വാക്കുകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അവയിൽ ചിലത് ഇതാ – Hello / How are you (informal) – Kumusta , I’m fine – Mabuti (man-booh-tee), Please – Paki (Pah-KEE), Thank you – Salamat (sah-LAH-maht), You’re welcome – Walang anuman (wah-LAHNG ah-noo-MAHN), Goodbye – Paalam (Pah-AHL-ahm), Yes – Oo (oh-oh), No – Hindi (heehn-dee).

അപ്പോൾ ഇനി നിങ്ങളുടെ അടുത്ത യാത്ര ഫിലിപ്പീൻസിലേക്ക് പ്ലാൻ ചെയ്യൂ. ഒപ്പം ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ഒന്ന് ഓർമ്മയിൽ സൂക്ഷിക്കുകയും വേണം. മികച്ച ഫിലിപ്പീൻസ് യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 9207731800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published.

Go to top