ദുബായിൽ എങ്ങനെ ഒരു ജോലി നേടാം? ചെയ്യേണ്ട കാര്യങ്ങൾ

by September 3, 2019

മലയാളികളെ പണക്കാരാക്കി മാറ്റിയത് ഗൾഫ് നാടുകളിലെ ജോലിയാണെന്ന് നിസ്സംശയം പറയാം. അന്നും ഇന്നും ഗൾഫുകാരന് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത ഒന്നുതന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഇന്നും ഭൂരിഭാഗം ആളുകളും ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലിയെടുക്കുന്നതും കൂടുതൽ ജോലി സാധ്യതയുള്ളതുമായ സ്ഥലമാണ് ദുബായ്. ഇന്ന് ലോകത്തിലെ മികച്ച നഗരങ്ങളിൽ ഒന്നായ ദുബായ് നമ്മുടെയെല്ലാം സ്വപ്നങ്ങൾക്ക് ചിറക് വിടർത്തുവാൻ സഹായിക്കുന്നു.

ദുബായിൽ ജോലിയുള്ള പരിചയക്കാർ വഴിയാണ് കൂടുതലാളുകളും അവിടേക്ക് എത്തപ്പെടുന്നത്. എന്നാൽ അവിടെ പരിചയക്കാർ ആരുമില്ലെങ്കിലും നമുക്ക് ജോലിയ്ക്കായി ശ്രമിക്കാവുന്നതാണ്. ഒരാൾക്ക് എങ്ങനെ ദുബായിൽ ജോലി നേടാം? അതിനായി എന്തൊക്കെ ചെയ്യണം?

ദുബായിൽ ജോലിക്കു ശ്രമിക്കുന്നതിനു രണ്ടു മാർഗ്ഗങ്ങളുണ്ട്. ഒന്ന് നമ്മുടെ നാട്ടിൽ നിന്നുകൊണ്ടുതന്നെ ശ്രമിക്കാം. അല്ലെങ്കിൽ വിസിറ്റിങ് വിസ എടുത്തുകൊണ്ട് അവിടെ ചെന്നിട്ട് ജോലി തേടാം. ആദ്യം നാട്ടിൽ നിന്നുകൊണ്ടു എങ്ങനെ ജോലിയ്ക്കായി ശ്രമിക്കാം എന്നു നോക്കാം.

ഒരു ജോലിയ്ക്ക് ശ്രമിക്കുന്നതിനു മുൻപായി നിങ്ങൾ നിങ്ങളെത്തന്നെ അറിഞ്ഞിരിക്കുക. നിങ്ങളുടെ കഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, ഏത് മേഖലയിൽ ശോഭിക്കാൻ കഴിയും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രധാനമായും ഉദ്ദേശിച്ചത്. ഒരു കാര്യം ഓർക്കുക, ദുബായിൽ ജോലി നേടുക എന്നത് ഒരു മത്സരം തന്നെയായിരിക്കും. പ്രത്യേകിച്ച് ശുപാർശകൾ ഒന്നും തന്നെയില്ലാതെ സ്വന്തമായി ജോലിയ്ക്ക് ശ്രമിക്കുമ്പോൾ മറ്റു ഉദ്യോഗാർത്ഥികളിൽ നിന്നും നിങ്ങളെ തിരഞ്ഞെടുക്കുവാൻ തക്കവിധത്തിലുള്ള കഴിവും അർപ്പണബോധവും പ്രകടമാക്കുക.

ഇനി ഏത് മേഖലയിലാണ് ജോലി തേടേണ്ടത് എന്നു തീരുമാനത്തിലെത്തുക. അതുപോലെ തന്നെ നിങ്ങളുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു C.V (curriculum vitae) തയ്യാറാക്കുക. ഇതിന്റെ ഫോർമാറ്റുകൾ ഗൂഗിളിൽ തപ്പിയാൽ ലഭിക്കും. അല്ലെങ്കിൽ ഇത് തയ്യാറാക്കുന്ന സ്ഥലങ്ങളിൽ (DTP സെന്ററുകൾ) ചെല്ലുക. CV തയ്യാറാക്കിയാൽ അത് വിവിധ ഓൺലൈൻ ജോബ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യണം. ദുബായിൽ ജോലി നേടാൻ സഹായിക്കുന്ന ഓൺലൈൻ സൈറ്റുകൾ ഏതൊക്കെയെന്നു ഇന്റർനെറ്റിൽ നിന്നും അറിയാവുന്നതാണ്.

അതുപോലെ തന്നെ ദുബായിലെ ജോബ് വേക്കൻസികൾ അറിയുവാനുള്ള സൈറ്റുകളിൽ കയറി നിരന്തരം പരിശോധിക്കുകയും ആവശ്യമെന്നു തോന്നുന്നവയ്ക്കെല്ലാം അപേക്ഷിക്കുകയും അവർക്ക് CV അയച്ചു കൊടുക്കുകയും ചെയ്യണം. ഒന്നോർക്കുക, ആരും നമുക്ക് ഇങ്ങോട്ടു കൊണ്ടുവന്നു ജോലി തരില്ല. നമ്മൾ എത്ര പരിശ്രമിക്കുന്നുവോ അത്രയും ജോലിസാധ്യതയും കൂടും.

ഇത്രയൊക്കെ ചെയ്താലും ജോലി ലഭിക്കണമെങ്കിൽ അതിനു അൽപ്പം ഭാഗ്യവും കൂടി വേണം. സ്വന്തമായി പരിശ്രമിച്ചിട്ടും ജോലിയൊന്നും ശരിയാകുന്നില്ലെങ്കിൽ നിങ്ങൾക്ക് വേണമെങ്കിൽ റിക്രൂട്ട്മെന്റ് ഏജൻസികളെ ആശ്രയിക്കാം. ഇത്തരത്തിൽ ആശ്രയിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾ വിശ്വാസയോജ്യമായിരിക്കണം. ഉഡായിപ്പുകളിൽ ചെന്ന് പണിവാങ്ങരുത്. റിക്രൂട്ട്മെന്റ് ഏജൻസി വഴിപോകുമ്പോൾ അവർക്ക് ഒരു നിശ്ചിത തുക കമ്മീഷൻ ഫീസായി കൊടുക്കേണ്ടി വരും. ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് നന്നായി അന്വേഷിച്ചിട്ടു മാത്രമേ ഒരു റിക്രൂട്ട്മെന്റ് ഏജൻസിയെ ബന്ധപ്പെടാവൂ.

ഇനി ആദ്യം പറഞ്ഞതുപോലെ ദുബായിൽ ചെന്നിട്ട് ജോലിയ്ക്ക് പരിശ്രമിക്കുന്ന കാര്യത്തിലേക്ക് കടക്കാം. പൊതുവെ ദുബായിൽ പരിചയക്കാർ ഉള്ളവർക്കാണ് ഈ വിധം കൂടുതലും ഉപകാരപ്പെടുന്നത്. കാരണം താമസ സൗകര്യങ്ങളും മറ്റു സഹായങ്ങളും ലഭിക്കും എന്നതു തന്നെ. പരിചയക്കാർ ആരും ഇല്ലെങ്കിൽ ജോലി നേടുവാനായി ചില ട്രാവൽ ഏജൻസികളുടെ ജോബ് സീക്കിംഗ് പാക്കേജുകൾ എടുത്തും അവിടേക്ക് എത്തിപ്പെടാവുന്നതാണ്.

ഉദാഹരണത്തിന് കേരളത്തിലെ പ്രമുഖ ട്രാവൽ ഏജൻസികളുടെ ഫേസ്‌ബുക്ക് പേജ് എടുത്തു നോക്കിയാൽ ഇതുപോലുള്ള ധാരാളം പാക്കേജുകളെക്കുറിച്ച് നിങ്ങൾക്ക് അറിയുവാൻ സാധിക്കും. ടിക്കറ്റ്, വിസ, ഒരു മാസത്തെ താമസം (റൂം ഷെയറിംഗ്), ഭക്ഷണം, വൈഫൈ എന്നിവ ഇത്തരത്തിൽ ട്രാവൽ ഏജൻസികൾ തയ്യാറാക്കി കൊടുക്കാറുണ്ട്. ജോലി ട്രാവൽ ഏജൻസികൾ ശരിയാക്കി കൊടുക്കുന്നില്ല. അതു കണ്ടെത്തേണ്ടത് നമ്മൾ തന്നെയാണ്. ഈ കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടാക്കിയിട്ടു വേണം പാക്കേജുകൾ എടുക്കുവാൻ. ഇത്തരം പാക്കേജുകൾക്ക് ശരാശരി 40,000 രൂപ മുതലാണ് ചാർജ്ജ് ഈടാക്കാറുള്ളത്. കൂടുതൽ വിവരങ്ങൾക്ക്:  +91 9207763800, +91 9605890630, +91 9207761800, +91 9207762800.

അപ്പോൾ ദുബായിൽ ജോലിയ്ക്ക് ശ്രമിക്കണം എന്നാഗ്രഹമുള്ളവർ ഈ കാര്യങ്ങൾ ആദ്യമേ തന്നെ ഓർത്തുവെക്കുക. എടുത്തു ചാടി ഒന്നും ചെയ്യാതെ എല്ലാം ഒന്ന് അന്വേഷിച്ചിട്ട് തീരുമാനമെടുക്കുന്നതായിരിക്കും നല്ലത്. ഏതാണോ നിങ്ങൾക്ക് അനുയോജ്യമായ മാർഗ്ഗം, ആ വഴി തിരഞ്ഞെടുക്കുക. എല്ലാവര്ക്കും എല്ലാവിധ ആശംസകളും നേരുന്നു.

Leave a Reply

Your email address will not be published.

Go to top