തിരുവനന്തപുരത്തു നിന്നും കാസർഗോട്ടേക്ക് വെറും 4 മണിക്കൂർ; അതിവേഗ റെയിൽ പദ്ധതി

by December 21, 2019

കേരളത്തിൽ അങ്ങിങ്ങോളം റോഡ് മാർഗ്ഗം സഞ്ചരിക്കുവാൻ വിലങ്ങുതടിയാകുന്നത് മോശം റോഡുകളും ട്രാഫിക് ബ്ലോക്കുകളുമൊക്കെയാണ്. എന്നാൽ ട്രെയിൻ മാർഗ്ഗം പോകാമെന്നു വിചാരിച്ചാലോ? ട്രെയിൻ അവിടവിടെയായി പിടിച്ചിടലും സിഗ്നൽ പ്രശ്‌നവുമൊക്കെ മറ്റൊരു പ്രശ്നം. ഇവയെയെല്ലാം മാറ്റിനിർത്തി ഒരു അതിവേഗ റെയിൽ പദ്ധതിയ്ക്ക് ഒരുങ്ങുകയാണ് കേരളം ഇപ്പോൾ. അതിൻ്റെ വിശദവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തിൽ അനുമതി നല്‍കിയത് നമ്മുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന വാർത്തയാണ്. ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് നിര്‍മിക്കുന്നത്.

പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന് പ്രാഥമിക സാധ്യതാപഠനത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ച ശേഷമാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിനയിച്ചത്. നിക്ഷേപ സമാഹരണത്തിനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.

നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം- കാസർകോട് യാത്രാസമയം 12 മണിക്കൂറിൽനിന്നു നാലു മണിക്കൂറിലേക്കു ചുരുക്കുന്നതാണ് ഈ പദ്ധതി.

കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍ നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ ഇടനാഴി നിര്‍മിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. 11 ജില്ലകളിലൂടെയാണു പാത കടന്നു പോവുക.

സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളില്‍ ആകാശപാതയായിട്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

കടപ്പാട് – മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജ്.

Leave a Reply

Your email address will not be published.

Go to top