ചാലക്കുടിയിൽ നിന്നും പറമ്പിക്കുളത്തേക്ക് ഉണ്ടായിരുന്ന ഒരു ഫോറസ്റ്റ് ട്രാം സർവ്വീസ് ചരിത്രം !!

by May 19, 2020

രാജ്യത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളിലൊന്നായിരുന്നു ഇന്നത്തെ ചാലക്കുടി നഗരത്തിൽ നിന്നും പറമ്പിക്കുളം ടൈഗർ റിസേർവ് വരെ സർവീസ് നടത്തിയിരുന്ന ഈ ട്രാം സർവീസ്. അന്നത്തെ കൊച്ചി രാജ്യത്തിനു കീഴിലുണ്ടായിരുന്ന പറമ്പിക്കുളം ഫോറെസ്റ്റിൽ നിന്നും തടിയുൾപ്പെടെയുള്ള വന വിഭവങ്ങൾ കൊച്ചി തുറമുഖം വഴി കയറ്റി അയക്കാൻ കൊച്ചി രാജാവ് മുൻകൈയെടുത്താണ് പദ്ധതി ആരംഭിക്കുന്നത്. 80 കിലോമീറ്റർ ലെങ്തും 2 ട്രാക്കുകളും ഉണ്ടായിരുന്നു ഈ പാതക്ക്. ഇന്നത്തെ റെയിൽവേ ഭാഷയിൽ പറഞ്ഞാൽ dedicated freight corridor.

മദ്രാസിൽ നിന്നും എറണാകുളം ടെർമിന്സ് വരെ നിലവിലുണ്ടായിരുന്ന പാതയിലേക്ക് ചാലക്കുടിയിൽ വച്ചു ഈ പാത ബന്ധിപ്പിച്ചിരുന്നു. കൊച്ചി നഗരത്തിലെ ഫോറെസ്റ്റ് കോൺസെർവറ്റോർ ആയിരുന്ന J.C.Kohloff ആണ് ഇങ്ങനെയൊരു ഐഡിയ അന്നത്തെ കൊച്ചി രാജാവായ രാമവർമ്മ പതിനഞ്ചാമനു മുന്നിൽ വച്ചത്. Cochin forest tramway act പാസാക്കി 1905 ൽ എഞ്ചിനീയറിംഗ് ജോലികൾ ആരംഭിക്കുകയും ചെയ്തു. 1907ല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 18 ലക്ഷം രൂപ ആകെ ചെലവായി.

1907 ൽ ട്രാംവേയിലൂടെ ആദ്യമായി ഓടിയ തീവണ്ടി മദ്രാസ് ഗവർണ്ണർ സർ ആർതർ ഒലിവർ വില്ലിയേഴ്സ് ഫ്ലാഗ് ഓഫ് ചെയ്തു. ഈ പാതയിലൂടെയുള്ള ട്രെയിൻ സർവ്വീസുകൾ അന്നത്തെ കൊച്ചി സർക്കാരിന് വൻ സാമ്പത്തിക വിജയം നേടിക്കൊടുക്കുകയും കൊച്ചി രാജ്യത്തെ വ്യവസായ വിപ്ലവങ്ങൾക്ക് ഇത്‌ ഊർജം പകരുകയും ചെയ്തു. വില്ലിങ്ടൺ ഐലൻഡ് ഉൾപ്പെടെ നിർമിക്കാനുള്ള ഫണ്ട്‌ രാജാവ് കണ്ടെത്തിയതും അത് കേരളത്തിലെ വാണിജ്യ കവാടമായി മാറിയതും പിൽക്കാല ചരിത്രം.

ചാലക്കുടി മുതല്‍ ചിന്നാര്‍ വരെ യാത്ര പൂര്‍ത്തിയാക്കാന്‍ ചരക്കു കയറ്റിയ ട്രാമിന് വേണ്ടത് ആറ് മണിക്കൂറാണ്. ഇതില്‍ മൂന്ന് മടക്ക് കയറ്റമുള്ള ആദ്യത്തെ ഭാഗം പിന്നിടാനാണ് ഏറ്റവും കൂടതല്‍ സമയം വേണ്ടത്. നാല് മണിക്കൂര്‍. രണ്ടും മൂന്നും ഭാഗങ്ങള്‍ ശേഷിക്കുന്ന രണ്ട് മണിക്കൂറില്‍ പിന്നിടും. കുത്തനെയുള്ള മടക്ക് കയറ്റങ്ങള്‍ക്ക് പുറമെ ഹെയര്‍പിന്‍ വളവ് എന്ന് വിശേഷിപ്പിക്കാവുന്ന എതിര്‍ദിശയിലേക്കെന്ന പോലെയുള്ള വളവുകളാണ് ട്രാമിന്റെ യാത്ര വൈകിക്കുന്നത്. ഇത്തരം ഇരുപതോളം വളവുകള്‍ ട്രാംപാതയിലുണ്ട്.

ട്രാമിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ 1926 ല്‍ സ്പെഷ്യല്‍ ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വനവിഭവങ്ങളുടെ ചൂഷണം കുറയ്ക്കാനായിരുന്നു ഇത്. എന്നാല്‍ ഉടനെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പ്രവര്‍ത്തനം 1928 വരെ തുടര്‍ന്നു. ഇതിനിടെ ചാലക്കുടി – വാല്‍പ്പാറ വഴി തമിഴ്നാട്ടില്‍ നിന്നുള്ള പുതിയ റോഡിന്റെ നിര്‍മാണവും നടന്നു. അതോടെ ട്രാമിലൂടെയുള്ള ചരക്ക് കടത്തലിന്റെ പ്രസക്തി കുറഞ്ഞു.

അവസാനിപ്പിക്കുന്നതിന് മുൻപായി ട്രാം എന്ന ആ എഞ്ചിനീയറിങ് അല്‍ഭുതം ചരിത്രസാക്ഷി എന്ന നിലയില്‍ സംരക്ഷിക്കാന്‍ അന്നുത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. വനം വകുപ്പിന്റെ കീഴിലായിരുന്ന ട്രാമിന്റെ പ്രസക്തി പരിശോധിക്കാന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ കമ്മീഷനെ നിയോഗിച്ചു. ട്രാം പദ്ധതി വെള്ളാനയാണെന്നും രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പദ്ധതി ഇനി തുടരരുതെന്നും കമ്മീഷന്‍ വിധിയെഴുതി. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. 1951 എപ്രില്‍ 24 ന് ട്രാമിന്റെ പ്രവര്‍ത്തനം എന്നെന്നെക്കുമായി അവസാനിപ്പിച്ചു.

പിന്നീട് കൊച്ചി തുറമുഖം വന്നതോടെ ഇതുവഴിയുള്ള ചരക്കുനീക്കങ്ങൾ കുറഞ്ഞു തുടങ്ങി. പിന്നീട് വന സംരക്ഷണ നിയമങ്ങൾ നിലവിൽ വന്നപ്പോൾ 1953 ൽ സെപ്ഷ്യൽ ഫിനാൻസ് കമ്മറ്റി റിപ്പോർട്ട്‌ പ്രകാരം ഈ ട്രാം പദ്ധതി ഡി കമ്മീഷൻ ചെയ്തു. ഇതിന്റെ പല ഭാഗങ്ങളും ചാലക്കുടി വനപ്രദേശത്തു ഇന്നും നിലനിൽക്കുന്നു. പഴയ ട്രാംവേയുടെ അവശിഷ്ടങ്ങളും, പാലങ്ങളും മറ്റും ഈ വഴിയിൽ ഇപ്പോഴും കാണാം. ഈ പാത ഇപ്പോൾ അതേപടി വനം വകുപ്പുകാർ കാട്ടിലെ ഔദ്യോഗിക ജീപ്പ് പാതയാക്കി കാത്തു വരുന്നു.

വെറും 2 വർഷം കൊണ്ട് കൊച്ചി രാജാവ് ഈ റെയിൽവേ വിസ്മയം സൃഷ്‌ടിച്ച കേരളത്തിലെ ശബരി റെയിൽവേ എന്ന് കേട്ടു തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടായി. ഇതുവരെ 10 കിലോമീറ്റർ പോലും പാളം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മൾ എവിടെ നിന്ന് തുടങ്ങി എവിടെ എത്തി നിൽക്കുന്നു എന്നത് ഇതിലൂടെ മനസിലാക്കാം.

കടപ്പാട് – msasok.blogspot, Visakh Varghese Kizhakkan.

Leave a Reply

Your email address will not be published.

Go to top