indigo yathra

കൊച്ചി എയർപോർട്ടിൽ നിന്നും എനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം…

by September 2, 2019

വർഷത്തിൽ നിരവധി തവണ രാജ്യത്തിനകത്തും രാജ്യത്തിനു പുറത്തേക്കുമൊക്കെയായി വിമാനയാത്രകൾ നടത്തുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇതുവരെ വിമാനയാത്രകളിൽ നിന്നോ എയർപോർട്ടുകളിൽ നിന്നോ എനിക്ക് മോശമായ ഒരനുഭവം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. പക്ഷെ കഴിഞ്ഞ ദിവസം (27-08-2019) കൊച്ചി എയർപോർട്ടിൽ നിന്നും എനിക്ക് നേരിടേണ്ടി വന്ന അനുഭവം ശരിക്കും എന്നെ വിഷമത്തിലാഴ്ത്തി.

ഞാൻ നടത്തിക്കൊണ്ടു പോകുന്ന ട്രാവൽ ഏജൻസിയായ റോയൽസ്‌കൈ ഹോളിഡേയ്സിന് ഇന്ത്യയിൽ കൊച്ചിയിലും വിശാഖപട്ടണത്തുമാണ് ഓഫീസുകളുള്ളത്. അങ്ങനെയാണ് കഴിഞ്ഞ ഓഗസ്റ്റ് 27 നു വിമാനമാർഗ്ഗം വിശാഖപട്ടണത്തേക്ക് പോകുന്നതിനായി കൊച്ചി എയർപോർട്ടിൽ എത്തിച്ചേർന്നത്. ഇൻഡിഗോ എയർലൈൻസിൽ ആയിരുന്നു എനിക്ക് പോകേണ്ടിയിരുന്നത്. ടിക്കറ്റുകൾ മുന്നേതന്നെ ബുക്ക് ചെയ്തിരുന്നതിനാലും, ഈ റൂട്ടിൽ കഴിഞ്ഞ 12 വർഷത്തോളം യാത്ര ചെയ്ത അനുഭവസമ്പത്തു കൊണ്ടും അധികം നേരത്തെയല്ലാതെ ഞാൻ ചെക്ക് ഇൻ കൗണ്ടറിൽ എത്തിച്ചേർന്നു. ലഗേജുകളിൽ അനുവദിച്ചതിലും 3 കിലോ കൂടുതലുണ്ടായിരുന്നതിനാൽ എനിക്ക് 1200 രൂപ കൂടുതലായി അടയ്‌ക്കേണ്ടതായി വന്നു. അങ്ങനെ ചെക്ക് ഇൻ പരിപാടികളെല്ലാം പൂർത്തിയാക്കി ഞാൻ ചെക്കിംഗ് ഏരിയയിലേക്ക് ചെന്നു.

എൻ്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ (കാബിൻ ബാഗ്) വ്ലോഗ് ചെയ്യുന്നതിനായുള്ള ക്യാമറ മുതലായ ഉപകരണങ്ങൾ ഉണ്ടായിരുന്നു. രണ്ടു മൂന്നു ട്രേകളിലായി സാധാരണ ചെയ്യാറുള്ളതു പോലെ ഞാൻ അവയെല്ലാം പരിശോധനയ്ക്കായി തയ്യാറാക്കി. എന്നാൽ തീവ്രവാദ ഭീഷണികളെയും മറ്റും മുൻനിർത്തി എയർപോർട്ടിൽ കനത്ത ചെക്കിംഗ് ആയിരുന്നു. എന്താണോ എന്തോ? അവർ എന്നെ മാത്രം ഷൂസ് അടക്കം ഊരി വിശദമായി പരിശോധിക്കുകയുണ്ടായി. പരിശോധിച്ചിട്ടും തൃപ്തി വരാത്തപോലെ അവർ പിന്നെയും സമയമെടുത്ത് പരിശോധന തുടർന്നു. ഒടുവിൽ എല്ലാം കഴിഞ്ഞു ഞാൻ കുഴപ്പക്കാരൻ അല്ലെന്നു അവർക്ക് ബോധ്യപ്പെട്ടപ്പോൾ ബോർഡിംഗ് ഗേറ്റിലേക്ക് പോകുവാൻ എന്നെ അനുവദിച്ചു.

ഒരുകണക്കിന് എല്ലാം വാരിക്കൂട്ടി ബാഗിലാക്കി ഗേറ്റിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഇൻഡിഗോ സ്റ്റാഫ് എന്നെ വിമാനത്തിൽ കയറുവാൻ അനുവദിച്ചില്ല. ചില്ലുഗ്ലാസ്സിനപ്പുറത്ത് എൻ്റെ വിമാനം കിടക്കുന്നത് എനിക്ക് കാണാമായിരുന്നു. പക്ഷേ ബോർഡിംഗ് ക്ളോസ് ആയെന്നു പറഞ്ഞു അവർ എൻ്റെ യാത്ര തടയുകയായിരുന്നു.വിമാനത്തിലേക്ക് കയറ്റിയ എൻ്റെ ലഗേജ് അതിനിടെ അവർ തിരികെയിറക്കിയിരുന്നു. ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവർ ചെവിക്കൊള്ളാൻ തയ്യാറായില്ല. ചെക്ക് ഇൻ ചെയ്തിരുന്നെങ്കിലും എനിക്കായുള്ള ഫൈനൽ കോളുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. സാധാരണ രീതിയിൽ ഒരാൾ ചെക്ക് ഇൻ ചെയ്തു കഴിഞ്ഞു ബോർഡിംഗിൽ എത്തിയില്ലെങ്കിൽ എയർലൈൻ സ്റ്റാഫുകൾ അവരെത്തേടി വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്ന കാഴ്ച കുറെ കണ്ടിട്ടുള്ളതാണ്. എന്തുകൊണ്ടോ നിർഭാഗ്യവശാൽ എനിക്ക് അതുണ്ടായില്ല.

ഒടുവിൽ എനിക്ക് വിഷമത്തോടെ, അവരുടെ സ്റ്റാഫിന്റെ അകമ്പടിയോടെ അവിടെ നിന്നും തിരികെ ചെക്ക് ഇൻ കൗണ്ടറിലേക്ക് വരേണ്ടി വന്നു. ചെക്ക് ഇൻ കൗണ്ടറിൽ ഞാൻ എൻ്റെ വിഷമാവസ്ഥ അറിയിച്ചുവെങ്കിലും വേണമെങ്കിൽ വൈകീട്ടത്തെ ഫ്‌ളൈറ്റിൽ യാത്ര തരപ്പെടുത്താമെന്നായിരുന്നു അവിടെ നിന്നും കിട്ടിയ മറുപടി. പക്ഷെ ബെംഗളൂരു ചെന്നിട്ട് അവിടെ നിന്നും വിശാഖപട്ടണത്തിലേക്ക് കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നതിനാൽ അത് എനിക്ക് സാധ്യമായിരുന്നില്ല. എന്നോപ്പോലൊരു സാധാരണ കസ്റ്റമർ അവർക്ക് ഒന്നുമല്ല എന്ന് അവരുടെ സംസാരത്തിൽ നിന്നും എനിക്ക് ബോധ്യമായി.

ഞാൻ തോറ്റു പിന്മാറാൻ തയ്യാറായിരുന്നില്ല. എന്തായാലും ഇന്ന് സമയത്ത് പോയിരിക്കണം എന്ന് എനിക്ക് വാശിയായിരുന്നു. അങ്ങനെ തിരക്കിയപ്പോൾ എനിക്ക് എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് തരപ്പെട്ടു. 7300 ഓളം രൂപ മുടക്കി കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് ഞാൻ യാത്രയ്ക്ക് തയ്യാറായി. അതിനു മുൻപ് എനിക്ക് സെക്യൂരിറ്റി ചെക്കിംഗിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ പറയുവാനായി ഞാൻ മലയാളിയായ സെക്യൂരിറ്റി ഓഫീസറെ കണ്ടു. ഇത്രയധികം യാത്രക്കാർ ഉള്ളപ്പോൾ സുരക്ഷാ ചെക്കിംഗുകൾ വളരെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നതു മൂലമായിരുന്നു എനിക്ക് കൃത്യ സമയത്ത് പോകുവാൻ സാധിക്കാതിരുന്നത്. സുരക്ഷാ കാരണങ്ങളിൽ യാതൊരു വിധ വിട്ടുവീഴ്ചകളൂം സാധിക്കില്ലെന്നും, എത്രയധികം യാത്രക്കാർ ഉണ്ടെങ്കിലും പതുക്കെ മാത്രമേ അവർക്ക് ചെക്കിംഗ് നടത്തുവാൻ കഴിയുകയുള്ളൂ എന്ന് ആ ഓഫീസർ അറിയിച്ചു.

അങ്ങനെ ആ ഓഫീസറോട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ എയർ ഇന്ത്യ വിമാനത്തിൽ കയറി ബെംഗളൂരുവിലേക്കും അവിടെ നിന്നും കണക്ഷൻ ഫ്‌ളൈറ്റിൽ കയറി വിശാഖപട്ടണത്തേക്കും യാത്രയായി. ഇത്രയും വർഷങ്ങൾ പല രാജ്യങ്ങളിൽ യാത്ര ചെയ്തു പരിചയമുള്ള എനിക്ക് ഇത്തരമൊരു മോശം അനുഭവമുണ്ടായത് നമ്മുടെ സ്വന്തം നാട്ടിൽ. സെക്യൂരിറ്റി ചെക്കിംഗുകൾ ആവശ്യമാണ്. അത് നമ്മുടെ സുരക്ഷയെ കരുതിത്തന്നെയാണ്. പക്ഷേ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കൂടുതൽ കൗണ്ടറുകൾ പ്രവർത്തനക്ഷമമാക്കി പരിശോധനയ്ക്കായുള്ള ക്യൂവിന്റെ നീളം കുറയ്ക്കുവാൻ എയർപോർട്ട് അധികൃതർ ശ്രദ്ധിക്കണമെന്ന് ഈ അവസരത്തിൽ ഒരു യാത്രക്കാരൻ എന്ന നിലയ്ക്ക് ഞാൻ അഭ്യർത്ഥിക്കുകയാണ്. കാരണം ഇത്തരത്തിൽ വിമാനങ്ങൾ സമയത്ത് കിട്ടാതെ വന്നാൽ സാധാരണക്കാരായ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതുപോലെ തന്നെ ആഭ്യന്തര വിമാനയാത്രക്കാർ കുറഞ്ഞത് രണ്ടു മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. ഇന്റർനാഷണൽ യാത്രക്കാരാണെങ്കിൽ മൂന്നര – നാല് മണിക്കൂർ മുൻപ് വരെയെങ്കിലും റിപ്പോർട്ട് ചെയ്യുവാൻ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Go to top