പട്ടായയിൽ പോയാൽ എന്തൊക്കെ കാണാം? എവിടെയൊക്കെ പോകാം?

by November 2, 2019

കേരളത്തിൽ നിന്നും ഏറ്റവും ചെലവ് കുറച്ച് പോകാൻ പറ്റിയ ഒരു വിദേശ രാജ്യമാണ് തായ്‌ലൻഡ്. തായ്‌ലൻഡിൽ ഏറ്റവുമധികം ടൂറിസ്റ്റുകൾ വരുന്ന സ്ഥലം പട്ടായ ആയിരിക്കും. എന്തുകൊണ്ടാണ് പട്ടായയ്ക്ക് ഇത്ര പ്രത്യേകത? പട്ടായയിൽ വന്നാൽ എന്തൊക്കെയാണ് കാണുവാൻ സാധിക്കുക? എവിടെയൊക്കെ സന്ദർശിക്കാം? ആ വിവരങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.

തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു തീരദേശ നഗരമാണ് പട്ടായ. വിയറ്റ്‌നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു. പിന്നീട് തായ്‌ലാൻഡിന്റെ ടൂറിസം മേഖലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ലൊക്കേഷനായി പട്ടായ വളരുകയായിരുന്നു.

ഇന്ന് ടൂറിസം പ്രധാന വരുമാനമാർഗമായ പട്ടായ, ലോകത്തിലെ ഏറ്റവും വലിയ സെക്സ് ടൂറിസം കേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാൽ അതിനപ്പുറം പട്ടായ ഒരു ഫാമിലി ഫ്രണ്ട്ലി ടൂറിസ്റ്റ് കേന്ദ്രം കൂടിയാണെന്ന കാര്യം ആരും മനസ്സിലാക്കുന്നില്ല. പട്ടായയിൽ വന്നാൽ നാം പൊടിപ്പും തൊങ്ങലും വെച്ചു കേട്ട ചില കഥകൾക്കും അപ്പുറം അതൊരു മനോഹര തീരമാണെന്നു മനസ്സിലാകും. പട്ടായയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളെ ഇനി പരിചയപ്പെടുത്തി തരാം.

വാക്കിംഗ് സ്ട്രീറ്റ് : പട്ടായയുടെ ഏറ്റവും വലിയ ആകർഷണമാണ് വാക്കിംഗ് സ്ട്രീറ്റ്. പകൽ മുഴുവനും സാധാരണ ഒരു സ്ട്രീറ്റ് ആയിട്ടാണ് കാണപ്പെടുന്നതെങ്കിലും രാത്രിയായാൽ പിന്നെ ഇതുവഴിയുള്ള ഗതാഗതം ബ്ലോക്ക് ചെയ്യും. പിന്നീടങ്ങോട്ട് നൈറ്റ് ലൈഫ് എന്ജോയ് ചെയ്യുവാനുള്ള സൗകര്യങ്ങളാണ് വാക്കിംഗ് സ്ട്രീറ്റിൽ കാണുവാൻ സാധിക്കുന്നത്. നല്ല കിടിലൻ ഫുഡ് ലഭിക്കുന്ന റസ്റ്റോറന്റുകൾ, കാതടപ്പിക്കുന്ന ശബ്ദത്തോടു കൂടിയ ഡാൻസ് ബാറുകൾ, വഴിയരികിൽ മുറുക്കാൻ കടപോലെയുള്ള മിനി ബാറുകൾ, പാട്ടുകൾക്കും ഡാൻസുകൾക്കുമൊപ്പം ആളുകളെ വശീകരിക്കുന്ന നോട്ടവുമായി സുന്ദരിമാരും ഒക്കെയായി മറ്റൊരു ലോകമാണ് വാക്കിംഗ് സ്ട്രീറ്റ്. ഇവിടെ നിങ്ങളെ ആരും ശല്യം ചെയ്യുകയില്ല, തുറിച്ചുനോട്ടമില്ല, എല്ലാവരും ജീവിതത്തിലെ ആ അസുലഭ മുഹൂർത്തം ആസ്വദിക്കുന്ന തിരക്കിലാകും. ടൂറിസ്റ്റുകൾക്ക് ഫാമിലിയായിട്ടു വരെ വാക്കിംഗ് സ്ട്രീറ്റ് കാഴ്ചകൾ ആസ്വദിക്കാം.

കോറൽ ഐലൻഡ് : പട്ടായയിലെ മറ്റൊരു പ്രധാന ആകർഷണമാണ് കോറൽ ഐലൻഡ് യാത്ര. പട്ടായ ബീച്ചിൽ നിന്നും കുറച്ചു ദൂരത്തായി കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളിലേക്ക് സ്പീഡ് ബോട്ടിൽ പോകാം. കടലിലെ തിരമാലകൾക്കൊപ്പം തുള്ളിച്ചാടി ബോട്ട് പോകുമ്പോൾ അത് ഒരു അഡ്വഞ്ചർ യാത്രയായി മാറുന്നു. കടലിനാണെങ്കിൽ വാൾപേപ്പറുകളിൽ കാണപ്പെടുന്നതു പോലെ നല്ല ഇളംനീല നിറമായിരിക്കും. കോറൽ ഐലൻഡിൽ പലതരത്തിലുള്ള ബീച്ച്, സ്പോർട്സ് ആക്ടിവിറ്റികൾ ലഭ്യമാണ്. ഒരു പകൽ മുഴുവനും അടിച്ചുപൊളിച്ചു ചെലവഴിക്കാനുള്ളതൊക്കെ കോറൽ ഐലൻഡിൽ ഉണ്ട്.

ഫ്‌ളോട്ടിങ് മാർക്കറ്റ് : തായ്‌ലൻഡിൽ പലയിടങ്ങളിലും ഫ്‌ളോട്ടിങ് മാർക്കറ്റുകൾ ഉണ്ടെങ്കിലും പട്ടായയിലെ ഫ്‌ളോട്ടിങ് മാർക്കറ്റാണ് സഞ്ചാരികളുടെയിടയിൽ ഏറ്റവും പേരുകേട്ടത്. പേരുപോലെ തന്നെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, ഒരു മാർക്കറ്റ് ആണിത്. ഒരു വലിയ തടാകത്തിൽ തടികൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ മാർക്കറ്റിനുള്ളിലൂടെ ചെറുവഞ്ചികളിൽ കച്ചവടക്കാർ കറങ്ങിനടക്കും. അവരെപ്പോലെ സഞ്ചാരികൾക്കും വഞ്ചിയാത്ര ആസ്വദിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവുമാണ് ഫ്‌ളോട്ടിങ് മാർക്കറ്റ് സന്ദർശിക്കുവാൻ നല്ലത്.

സാങ്ച്വറി ഓഫ് ട്രൂത്ത് : പട്ടായയിൽ വരുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കാണാതെ, അറിയപ്പെടാതെ പോകുന്ന ഒരു സ്ഥലമാണിത്. കടലിനോടു ചേർന്നു കിടക്കുന്ന ഒരു ബുദ്ധക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഈ ദേവാലയം മുഴുവൻ മരത്തിൽ ആണ് പണിതിരിക്കുന്നത്.. പ്രധാനമായും ബുദ്ധിസ്റ്, ഹിന്ദു വിഷയങ്ങളിലുള്ള ശില്പകലയാണ് ഇവിടെ ഉള്ളത്. ഇതിന്റെ ഗോപുരത്തിന് 105 മി. ഉയരം ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാൽ 1983 ൽ തുടങ്ങിയ ക്ഷേത്രത്തിന്‍റെ പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നതാണ് മറ്റൊരു അത്ഭുതം. ഇപ്പോഴും പണികള്‍ നടക്കുന്നതിനാല്‍ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകര്‍ തലയില്‍ ഒരു ഹെല്‍മറ്റ് ധരിച്ചുവേണം പ്രവേശിക്കുവാന്‍.

ഖമർ വാസ്തുവിദ്യ ശൈലി ആണ് ഈ ക്ഷേത്രം പണിയുവാന്‍ ഉപയോഗിക്കുന്നത്. അങ്കോർ കാലഘട്ടത്തിലെ പോലെ മരത്തിൽ കൊത്തുപണി ചെയ്ത ശിൽപ്പങ്ങൾ ഇവിടെ കാണാം. നാല് ഗോപുരങ്ങൾ ആണ് ഇതിനുള്ളത്. കംബോഡിയ, ചൈന, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ബുദ്ധിസ്റ് – ഹിന്ദു പുരാണങ്ങളിലെ കഥകൾ ക്ഷേത്രത്തിന്‍റെ ചുവരുകളിലും മേല്‍ക്കൂരകളിലും കാണിച്ചിരിക്കുന്നു. 2050 ഓടെ ഈ ക്ഷേത്രത്തിന്‍റെ മുഴുവന്‍ പണികളും കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അല്‍കസാര്‍ ഷോ : ലോകപ്രശസ്തമായ ഒരു കാബറേ ഷോയാണ് ഇത്. യഥാര്‍ത്ഥത്തില്‍ ഈ ഡാന്‍സ് കളിക്കുന്നവര്‍ ശരിക്കും സ്ത്രീകളല്ല; നമ്മള്‍ ഭിന്നലിംഗക്കാര്‍ എന്നു പറയുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് ആണ്. കാബറേ എന്നു കേട്ടിട്ട് ഈ ഷോ കാണുന്നതില്‍ നിന്നും കുടുംബമായി വരുന്നവരാരും തന്നെ വിട്ടുനില്‍ക്കേണ്ടതില്ല. എല്ലാത്തരക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന നല്ല അടിപൊളി ഡാന്‍സും സൗണ്ട് സിസ്റ്റവും സ്റ്റേജ് അലങ്കാരവും ഒക്കെയാണ് ഈ ഷോയുടെ പ്രധാന ആകര്‍ഷണങ്ങള്‍. പട്ടായ സന്ദര്‍ശിക്കുവാന്‍ വരുന്നവര്‍ യാതൊരു കാരണവശാലും അല്‍കസാര്‍ ഷോ കാണുവാന്‍ മറക്കരുത്.

ശ്രീരച ടൈഗർ സൂ : തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്നും ഏകദേശം 100 കിലോമീറ്ററോളം അകലെയായി സ്ഥിതി ചെയ്യുന്ന ഒരു മൃഗശാലയാണ് ശ്രീരച ടൈഗർ സൂ. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ആസ്വദിക്കുവാൻ തക്ക വിധത്തിലുള്ള പലതരം ആക്ടിവിറ്റികൾ, ടൈഗര്‍ ഷോ, എലിഫന്‍റ് ഷോ, പിഗ് റേസ്, ക്രോക്കഡൈല്‍ ഷോ തുടങ്ങിയ അനിമൽ ഷോകൾ എന്നിവയൊക്കെ അടങ്ങിയ മറ്റൊരു ലോകം തന്നെയാണിത്.

സാധാരണ നമ്മുടെ നാട്ടിലെ മൃഗശാലകളിൽ കൂട്ടിൽ കിടക്കുന്ന മൃഗങ്ങളെ മാത്രമാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. എന്നാൽ ഇവിടെ അങ്ങനെയല്ല. കടുവക്കുഞ്ഞുങ്ങൾക്ക് മടിയിലിരുത്തി പാൽ കൊടുക്കാം, മുതലക്കുഞ്ഞിനെ മടിയിൽ വെച്ച് ഓമനിക്കാം, വലിയ ഭീമാകാരനായ കടുവയുടെ ഒപ്പമിരുന്നുകൊണ്ട് ഫോട്ടോയെടുക്കാം, വലിയ മുതലയുടെ മുകളിൽ ഇരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യാം, ആനപ്പുറത്തേറുകയും അവയുടെ തുമ്പിക്കയ്യിൽ ഊഞ്ഞാലാടുകയുമൊക്കെ ചെയ്യാം.. അങ്ങനെ പറഞ്ഞാൽ തീരാത്ത വ്യത്യസ്തങ്ങളായ, അൽപ്പം സാഹസികമായ ആക്ടിവിറ്റികൾ ശ്രീരച ടൈഗർ സൂവിൽ ഉണ്ട്.

അണ്ടർവാട്ടർ വേൾഡ് : കടലിനടിയിലെ കാഴ്ചകൾ കരയിൽ സമ്മാനിക്കുന്ന ഒരു വ്യത്യസ്‍തമായ പാർക്കാണ് അണ്ടർവാട്ടർ വേൾഡ്. മുതിർന്നവർക്കും അതിലുപരി കുട്ടികൾക്ക് നന്നായി ആസ്വദിക്കുവാൻ പറ്റിയ കാഴ്ചകൾ ഇവിടെയുണ്ട്. കടലിനടിയിലൂടെ നടക്കുന്ന പ്രതീതി നൽകുന്ന ഒരു ടണലിലൂടെ നടന്നുകൊണ്ടാണ് ഇവിടെ കാഴ്ചകൾ ആസ്വദിക്കുവാൻ കഴിയുന്നത്. പലതരത്തിലുള്ള കടൽജീവികളെ ഇവിടെ കാണാം, അവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

മസ്സാജ് പാർലറുകൾ : പട്ടായയിൽ മസ്സാജ് പാർലറുകൾ ധാരാളമായുണ്ട്. ഫൂട്ട് മസാജ് മുതൽ ഫുൾബോഡി മസ്സാജ് വരെ ഈ പാർലറുകളിൽ ലഭ്യമാണ്. ആവശ്യമുണ്ടെങ്കിൽ ഒരു കിടിലൻ തായ് മസ്സാജ് ട്രൈ ചെയ്യാം.

ടുക്-ടുക് സവാരി : നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷകളെപ്പോലെ തായ്‌ലൻഡിൽ കാണപ്പെടുന്ന ഒരു വാഹനമാണ് ടുക്-ടുക്. ഓട്ടോറിക്ഷയെക്കാൾ വലിപ്പമുള്ള ഇവയിൽ കൂട്ടമായി ഇരുന്നും നിന്നുമൊക്കെ നമുക്ക് സഞ്ചരിക്കാം. പട്ടായയിൽ വരുന്ന സഞ്ചാരികൾ നടന്നു കാഴ്ചകൾ കാണുന്നതിനൊപ്പം ഒരിക്കലെങ്കിലും ടുക്-ടുക് സവാരി ഒന്നു ആസ്വദിച്ചിരിക്കണം. പോകേണ്ട സ്ഥലവും ചാർജുമൊക്കെ മുൻകൂട്ടി പറഞ്ഞു തീരുമാനിച്ചതിനു ശേഷം മാത്രം സവാരി തുടങ്ങുക.

പട്ടായ വെറുമൊരു ടൂറിസ്റ്റ് കേന്ദ്രം മാത്രമല്ല, അതൊരു ഫാന്റസി ലോകമാണ്. ഒരിക്കൽ അവിടെ പോയവർക്ക് അതറിയാം. അതുകൊണ്ടു തന്നെയാണ് ആദ്യം ഒറ്റയ്ക്ക് പോയവർ പിന്നീട് ഫാമിലിയായി പട്ടായയിൽ വന്ന് അടിച്ചുപൊളിക്കുന്നത്. നിങ്ങൾക്കും പട്ടായയിൽ പോകണമെന്നുണ്ടോ? എങ്കിൽ മികച്ച യാത്രാപാക്കേജുകൾ ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 9207731800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published.

Go to top