സിംഗപ്പൂർ നിങ്ങളെ കാത്തിരിക്കുന്നു; വരൂ ഒരു കിടിലൻ ഫാമിലി ട്രിപ്പ് പോകാം…

by September 28, 2019

തായ്‌ലാൻഡും മലേഷ്യയും പോലെത്തന്നെ മലയാളികളുടെ ട്രാവൽ ഡയറിയിൽ കയറിക്കൂടിയ ഒരു രാജ്യമാണ് സിംഗപ്പൂരും. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് സിംഗപ്പൂർ അൽപ്പം ചിലവേറിയ സ്ഥലമാണെങ്കിലും അവിടത്തെ കാഴ്ചകളും അനുഭവങ്ങളും അതിനൊത്തു മികച്ചവ തന്നെയാണ്. മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നത്.

മലേഷ്യയിൽ വരുന്നവർക്ക് ബസ് – ട്രെയിൻ മാർഗ്ഗം സിംഗപ്പൂരിലേക്ക് പോകാവുന്നതാണ്. എസ്.ബി.എസ് ട്രാൻസിറ്റ്, എസ്.എം.ആർ.ടി കോർപ്പറേഷൻ എന്നീ കമ്പനികളാണ് ഇവിടത്തെ ബസ്-തീവണ്ടി സർവീസുകൾ നടത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ സിംഗപ്പൂർ ഒരു പ്ലാൻഡ് സിറ്റി തന്നെയാണ്. അവിടത്തെ ഇലക്ട്രോണിക്ക് ടോൾ പിരിവ് (ERP – Electronic Road Pricing), പല യൂറോപ്പ്യൻ രാ‍ജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാണ്.

സിംഗപ്പൂരിൽ 17000 മലയാളികളായ പൗരന്മാരുണ്ടന്നാണ് ‍ഔദ്യോഗിക കണക്ക്. ഏറ്റവും പഴക്കം ചേർന്ന മലയാളി കൂട്ടായ്മയും NBKL – Naval Base Kerala Library ഇവിടെയാ‍ണ് പിറന്നത്. ഇന്ത്യൻ ഭാഷയായ തമിഴ് ഇവിടുത്തെ ഒരു ഔദ്യോഗിക ഭാഷയാണ്‌ എന്നത് എടുത്തുപറയേണ്ട മറ്റൊരു കാര്യം കൂടിയാണ്. സിംഗപ്പൂരിൽ നാല് ഔദ്യോഗിക ഭാഷകളുണ്ട്: ഇംഗ്ലീഷ്, മലയ്, മാൻഡരിൻ ചൈനീസ്, തമിഴ്.

സിംഗപ്പുര എന്ന മലയ് പേരിനെ ഇംഗ്ലീഷ് വൽക്കരിച്ചതാണ് സിംഗപ്പോർ/സിംഗപ്പൂർ. സിംഗപ്പുര എന്ന മലയ് പേരുതന്നെ ഉദ്ഭവിച്ചിരിക്കുന്നത് ഇന്ത്യൻ ഭാഷയായ സംസ്കൃതത്തിൽ നിന്നാണ്. സിംഹവും, നഗരം എന്നർത്ഥമുള്ള പുരവും കൂടിചേർന്നാണ് സിംഹപുരം എന്ന സംസ്കൃത വാക്ക് രൂപപ്പെട്ടിരിക്കുന്നത്. സിംഹനഗരം എന്നൊരു വിശേഷണവും ഇതിനാൽതന്നെ സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട്.

പ്രധാന ദ്വീപായ പുലാവു ഉജോങ് ഉൾപ്പെടെ, 63 ദ്വീപുകൾ ചേരുന്നതാണ് സിംഗപ്പൂർ രാജ്യം. പ്രധാന ദ്വീപിനെ മലേഷ്യയുടെ ജൊഹോറുമായി ബന്ധിപ്പിച്ചുകൊണ്ട് 2 മനുഷ്യനിർമ്മിത പാലങ്ങളുണ്ട്: വടക്കുഭാഗത്ത് ജൊഹോർ – സിംഗപ്പൂർ കടൽപ്പാലവും, പടിഞ്ഞാറ് ഭാഗത്ത് തുവാസ് സെക്കൻഡ് ലിങ്കും. ജുറോങ്ക്, പുലാവു തെക്കോങ്, പുലാവു ഉബിൻ സെന്റോസ എന്നിവയാണ് സിംഗപ്പൂരിലെ ചില പ്രധാന ദ്വീപുകൾ. 537 അടി ഉയരത്തിലുള്ള ബുകിറ്റ് തിമാ കുന്നാണ് സിംഗപ്പൂരിലെ ഏറ്റവും ഉയർന്ന സ്ഥലം.

കൊച്ചിയിൽ നിന്നും സിംഗപ്പൂരിലേക്ക് നേരിട്ട് വിമാന സർവീസുകൾ ലഭ്യമാണ്. അല്ലെങ്കിൽ ശ്രീലങ്ക വഴിയും സിംഗപ്പൂരിലേക്ക് പോകാവുന്നതാണ്. സിംഗപ്പൂരിലെ ഒരു പ്രധാന വിമാനത്താവളമാണ് സിംഗപ്പൂർ ചാങ്കി അന്താരാഷ്ട്ര വിമാനത്താവളം. പൊതുവെ ചാങ്കി വിമാനത്താവളം എന്നറിയപ്പെടുന്ന ഈ എയർപോർട്ട് തെക്കുകിഴക്കൻ ഏഷ്യയിലെ തന്നെ വ്യോമഗതാഗത രംഗത്തെ ഒരു പ്രധാന ഹബ് കൂടിയാണ്. അതോടൊപ്പം ലോകത്തിലെ ഏറ്റവും മനോഹരമായ എയർപോർട്ടുകളിൽ ഒന്നുമാണ്.

വിവിധ ഭക്ഷ്യസംസ്കാരങ്ങളുടെ സമ്മേളന കേന്ദ്രമാണ് സിംഗപ്പൂർ. ഇവിടത്തെ ഭക്ഷണ വൈവിധ്യവും രുചിപ്പെരുമയുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. സിംഗപ്പൂരിലെ വിവിധ ജനവംശങ്ങൾ അവരുടേതായ ഭക്ഷണരീതി കൊണ്ടുവരുകയും, അത് സിംഗപ്പൂരിന്റെ ഭക്ഷണരീതിയായി മറുകയും ചെയ്തു എന്നതാണ് മറ്റൊരു യാഥാർഥ്യം. പ്രത്യേക ജനവിഭാഗങ്ങളുടേതായ വിഭവങ്ങൾ, ഉദാഹരണത്തിന് ചൈനീസ്, മലയ്, തമിഴ് ഭക്ഷണങ്ങൾ സിംഗപ്പൂരിൽ സുലഭമാണ്. ഇതിനു പുറമേ വിവിധ ശൈലികളിലുള്ള ഭക്ഷണങ്ങളുടെ ” സങ്കരരൂപവും” സിംഗപ്പൂരിന്റെ ഭക്ഷന വൈവിധ്യത്തെ കൂടുതൽ വിപുലമാക്കുന്നു. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഒരേ മേൽക്കൂരക്ക് കീഴിൽ ചെറിയ ചെറിയ കടകളിലായി, താരതമ്യേന കുറഞ്ഞ വിലക്ക് വിൽക്കപ്പെടുന്ന ഹോക്കർ സെന്ററുകളും ഫുഡ് സ്ട്രീറ്റുമെല്ലാം സിംഗപ്പൂരിലുണ്ട്.

ഇൻഡോർ വെള്ളച്ചാട്ടം : സിംഗപ്പൂരിൽ വരുന്നവർ കണ്ടിരിക്കേണ്ട ഒന്നാണ് കൃത്രിമമായി നിർമ്മിച്ചിരിക്കുന്ന ഈ വെള്ളച്ചാട്ടം. ഏകദേശം 35 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം ലോകത്തിലെ തന്നെ മനുഷ്യ നിർമ്മിതമായ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. ഇതുകൂടാതെ സിംഗപ്പൂർ സൂ, സിംഗപ്പൂർ ഫ്ലൈയർ, ബൊട്ടാണിക് ഗാർഡൻ, ഗാർഡൻ ബൈ ദി ബേ, ചൈന ടൌൺ, സെന്റോസ ദ്വീപ്, യൂണിവേഴ്‌സൽ സ്റ്റുഡിയോ, മെർലയൺ പാർക്ക് തുടങ്ങി നിരവധി ആകർഷണങ്ങൾ സിംഗപ്പൂരിലുണ്ട്. ഇവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ടവയാണ്.

നേരത്തെ തന്നെ പറഞ്ഞല്ലോ തായ്‌ലൻഡ് പോലെ സിംഗപ്പൂർ ഒരു ബഡ്‌ജറ്റ്‌ ടൂറിസ്റ്റ് കേന്ദ്രം അല്ലെന്ന്. എങ്കിലും ചില കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ സിംഗപ്പൂരിൽ ചെലവ് കുറയ്ക്കുവാൻ സാധിക്കും. ഭക്ഷണങ്ങൾ വലിയ ഹോട്ടലുകളിൽ നിന്നും കഴിക്കാതെ ചെറിയ കടകളിൽ നിന്നും ഫുഡ് സ്ട്രീറ്റിൽ നിന്നുമൊക്കെ കഴിച്ചാൽ ചെലവ് ഒരു പരിധിവരെ ആ വിഭാഗത്തിൽ കുറയ്ക്കാം. വലിയ ഷോപ്പിംഗ് മാളുകൾ ധാരാളമുണ്ടെങ്കിലും അവയിൽ കാഴ്ചകൾ കാണുവാൻ മാത്രം കയറുക. നിങ്ങളുടെ ഷോപ്പിംഗുകളൊക്കെ ചൈന ടൌൺ പോലുള്ള സ്ഥലങ്ങളിൽ നിന്നുമാക്കുന്നതാണ് ചെലവ് ചുരുക്കുവാൻ വളരെ നല്ലത്.

സിംഗപ്പൂരിൽ വിസ ഓൺ അറൈവൽ സിസ്റ്റം ഇല്ലാത്തതിനാൽ നമുക്ക് യാത്ര പുറപ്പെടുന്നതിനു മുൻപേ തന്നെ വിസ എടുക്കേണ്ടതായുണ്ട്. 30 ദിവസമാണ് സിംഗപ്പൂർ വിസയുടെ കാലാവധി. വിസ ലഭിച്ചു കഴിഞ്ഞു 35 ദിവസത്തിനുള്ളിൽ നമ്മൾ യാത്ര ചെയ്തിരിക്കണം. സിംഗപ്പൂരിലെ കറൻസി ‘സിംഗപ്പൂർ ഡോളർ’ ആണ്. ഇന്ന് ഒരു സിംഗപ്പൂർ ഡോളർ ഏകദേശം 51 ഇന്ത്യൻ രൂപയോളം വരും.

എന്തായാലും ഹണിമൂൺ കപ്പിൾസ് ആയാലും, കുടുംബവും കുട്ടികളുമായാലുമൊക്കെ അടിച്ചു പൊളിക്കുവാൻ വേണ്ടതെല്ലാം സിംഗപ്പൂരിലുണ്ട്. സിംഗപ്പൂരിലേക്ക് ഒരു കിടിലൻ ട്രിപ്പ് പോകുവാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays മായി ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പറുകൾ : +91 9207763800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published.

Go to top