ലിയനാര്‍ഡോ ഡികാപ്രിയോ നായകനായ ”ദി ബീച്ച്” എന്ന സിനിമയിലൂടെയാണ് ഫിഫി ദ്വീപ് പലരുടെയും ഹൃദയത്തിലേറുന്നത്. തായ്ലന്‍ഡിനു പടിഞ്ഞാറായി, ആന്‍ഡമാന്‍ കടലില്‍ ഒരു പൊട്ടു പോലെ കിടക്കുന്ന ഫിഫി. ഫുകേതിലെ വലിയ ദ്വീപിനും മലാക്ക നദിയുടെ പടിഞ്ഞാറേ കടലിടുക്കിനുമിടയില്‍ സ്ഥിതിചെയ്യുന്ന ആറു ദ്വീപുകളുടെ കൂട്ടം. തായ്ലന്‍ഡിലേക്കെത്തുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്ന ഇടം.
മനം മയക്കുന്ന നിരവധി കാഴ്ചകളും സാഹസിക വിനോദങ്ങളുമാണ് പ്രധാന ആകര്‍ഷണം. പവിഴപ്പുറ്റുകളും, വെള്ള മണല്‍ വിരിച്ച അതിമനോഹര ബീച്ചുകളും, കടല്‍ തീരങ്ങളും ഇവിടുത്തെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.
വിവിധ രൂപങ്ങളില്‍ അലങ്കാരം തീര്‍ക്കുന്ന പാറകളും, മരതക ജലാശയവും സഞ്ചാരിയെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ക്രാബി പ്രവിശ്യയാണ് ഫിഫി ദ്വീപിന്റെ ഭരണ ചുമതല വഹിക്കുന്നത്. ഫുക്കറ്റില്‍ നിന്നോ ക്രാബിയില്‍ നിന്നോ സ്പീഡ് ബോട്ടില്‍ 45 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ഫിഫിയില് എത്തിച്ചേരാം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നിരവധി റിസോര്‍ട്ടുകളാണ് അതിഥികളെ വെല്‍ക്കം ചെയ്യുക.
മൂന്നു ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട മയാ കടലിടുക്കും മാസ്മരിക കാഴ്ചയാണ്. സ്നോര്‍ക്ലിങ്, ഡൈവിങ്, കയാക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും ഏര്‍പ്പെടാന്‍ കഴിയും.
മുപ്പതു മിനിറ്റോളം നടന്നു കയറിയാല്‍ 186 മീറ്റര്‍ ഉയരത്തിലുള്ള വ്യൂപോയിന്റിലെത്താം. പരന്ന പാറകളുടെ മുകളില്‍ ഇരുന്നു കൊണ്ട് കടലിന്റെ സൗന്ദര്യവും കാഴ്ചകളും കാണാം. ടോണ്‍സായി ഗ്രാമവും ലോഡാലും മലയിടുക്കുകളുമൊക്കെ മുകളില്‍ നിന്നും കാണുവാന്‍ കഴിയും. ഡംബെല്ലിന്റെ രൂപത്തിലുള്ള ഈ ദ്വീപിന്റെ സൗന്ദര്യം ഏറ്റവും ഭംഗിയായി കാണുവാന്‍ കഴിയുന്നത് ഈ വ്യൂപോയിന്റില്‍ നിന്നാണ്.
കോഹ് പായ് എന്ന് അറിയപ്പെടുന്ന ഹൃദയത്തിന്റെ ആകൃതിയുള്ള ബാംബൂ ദ്വീപും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഫിഫിയിലെ മനോഹര കാഴ്ചയാണ്. തീരങ്ങളില്‍ നിറയെ മുളകളും കാറ്റാടി മരങ്ങളുമാണ്. മുളകള്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടാണ് ഈ ദ്വീപിനു ബാംബൂ ദ്വീപ് എന്ന് അറിയപ്പെട്ടത്.