![Explore-Waynad-tourist-places](https://hareesameerali.com/wp-content/uploads/2024/03/Waynad-tourist-places.jpeg)
വീണ്ടുമൊരു അവധിക്കാലം വന്നെത്തി. എന്നും പുതുമ നിറക്കുന്ന വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പം യാത്ര പോയാലോ. കുന്നും വയലും കാടും നിറഞ്ഞ ഹരിതഭംഗിയില്‍ വേനല്‍ ചൂടില്‍ മടിപിടിച്ചിരിക്കുന്ന മനസ്സിനെ തണുപ്പിച്ചാലോ? ഒന്നോ രണ്ടോ ദിവസത്തെ അവധിക്കാലം ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് വയനാട്.
ചുരത്തിലൂടെ മാത്രം എത്തിപ്പെടുവാന്‍ സാധിക്കുന്ന ഇടം. കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതകളിലൊന്നാണ് താമരശ്ശേരി ചുരം. ദേശീയ പാത 212 ന്റെ ഇരുവശവും കാടുകള്‍ നിറഞ്ഞ മനോഹര കാഴ്ചയാണുള്ളത്. താമരശ്ശേരി അടിവാരത്തു നിന്നും തുടങ്ങി വയനാട് ലക്കിടിയില്‍ അവസാനിക്കുന്ന ഈ പാതയില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകളുണ്ട്. 12 കിലോമീറ്റര്‍ ദൂരം വരുന്ന ആ പാത ബ്രിട്ടീഷുകാര്‍ക്ക് കുതിരസവാരി നടത്തി വയനാട് എത്തുക എന്ന ലക്ഷ്യത്തിലായിരുന്നു ആദ്യം നിര്‍മ്മിച്ചത്. വയനാടിന്റെ സ്വാഗത കവാടം കടന്ന് ചെന്നെത്തുക ചങ്ങല മരത്തിന്റെ ചുവട്ടിലേക്കാണ്. ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങള്‍ ബേപ്പൂര്‍ തുറമുഖത്തിലേക്ക് എത്തിച്ചിരുന്നത് കുറ്റ്യാടി ചുരം വഴിയായിരുന്നു.
പൂക്കോട് തടാകം
സമുദ്രനിരപ്പില്‍ നിന്നും 2526 അടി ഉയരത്തില്‍ പ്രകൃതി ഒരുക്കിയ 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും യോജിച്ച ഇടം. കാട് അതിരിടുന്ന പ്രദേശത്തെ കാഴ്ചകള്‍ മനോഹരം. പെഡല്‍ ബോട്ടില്‍ തടാകം ചുറ്റാം. വിവിധ തരം മീനുകളെ കാണാനും കൂട്ടത്തില്‍ സ്പായ്ക്കും അവസരമുണ്ട്. കുട്ടികള്‍ക്ക് പാര്‍ക്കില്‍ കളിക്കാനും മുതിര്‍ന്നവര്‍ക്ക് കുതിര സവാരി നടത്താനും സൈക്കിളില്‍ തടാകം ചുറ്റാനും കഴിയും. വയനാടന്‍ വിഭവങ്ങള്‍ നിറച്ചുള്ള കരകൗശല വില്‍പന ശാലയും പൂക്കോടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം.
കുറുവ ദ്വീപ്
കല്‍പറ്റയില്‍ നിന്നും 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കുറുവ ദ്വീപിലെത്താം. കബനിയിലെ തുരുത്തുകളുടെ കൂട്ടമാണ് സഞ്ചാരികളുടെ വലിയ ആകര്‍ഷണമായ കുറുവ ദ്വീപ്. 950 ഏക്കറിലായി 150ഓളം ചെറു ദ്വീപുകള്‍ സവിശേഷമായ ആവാസ വ്യവസ്ഥ കൂടിയാണ്.
പുഴയിലൂടെയുള്ള മുള ചങ്ങാട യാത്രയാണ് പ്രധാന ആകര്‍ഷണം. മഴക്കാലത്ത് ഒഴിച്ചാല്‍ രാവിലെ ഒന്‍പത് മണി മുതല്‍ കുറുവ ദ്വീപില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
മുത്തങ്ങ വന്യജീവി സങ്കേതം
സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ പാതയിലാണ് വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായ മുത്തങ്ങ വന്യജീവി സങ്കേതം. നിരവധി വന്യ ജീവികളെ ഈ കാടുകളില്‍ കണ്ടുമുട്ടാം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായുള്ള വയനാട്- മുതുമല- ബന്ദിപ്പൂര്‍, നാഗര്‍ഹോള ദേശീയ പാര്‍ക്കിന് 2500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. വനം വകുപ്പിന്റെ പ്രത്യേകം ജീപ്പിലൂടെയും കാടിനെ ആസ്വദിക്കാം. മുത്തങ്ങയില്‍ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളില്‍ ഏറുമാടങ്ങളും ഉണ്ട്.
ബാണാസുര സാഗര്‍ അണക്കെട്ട്
കല്‍പറ്റയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ബാണാസുര സാഗര്‍ അണക്കെട്ട്. ബാണാസുരയില്‍ നിന്നും മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 80 കിലോമീറ്ററാണ്.
6732 അടി ഉയരമുള്ള ബാണാസുരമല വയനാട്ടിലെ രണ്ടാമത്തെ ഉയരമുള്ള മലയാണ്. കാറ്റു കുന്ന്, ബാണാസുര മല, സായിപ്പു കുന്ന് എന്നിവയാണ് പ്രദേശത്തെ പ്രധാന മലകള്‍. ഇവയിലേക്കുള്ള ട്രക്കിംങുകളും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.
ചെമ്പ്ര
വയനാട്ടിലെ ഏറ്റവും ഉയരമുള്ള മലയാണ് ചെമ്പ്ര. തേയില തോട്ടങ്ങളും ചെങ്കുത്തായ കയറ്റങ്ങളും കുത്തനെയുള്ള പാറക്കയറ്റങ്ങളും പുല്‍മേടുകളും മലമുകളിലെ ലൗ ലെയ്കുമെല്ലാം അതിമനോഹര കാഴ്ചകളാണ്. ആഗസ്ത് മുതല്‍ മെയ് വരെയുള്ള മഴ ഒഴിഞ്ഞു നില്‍ക്കുന്ന മാസങ്ങളാണ് ചെമ്പ്ര സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് രണ്ടിന് മുമ്പായി എത്തുന്നവര്‍ക്ക് മാത്രമേ ട്രക്കിംങിന് അവസരമുണ്ടാവൂ.
എടക്കല്‍ ഗുഹ
എടക്കല്‍ ഗുഹകളിലേക്കുള്ള യാത്ര ഭൂതകാലത്തിലേക്കുള്ള സഞ്ചാരം കൂടിയാണ്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള എടക്കല്‍ ഗുഹകള്‍ ചരിത്രകാരന്മാര്‍ക്കു പ്രിയപ്പെട്ട ഇടമാണ്. നമ്മുടെ പൂര്‍വികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളില്‍ കൊത്തിയിട്ടിരിക്കുന്നത്. ഒരു വലിയ പാറ രണ്ടായി പിളര്‍ന്നുണ്ടായ ഗുഹകളാണിവ. അമ്പുകുത്തി മലയുടെ മുകളിലാണ് എടക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. മലമുകളിലേക്കുളള യാത്രയിലുടനീളം കാപ്പിപ്പൂവിന്റെ സുഗന്ധം കൂടെയുണ്ടാവും.