ലോകകപ്പ് ഫുട്ബാൾ സ്റ്റേഡിയത്തിൽ കാണാൻ പോയപ്പോഴുള്ള അനുഭവങ്ങൾ
57 Views December 8, 2022ഒരു വേൾഡ് കപ്പ് ഫുട്ബാൾ ഗാലറിയിലെ കാഴ്ചകൾ എന്തൊക്കെയായിരിക്കും? ഫുട്ബാൾ വേൾഡ്കപ്പിന് ഖത്തർ ഒരുക്കിയ വേദികളുടെ പ്രത്യേകതകൾ അറിയണ്ടേ? ഓൺലൈൻ വഴി ടിക്കറ്റ് എടുത്ത ഒരു വ്യക്തി ഏതൊക്കെ സുരക്ഷാ പരിശോധനകൾ കടന്നാണ് തനിക്ക് അനുവദിച്ച ഇരിപ്പിടത്തിൽ എത്തുന്നത് ? ഖത്തറിലെ പുൽമൈതാനങ്ങളിൽ കാൽപന്ത് മാമാങ്കത്തിന് ആരവം ഉയരുമ്പോൾ ആർത്തിരമ്പുന്ന കാണികൾക്കൊപ്പം ഗാലറിയിൽ ഇരുന്ന് കളിയാരവം ആസ്വദിക്കാൻ ഞാനുമുണ്ട്. ബെൽജിയം – കാനഡ മത്സരത്തിന് പ്രിയ സുഹൃത്ത് സന്തോഷ് കുരുവിള സാറിനും പ്രിയപ്പെട്ടവരുടെ കൂടെ എത്തിയതാണ് ഞാൻ.
സ്റ്റേഡിയത്തിൽ നിറഞ്ഞിരിക്കുന്ന ബെൽജിയം ആരാധകാർ. പച്ച പുൽമൈതനത്തിന് ചുറ്റും ചെമ്പട്ട് അണിഞ്ഞ ഗാലറി ഒരു ചുവന്ന വലയം തീർത്തിരിക്കുന്നു. സുവർണ്ണ നിരയുമായി ചെങ്കുപ്പായക്കാർ കളം നിറയുമ്പോൾ യുവരക്തത്തിൻ്റെ പോരാട്ട വീര്യവുമായി കാനഡയും. ആർത്തു വിളിക്കുന്ന ആരാധകർക്കിടയിൽ ബെൽജിയം ചാൻ്റുകൾ മുഴുക്കെ പരക്കുന്നു. ഇന്ന് അവരുടെ രാത്രിയാണ്. സുവർണ്ണ നിരയുമായി എത്തിയ ലോക രണ്ടാം റാങ്കുകാർ. ഡിഫൻസിലും മിഡ് ഫീൽഡിലും മുന്നേറ്റത്തിനും ശക്തർ. ലോകത്തിലെ ഏറ്റവും മൂല്യമേറിയ മിഡ് ഫീൽഡ് പ്ലേയർ കെവിൻ ഡീ ബ്ര്യൂയിനർ തന്നെയാണ് തുറുപ്പ് ചീട്ട്. മിഡ് ഫീൽഡ് മാസ്റ്റർ തന്നെയാണ് കെ ഡി ബി. വലകാക്കാൻ ലോക ഒന്നാം നമ്പർ ഗോൾ കീപ്പർ കോർത്വ ബാറിന് കീഴിലുണ്ട് . മുന്നേറ്റത്തിൽ ഹസ്സാർഡ് സഹോദരങ്ങൾ കൂടി ചേരുമ്പോൾ എതിർ ഡിഫൻസ് വിറക്കും.ശക്തരായ യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന കളിക്കാർ തന്നെയാണ് ബെൽജിയത്തിൻ്റേ ശക്തി.
ടിക്കറ്റ് കിട്ടാതെ, വേൾഡ് കപ്പ് മത്സരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തത്. ആകെ ഒരു ടെൻഷൻ ആയിരുന്നു. സന്തോഷ് കുരുവിള സാർ വിചാരിച്ചതൊന്ന് കൊണ്ട് മാത്രമാണ്, എമർജൻസി ടിക്കറ്റ് ലഭിച്ചത്. ബെൽജിയം പോലുള്ള ഒരു യൂറോപ്യൻ ടീമിൻ്റെ മത്സര ടിക്കറ്റ് എന്നും ഡിമാൻഡ് ഉള്ളതായിരിക്കും. മോഹ വിലയ്ക്ക് ബ്ലാക്ക് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയുള്ള ടിക്കറ്റുകൾ. ദൈവാനുഗ്രഹം കൊണ്ട് സാറിനെ ബന്ധപ്പെടാനും അതു വഴി ആദ്യ വേൾഡ് കപ്പ് മത്സരം കാണാൻ വഴിയൊരുങ്ങുകയും ചെയ്തു. ആവേശം നിറയുന്ന മത്സരം ഒരു ഗാലറി കാഴ്ചക്കാരൻ്റെ കണ്ണിലൂടെ നിങ്ങൾക്ക് കാണണ്ടേ? നമുക്ക് ഒരുമിച്ച് ആസ്വദിക്കാം..