ബാങ്കോക്ക് തെരുവിലെ ജപ്പാനീസ് വിഭവങ്ങൾ
24 Views August 18, 2022നല്ല വീതിയേറിയ നടപ്പാതകൾ. ഒരു വരി പാതയുടെ വീതിയിൽ റോഡിൻ്റെ ഇരുവശത്തും ഒഴിച്ചിരിക്കുന്നു. പകൽ വെളിച്ചം അരിച്ചിറങ്ങുന്ന തെരുവോരത്ത്, നിരനിരയായി പണിതു വച്ചിരിക്കുന്ന ചെറിയ കടകൾ. നമ്മുടെ നാട്ടിലെ തട്ടുകടകളുടെ ആധുനിക രൂപമെന്ന് പറയാം. വളരെ വൃത്തിയായി ഭംഗിയോടെ അവ പാതയുടെ ഇരുവശത്തും സ്ഥാനം പിടിച്ചിട്ടുണ്ട്. ബാങ്കോക്ക് നഗരത്തിലെ പ്രധാന റോഡുകളുടെയും ജംഗ്ഷനുകളുടെയും ഓരത്ത് ഇതുപോലുള്ള കടകളാണ്. M4 ടെക്കിൻ്റെ കൂടെയുള്ള പ്രഭാത യാത്രയിലാണ് ഞാൻ. രാവിലെ തന്നെ തായ് രുചികളുടെ മാസ്മരിക രുചിയിൽ അലിഞ്ഞാണ് ജിയോ മച്ചാനും പ്രവീണും.ഓരോ കടയിലും ഓരോ വിഭവങ്ങളാണ്. ഇനി വിഭവങ്ങളിൽ സാമ്യമുണ്ടെങ്കിൽ ഓരൊ പാചകക്കാരനും ഓരോ രുചി കൂട്ടായിരിക്കും. തായ് രുചിയുടെ വൈവിധ്യങ്ങൾ അറിയണമെങ്കിൽ ഈ തെരുവിൽ വന്നു ചേരണം.
സുഷിയും സാൽമണും നിപ്പോൺ മാസലകൾ ചേർത്ത നീരാളിയും കണവയും കൊഴുവയും കടൽപ്പായൽ കൊണ്ടുള്ള സൂപ്പും ഒക്കെയായി തെരുവിൽ മുഴുവൻ ജാപ്പനീസ് ഗന്ധമാണ്. തെരുവിൻ്റെ ഒരു ഭാഗം മുഴുവൻ ജപ്പാനീസ് വിഭവങ്ങൾക്ക് മാറ്റി വച്ചിരിക്കുന്നു. തായ് ഫുഡ് കഴിച്ചു മടുത്തവർക്ക്, കുറച്ചു ജാപ്പനീസ് രുചിയുമാകാം എന്നു കരുതിയിട്ടാവാം.
നമ്മുടെ ഒക്കെ നാട്ടിൽ എത്രയൊക്കെ രുചി ഭേദങ്ങളാണ് ഉളളത്. എണ്ണയിൽ വറുത്ത് കോരി എടുക്കുന്നതും ആവിയിൽ പുഴുങ്ങി എടുക്കുന്നതുമായ എത്രയത്ര വിഭവങ്ങൾ. ബോളിയും പഴംപൊരിയും മുതൽ ഇറച്ചി നിറച്ചതും കിളിക്കൂടുമായി പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ എത്രയെത്ര എണ്ണക്കടികൾ. കോഴിക്കോടൻ ഹൽവയും തലശ്ശേരി ബിരിയാണിയും വയനാടൻ പോത്തുങ്കാലും അങ്കമാലി പോർക്കും ആലപ്പുഴയിലെ കരിമീൻ പൊള്ളിച്ചതും തിരോന്തോരം സദ്യയും നമ്മുടെ ദേശദേശന്തരങ്ങളിലെ വിഭവങ്ങളിൽ ചിലത്. എന്നിടും പേരിന് പോലും ഒരു ഫുഡ് സ്ട്രീട് നമ്മുടെ ഒരു ജില്ലയിലും ഇല്ല. വൃത്തിയുള്ള തട്ടുകടകൾ ആണെങ്കിൽ കുറവും. തായ്‌ലൻഡിൽ ഉള്ളപോലെ വൃത്തിയും വെടിപ്പുമുള്ള കുറച്ചു കടകൾ നമ്മുടെ മട്ടാഞ്ചേരിയിലോ അതോ കോഴിക്കോടോ വന്നിരുന്നെങ്കിൽ ടൂറിസ്റ്റുകളുടെ എണ്ണം തന്നെ പതിന്മടങ്ങ് ആയേനെ. തലശ്ശേരിയിൽ ഒരു ഫുഡ് സ്ടീട് ഒരുങ്ങുന്നുണ്ട് എന്നു കേട്ടു. എങ്കിൽ മലബാറിൻ്റെ ഭക്ഷ്യ സംസ്കാരത്തിന് പുതിയൊരു എടായി മാറിയേനെ.
ഇവിടെ ഈ തെരുവിൽ തായ് രുചികളും ജപ്പാനീസ് വൈവിധ്യം മാത്രം രുചിക്കാൻ എത്ര മനുഷ്യരാണ് എത്തുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ അന്തി ഉറങ്ങിയും തെരുവോരങ്ങളിലെ ഭക്ഷ്യ ശാലകളിൽ നിന്നും ആഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം സഞ്ചാരികളും. ഞാനും ജിയോയും അതുപോലെ തന്നെ.
തായ്‌ലൻഡിലെ പ്രശ്സ്തമായ പ്ലാറ്റിനം മാൾ. അതിനു മുൻപിലെ നടപ്പാതയുടെ ഓരത്താണ് ഞങ്ങൾ ആഹാരം കഴിച്ചു നീങ്ങിയ തെരുവോരക്കടകൾ ഉളളത്. ആളുകൾ മെല്ലെ മെല്ലേ നടന്നു നീങ്ങി ഓരോന്നും ആസ്വദിക്കുകയാണ്. വറുത്ത എടുത്ത മാംസവും രുചിയേകാൻ സോസ്സേജുകളും ഒന്ന് കുളിരേകാൻ തായ് കരിക്കും ഒക്കെ രുചിച്ച് മുന്നോട്ട് നീങ്ങി.
ഓരോ ഭക്ഷണം കഴിച്ച് അടുത്ത കടയിൽ എത്തുമ്പോഴേക്കും കൗതുകം തോന്നുന്ന അടുത്ത വിഭവം രുചിച്ച് നോക്കും. ഓരോ ഇടത്തും കൗതുകം നിറഞ്ഞ ഭക്ഷണ പെരുമ.
രസക്കൂട്ടുകൾ വാരി വിതറിയ രുചിപ്പെരുമ. ഓരോ കടയുടെ മുന്നിലെത്തുമ്പോഴും ഗന്ധത്താൽ നമ്മെ മാടിവിളിക്കുന്ന മാന്ത്രിക വൈഭവം.