രുചിയിലെ കൊറിയന്‍ മാജിക്

19 Views February 27, 2024

ലോകം മുഴുവന്‍ കീഴടക്കുന്ന കൊറിയയുടെ ബി.ടി.എസ് തരംഗവും, കെ ഡ്രാമാ വിശേഷങ്ങളും പറഞ്ഞാണ് തായ്‌ലന്‍ഡ് തെരുവില്‍ പ്രഭാത ഭക്ഷണം കഴിക്കാനായി ഇറങ്ങിയത്. അതും ഉച്ചയ്ക്ക് ഒന്നരമണിക്ക്. ലോകത്ത് ഒരുവിഭാഗം കഴിക്കുന്ന ഭക്ഷണം മറുവിഭാഗത്തിന് ചിന്തിക്കാന്‍ കഴിയില്ലെങ്കിലും വ്യത്യസ്ത രുചികള്‍ തേടുന്നതില്‍ മലയാളികള്‍ ഒട്ടും പിന്നിലല്ല എന്നാണ് എന്റെ അനുഭവം.

ഇന്ത്യയില്‍ അടുത്തയിടെയാണ് കൊറിയന്‍ ഭക്ഷണങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മധുരം, ഉപ്പ്, പുളി കൂടെ മസാലയും ചേര്‍ന്നുള്ള സമ്മിശ്രരുചിയാണ് കൊറിയന്‍ ഭക്ഷണ രീതി. അവരുടെ പരമ്പരാഗത രുചികള്‍ക്കും പുത്തന്‍ വിഭവങ്ങള്‍ക്കുമെല്ലാം ഇന്ത്യയില്‍ ആരാധകരേറുകയാണ്. ഭാഷ, വസ്ത്രം, സൗന്ദര്യ സംരക്ഷണവും മാത്രമല്ല മലയാളികള്‍ക്കിടയില്‍ കൊറിയന്‍ രുചിയും താരമാകുന്നുണ്ട്. മിക്ക റെസ്റ്റോറന്റുകളിലും ഇപ്പോള്‍ കൊറിയന്‍ ഭക്ഷണം ലഭ്യമാകുന്നത് അതുകൊണ്ടാണ്.

കിംചി, റാമെനും,ബിബിംബാപ്പും, ജാപ്‌ചേയും, മുതല്‍ പലവിധ ചിക്കന്‍ മീന്‍ വിഭവങ്ങളും മലയാളി രുചിയാണെന്നതില്‍ സംശയമില്ല. പുളിച്ച കാബേജ് കൊണ്ടുണ്ടാക്കിയ സാലഡാണ് കിംച്ചി. ഉച്ചഭക്ഷണത്തിനും, അത്താഴത്തിനുമാണ് കൂടുതല്‍പേരും ഇത് തെരെഞ്ഞെടുക്കുന്നത്. യുവാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇന്സ്റ്റന്റ് നൂഡില്‍സ് ആണ് റാമെന്‍. ചിക്കന്‍ രണ്ടുതവണ ഡീപ്‌ഫ്രൈ ചെയ്ത് സോയ സോസ്, വെളുത്തുള്ളി പേസ്റ്റ്, തേന്‍ എന്നിവയില്‍ പാകപ്പെടുത്തിയെടുക്കുന്നതാണ് കൊറിയന്‍ ഫ്രൈഡ് ചിക്കന്‍. കൊറിയന്‍ ഫുള്‍ കോഴ്‌സ് വിഭവമാണ് ബിബിംബാപ്. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ പച്ചക്കറിയും ഇറച്ചിയും എരിവുള്ള സോസും മിക്‌സ് ചെയ്‌തെടുത്ത ചോറ്. കൊറിയയിലെ പ്രധാനപ്പെട്ട സ്ട്രീറ്റ് ഫുഡാണ് റ്റെക്ക്‌ബോക്കി. മധുരക്കിഴങ്ങ് നൂഡില്‍സ് ആണ് ജാപ്‌ചേ. ചട്ടി ചിക്കന്‍ വിത്ത് ചട്ടി നൂഡില്‍സ് കഴിക്കാന്‍ ഞങ്ങള്‍ ഒരു കൊറിയന്‍ ഭക്ഷണശാലയ്ക്കു മുന്നിലെത്തി. നല്ല വിശപ്പുണ്ട്. മെനു കാര്‍ഡില്‍ കണ്ട കളര്‍ ഫുള്‍ വിഭവങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ് ഞങ്ങള്‍. രുചിയിലെ കൊറിയന്‍ മാജിക് ഇതാ…

Tags :
Go to top