മാലിക്കടലിൽ M4 ടെക്കിനൊപ്പം മീൻപിടുത്തം
12 Views November 12, 2022
ഇരമ്പിയെത്തുന്ന തിരമാലകൾക്ക് മീതെ M4 ടെക്കിനൊപ്പം ഒരു മീൻപിടുത്തത്തിന് പോയാലോ? മാലിയിലെ ദിഗ്ഫാറു ദ്വീപിലാണ് ഞങ്ങൾ. ഇന്നത്തെ യാത്ര പ്രത്യേകതകൾ നിറഞ്ഞതാണ്. ഇത്തിരി സാഹസവും ഒത്തിരി ഉല്ലാസ്സവും നൽകുന്ന ഒരു യാത്ര.
മത്സ്യസമൃദ്ധമാണ് ദിഗ്ഫാറുവിലെ തീരങ്ങൾ. സ്രാവുകളും തിരണ്ടികളും വമ്പൻ ട്യൂണകളും സമൃദ്ധം. ആർത്തിരമ്പുന്ന നീലകടലിലൂടെ ഒരു ബോട്ടിംഗ്. കൂടെ ജിയോ മച്ചാൻ്റെയും പ്രവീൺ മച്ചാൻ്റെയുമൊപ്പം ചൂണ്ടയിടലും. മീൻപിടുത്തമാണ് ഇന്നത്തെ പ്രധാന പരിപാടി. തീരത്ത് നിന്നും ആഴക്കടലിലേക്ക് ഒരു യാത്ര, ശേഷം ചൂണ്ടയിടാനുള്ള പ്ലാൻ.
നൂറ്റാണ്ടുകളായി മത്സ്യബന്ധനമാണ് മാലിയിലെ ജനങ്ങളുടെ പ്രധാന ജീവനോപാധി.
ടൂറിസത്തിൻ്റെ വളർച്ചയോടെയാണ് ജനങ്ങൾ, കടൽ വിട്ട് കരയിൽ കൂടുതൽ ജോലി സാധ്യത കണ്ടെത്തിയെത്. എങ്കിലും കടൽ ജീവിതമാർഗ്ഗമാക്കിയവർ ഇപ്പോഴും ധാരാളമുണ്ട്. കടൽ തന്നെയാണ് അവർക്ക് ജീവിതം. കടലമ്മയാണ് അവർക്ക് ആശ്രയം. സ്ഫടികം കണക്കെ തിളങ്ങുന്ന വിശാലമായ കടൽ. കടലിൻ്റെ ആഴം വ്യക്തമായി കാണാം.
പവിഴപുറ്റുകളും മത്സ്യങ്ങളും നിറഞ്ഞു നിൽക്കുന്ന കാഴ്ച. തീരത്തെ പതിയെ തഴുകുന്ന തിര. മാലിയിലെ കടലിനെ എത്ര വർണ്ണിച്ചാലും മതിവരില്ല. മാലിയിൽ വന്നാൽ ഒരു കടൽ യാത്ര ഏതൊരു സഞ്ചാരിക്കും നിർബന്ധം. കൂടെ മീൻ പിടുത്തമുണ്ടെങ്കിൽ സംഗതി ഉഷാർ.
ഒരു വമ്പൻ മീനിനെ പിടിക്കാൻ ഉറച്ചു തന്നെയാണ് പ്രവീൺ മച്ചാൻ. എങ്കിൽ അത് വറുത്തെടുക്കുന്ന കാര്യം ജിയോ മച്ചാനേറ്റു. അത് രുചിച്ചു നോക്കുന്നതിലാണ് എനിക്ക് കമ്പം. ആവേശത്തിലാണ് മൂവരും.
ദ്വീപിലെ മറ്റു കാഴ്ചകളും കൂടെ കടലിലൂടെയുള്ള ബോട്ടിങ് അനുഭവങ്ങളും നമുക്കൊരുമിച്ചാസ്വദിക്കാം.