തായ്‌ലൻഡിൽ മലയാളികളുടെ (ഇന്ത്യക്കാരുടെ) നാണംകെട്ട പ്രവർത്തികൾ

5 Views August 26, 2025

സ്വർഗ്ഗസമാനമായ കടൽത്തീരങ്ങൾ, സുന്ദരമായ ക്ഷേത്രങ്ങൾ, രുചികരമായ തെരുവ് ഭക്ഷണം, അതിഥിസ്നേഹത്തിൽ മുന്നിൽ നിൽക്കുന്ന നാട്ടുകാർ — എല്ലാം കൊണ്ടും നാട് കാണാൻ എത്തുന്നവർക്കൊരു മായികാനുഭവമാണ് തായ്‌ലൻഡ് സമ്മാനിക്കുന്നത്.
വർഷം തോറും ലക്ഷക്കണക്കിന് യാത്രക്കാരെ സ്വീകരിക്കുന്ന ഈ നാട്, വിനോദസഞ്ചാരികളുടെ സ്വപ്നലോകം തന്നെയാണ്. ഈ സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും നമ്മൾ ഇന്ത്യക്കാരും.

പക്ഷേ ഇന്ന് തായ്‌ലൻഡിലെ പല കോണുകളിൽ നിന്നും ഇന്ത്യക്കാർക്കെതിരെ മുറവിളികളും ആക്രോശങ്ങളും ഏറിവരികയാണ്. ഇന്ത്യൻ സഞ്ചാരികളുടെ മോശം പെരുമാറ്റം തന്നെ കാരണം. പൊതുസ്ഥലങ്ങളിൽ ഉച്ചത്തിൽ സംസാരിക്കുക , കടൽത്തീരങ്ങളിൽ മാലിന്യം വലിച്ചെറിയൽ, നാട്ടുകാരുടെ ആചാരങ്ങളെ അവഗണിക്കൽ, കൂടാതെ അഹന്ത നിറഞ്ഞ മനോഭാവം അങ്ങനെ ഇന്ത്യക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഏറെ.

യാത്ര വിനോദത്തിനായി മാത്രം അല്ല, മറിച്ച് നമ്മളെ തന്നെ പ്രതിനിധീകരിക്കുന്ന ഉത്തരവാദിത്തവുമാണ്.നമ്മുടെ പെരുമാറ്റം, നമ്മുടെ സംസ്കാരത്തിന്റെ പ്രതിബിംബമാണ്.
നമ്മുടെ പ്രവൃത്തികൾ മറ്റുള്ളവരുടെ മനസിൽ “ഇന്ത്യക്കാർ” എന്ന പേരിനെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു. തായ്‌ലൻഡിലെ ബീച്ചുകൾ നമ്മുടെ മാലിന്യത്തിന് വേണ്ടിയല്ല, അവരുടെ ക്ഷേത്രങ്ങൾ നമ്മുടെ അവഗണന സഹിക്കാനല്ല, തായ് ജനതയുടെ പുഞ്ചിരി നമ്മുടെ കാട്ടിക്കൂട്ടലിന് വില കൊടുക്കാനുമല്ല.

വിനോദസഞ്ചാരം ഒരു കരാർ പോലെയാണ് എന്ന് വേണമെങ്കിൽ പറയാം–
“ഞാൻ നിങ്ങളുടെ ദേശത്തെ ബഹുമാനിക്കും, നിങ്ങൾ എനിക്ക് നിങ്ങളുടെ അതിഥിസ്നേഹം നൽകും.”
യാത്രകൾ കേവലം കാണിച്ചുകൂട്ടലാകാതെ, സൗന്ദര്യവും സംസ്കാരവും ബഹുമാനിക്കുന്ന ഒരു അനുഭവമായി മാറണം. മറ്റൊരു ദേശത്തിന്റെ സംസ്കാരത്തിൽ നിന്ന് പഠിക്കുക, പ്രകൃതിയുടെ സൗന്ദര്യത്തിൽ നിന്ന് വിനയം കൈവരിക്കുക, വ്യത്യസ്ത മനുഷ്യരുടെ ജീവിതത്തിൽ നിന്ന് സഹിഷ്ണുത നേടുക.അപ്പോൾ മാത്രമേ നമുക്ക് തായ്‌ലൻഡിലോ മറ്റേതെങ്കിലും രാജ്യത്തിലോ, നല്ലൊരു പേര് സ്വന്തമാക്കാൻ കഴിയൂ… ഒരു ദേശത്തോടുള്ള ബഹുമാനമാണ്, നമ്മൾ ഒരു യഥാർത്ഥ യാത്രക്കാരനാകാൻ വേണ്ട ആദ്യ പടി.
കടൽത്തീരത്തിലെ മണൽപ്പൊടിപോലെ, നമ്മുടെ ചെറിയ പെരുമാറ്റങ്ങൾ പോലും വലിയൊരു സ്മാരകമായി അവിടത്തെ ജനങ്ങളുടെ മനസിൽ പതിയുന്നു. അതിനാൽ, യാത്രയിൽ നാം വച്ചുപോവേണ്ടത് മാലിന്യം അല്ല, മറിച്ച് ഒരു നല്ല ഓർമയും ഒരു നല്ല പേരുമാണ്. ഒരു യാത്രക്കാരന്റെ യഥാർത്ഥ അടയാളം, ക്യാമറയിലെ ചിത്രങ്ങളിൽ അല്ല,
അവൻ പിന്നിൽ വിതച്ച സംസ്കാരത്തിന്റെ പ്രതിധ്വനികളിലാണ്.

Tags :
Go to top