തായ്‌ലന്‍ഡിലെ രുചിയൂറും വിഭവങ്ങളിലൂടെയുള്ള യാത്ര
17 Views January 16, 2024ടേസ്റ്റില്‍ ഓള്‍ ഇന്‍ വണ്‍
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന യാത്രികരെ മുഴുവന്‍ മുന്നില്‍ക്കണ്ടു കൊണ്ട് ഒരുക്കിയിട്ടുള്ളതാണ് തായ്‌ലന്‍ഡിലെ ഭക്ഷണശാലകള്‍. ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വിഭവങ്ങള്‍ കുറഞ്ഞ ചെലവില്‍ എവിടെയും ലഭ്യമാകും. മധുരം,പുളി,ഉപ്പ്,മസാലകള്‍ എന്നിവയുടെ മിശ്രണമാണ് തായ് രുചികളുടെ പ്രത്യേകത.
വറുത്ത നിലക്കടല, വെളുത്തുള്ളി, മുളക്,പച്ച പപ്പായ,പാം ഷുഗര്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന രുചികരവും ആരോഗ്യകരവുമായ സാലഡാണ് സോം താം (പപ്പായ സാലഡ്). തായ്ലന്‍ഡ് അടുക്കളയില്‍ നിന്നും ലോകത്തെ പിടിച്ചു കുലുക്കിയ വിഭവമാണ് ടോം യം( സൂപ്പ്) . സുഗന്ധമുള്ള പച്ച മരുന്നുകളും മസാലകളും ഉപയോഗിച്ചുണ്ടാക്കുന്ന ചൂടുള്ളതും പുളിച്ചതുമായ സൂപ്പ്. ഏറ്റവും പ്രിയമേറിയ തെരുവ് ഭക്ഷണമാണ് പാഡ് തായ്(വറുത്ത നൂഡില്‍സ്).ജാസ്മിന്‍ അരി കൊണ്ടുണ്ടാക്കുന്ന തനതു തായ് രുചിയാണ് ഖാവോ ഫാറ്റ്( തായ് ഫ്രൈഡ് റൈസ്). തായ്‌ലാന്‍ഡുകാര്‍ ഏറെ സ്‌നേഹത്തോടെ വിളമ്പുന്ന ഉന്മേഷ വിഭവമാണ് കാവോ നിവ് മാ മുവാങ് (മാമ്പഴം സ്റ്റിക്കി റൈസ്) . പശിമയുള്ള അരിയില്‍ മാമ്പഴ പള്‍പ്പ്,തേങ്ങാപ്പാല്‍, ചെറുപയര്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിഭവം. പരിചിതമല്ലാത്ത രുചി വൈവിധ്യമാണ് ഇവിടുത്തെ എടുത്തുപറയേണ്ട പ്രത്യേകത.
പത്തു പന്ത്രണ്ടു വര്‍ഷമായി തായ്‌ലന്‍ഡിലേക്കു നിരന്തര യാത്ര ചെയ്യുന്ന ഞാന്‍ പോലും രുചിച്ചിട്ടുള്ളത് അവിടെ വിളമ്പുന്ന ഭക്ഷണ വൈവിധ്യത്തിന്റെ രണ്ടോ മുന്നോ ശതമാനം മാത്രം എന്നു പറയുമ്പോള്‍ ആ നാടിന്റെ ഭക്ഷണ സംസ്‌കാരത്തിന്റെ ആഴവും പരപ്പും എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭക്ഷണത്തിന് ചരിത്രം മാത്രമല്ല ഭൂമി ശാസ്ത്രവും ഒരു ഘടകമാണല്ലോ. ചില വിഭവങ്ങളുടെ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള യാത്രയും അതിശയിപ്പിക്കുന്നതാണ്. ഓരോ യാത്രയും പുതിയതാണ്…. പുതിയ നിമിഷങ്ങള്‍… ആളുകള്‍….കാഴ്ചകള്‍….ഭക്ഷണം ഒപ്പം അനുഭവങ്ങളും തിരിച്ചറിവുകളും.