അസര്‍ബെയ്ജാന്‍ ഡയറികുറിപ്പ്

76 Views January 2, 2024

വടക്കു കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന മനോഹര രാജ്യമാണ് അസെര്‍ബെയ്ജാന്‍. ചരിത്രവും ആധുനികതയും പ്രകൃതിസൗന്ദര്യവും സമ്മേളിച്ച നഗരങ്ങള്‍…. ഗള്‍ഫ് എയറില്‍ കൊച്ചിയില്‍ നിന്നും നേരെ ബഹ്‌റൈനിലേക്ക് പുറപ്പെട്ടു. ആറു ദിവസത്തെ ടൂര്‍ പ്ലാന്‍. അവിടന്ന് ഗള്‍ഫ് എയറില്‍ തന്നെ ബാക്കുവിലേക്ക് മൂന്നര മണിക്കൂര്‍ യാത്ര. ചെലവ് കുറഞ്ഞ രീതില്‍ പോയിവരാന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അസര്‍ബൈജാന്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡേഴ്‌സിന് എളുപ്പത്തില്‍ ഇ വിസ ലഭ്യമാണ്. ഗള്‍ഫ് സെക്ടറില്‍ നിന്നുള്ളവര്‍ക്ക് ഐഡിയില്‍ നേരിട്ടും വരാം.

കാസ്പിയന്‍ കടലിന്റെ മുകളിലൂടെ സഞ്ചരിച്ച് വാസ്തു വിദ്യയുടെ മനോഹാരിത നിറഞ്ഞ ബാക്കു എയര്‍പോട്ടില്‍ പറന്നിറങ്ങി. അഗ്നിപര്‍വതങ്ങള്‍ ഏറെയുള്ള, അഗ്നിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം. സംഗീതത്തിനും കലകൾക്കും പ്രാധാന്യം നല്‍കുന്ന ജനത. എന്‍ജിനീയറിംഗ് വൈവിധ്യങ്ങളാലും ആധുനിക സംവിധാനങ്ങളാലും തലയെടുപ്പോടെ നില്‍ക്കുന്ന ബാക്കു ഹൈദര്‍ അലിയേവ് ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

എയര്‍പോര്‍ട്ടില്‍ നിന്നും 23 കിലോമീറ്ററിലധികം യാത്ര ചെയ്യാനുണ്ട് ബാക്കു ഓള്‍ഡ് സിറ്റിയിലേക്ക്. നല്ല റോഡുകളും വീഥികളും, ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന ട്രാഫിക് സംവിധാനം. എവിടേക്ക് നോക്കിയാലും ചെടികളും ഫലവൃക്ഷങ്ങളും നിറഞ്ഞ പച്ചപ്പ്. ആധുനികത നിറഞ്ഞ കെട്ടിടങ്ങള്‍ക്കൊപ്പം പഴമ കാത്തു സൂക്ഷിക്കുന്ന കോട്ടകള്‍. വലിയ ബഹളങ്ങള്‍ ഇല്ലാത്ത വൃത്തിയും സുഗന്ധവും നിറയുന്ന പരിസര പ്രദേശങ്ങള്‍. അത്രമേല്‍ സുന്ദരവും കാല്‍പനികവുമാണ് ഓരോ മുക്കും മൂലയും.

റൂമില്‍ നിന്നിറങ്ങി വഴിയരികില്‍ നട്ടു പിടിപ്പിച്ചിരിക്കുന്ന മള്‍ബറി മരത്തില്‍ നിന്നും പറിച്ചെടുത്ത മള്‍ബറി പഴങ്ങള്‍ കഴിച്ചു മുന്നോട്ടു നടന്നു. അസര്‍ബൈജാനിലെ ആദ്യ ഭക്ഷണം കഴിക്കാനായി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഹോട്ടലിലെത്തി. വൈവിധ്യം നിറഞ്ഞ വിഭവങ്ങള്‍ ടേബിളില്‍ നിരന്നു. ലൂലെ കെബാബ്, ജോവോ സാലഡ്, തൊയൂക്ക് ചിക്കന്‍ കെബാബ്, ബെസ്റ്റുര്‍മ കെബാബ് , ഒലീവ്‌സ് കോംബോ ഡ്രിങ്ക് എന്നിവകൊണ്ടു നിരന്ന കളര്‍ഫുള്‍ മെനു. ഓരോന്നും ആസ്വദിച്ചു കഴിച്ചു. ഇനിയുളള ദിവസങ്ങളിലും ഇതുപോലെ രുചികരമായ ഭക്ഷണം ലഭിക്കണെ എന്നു പ്രാര്‍ഥിച്ച് വയറും മനസ്സും നിറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

രാത്രിയോടെ ബാക്കു നഗരത്തിലെ വര്‍ണ്ണകാഴ്ചകള്‍ തേടിയിറങ്ങി. പേര്‍ഷ്യന്‍ കവി നിസാമി ഗഞ്ജാവിയുടെ പേരിലറിയപ്പെടുന്ന നിസാമി സ്ട്രീറ്റ് ബഹുവര്‍ണ്ണ നിറങ്ങളോടെ കത്തി ജ്വലിച്ചു നിന്നു. ലോകത്തിലെ ചെലവേറിയ നഗരങ്ങളില്‍ ഒന്നാണ് ഇത്. സ്‌റ്റൈലിഷ് ബ്രാന്‍ഡ് ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, ആഢംബര ഹോട്ടലുകള്‍, കഫേകള്‍, അലങ്കാര ആര്‍ട്ട് ശില്‍പങ്ങള്‍ ഇവയെല്ലാം കണ്ട് കാല്‍നടയായി മുന്നോട്ടു നീങ്ങി.

കാസ്പിയന്‍ കടലിനും ബാക്കു ഓള്‍ഡ് സിറ്റിക്കും അഭിമുഖമായി ഒരു കുന്നിന്‍ മുകളിലായാണ് ഫ്‌ലെയിം ടവറുകള്‍ സ്ഥിതി ചെയ്യുന്നത്. ദൂരക്കാഴ്ചയില്‍ തീ ജ്വാലയുടെ ആകൃതിയിലുള്ള ഗോപുരങ്ങളായി ഈ മൂന്നു ഐക്കോണിക് കെട്ടിടങ്ങളും കത്തി ജ്വലിച്ചു നില്‍ക്കുന്നു.

ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ഓട്ടോമന്‍ സൈനികരുടെ സ്മാരക ശവകൂടീരമാണ് ഫ്‌ലെയിം ടവറുകളുടെ എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന സഹിദ്‌ലാര്‍ സ്മാരകം. പിരമിഡ് രൂപത്തിലാണ് ഇതിന്റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്.

ബാക്കുവിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹൈലാന്‍ഡ് പാര്‍ക്കിലൂടെ കടല്‍ കാഴ്ചകളും നഗര കാഴ്ചകളും ആസ്വദിച്ചു നടന്നു. നഗരത്തിന്റെ മുഴുവന്‍ ഭംഗിയും ഒറ്റഫ്രെയിമിലൂടെ കാണാന്‍ സാധിക്കുന്ന ഒരു വ്യൂപോയിന്റ് കൂടിയാണ് ഇവിടം.

മറ്റൊരു ദിക്കില്‍ നൈറ്റ് ലൈഫിന്റെ മാസ്മരിക സംഗീതവും ആഘോഷങ്ങളും. ചടുല താളത്തോടെ തിളങ്ങുന്ന ഡിസ്‌കോ പബ്ബുകള്‍. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിതാനത്തില്‍ പുലരുവോളം നീണ്ടുനില്‍ക്കുന്ന അറബിക് ഹിന്ദി സംഗീതവും, നൃത്തവും, താളമേളവും.

Tags :
Go to top