കാർത്തിക് സൂര്യക്കും കൂട്ടുകാർക്കുമൊപ്പം ഇത്തിരി നേരം
783 Views October 6, 2022” If you want to be strong learn how to fight alone ” .
” നിങ്ങൾക്ക് ശക്തനാകണമെങ്കിൽ ഒറ്റയ്ക്ക് എങ്ങനെ പോരാടണമെന്ന് പഠിക്കുക. ”
ജീവിതത്തിൽ അപ്രതീക്ഷതമായി കടന്നു വരുന്ന പ്രതിസന്ധികളെ അതിജീവിക്കുമ്പോഴാണ് ഓരോ മനുഷ്യനും സ്വയം പുനർച്ചിന്തനം നടത്തുന്നത്. കാർത്തിക് സൂര്യയും കൂട്ടുകാരും ചേർന്ന് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റിലേക്ക് വിളിക്കുമ്പോൾ യാതൊരു മുന്നൊരുക്കങ്ങൾ കൂടാതെയാണ് സ്റ്റുഡിയോയിലേക്ക് കയറിച്ചെന്നത്. എങ്കിലും കാർത്തികും കൂട്ടുകാരും തീകൊളുത്തിയ സംഭാഷണത്തിൻ്റെ മാലപടക്കത്തിൽ ഞാനും ഒത്തു ചേർന്നു. വ്ലോഗർ ആകുന്നതിന് മുൻപുള്ള ഹാരീസ് അമീർ അലിയുടെ ജീവിതത്തിലേക്കുള്ള ഒരു തിരനോട്ടം. ഒരു ട്രാവൽ ഏജൻസി തുടങ്ങുന്നതിനു മുമ്പുള്ള ഹാരീസ് അമീർ അലി എന്ന വ്യക്തിയുടെ ജീവിതം. സെക്കൻഡുകൾ മിനുട്ടുകളായതും മണിക്കൂറുകൾക്ക് വഴി മാറിയതും പെട്ടെന്നായിരുന്നു.
കുടുംബത്തോടൊപ്പമായിരുന്നു തിരുവനന്തപുരത്തെ കാർത്തിക്കിൻ്റെ വീട്ടിലേക്ക് എത്തിയത്. കാർത്തിക്കിൻ്റെ അച്ഛനും അമ്മയും പിന്നെ അവൻ്റെ എല്ലാമെല്ലാമായ കൂട്ടുകാർക്കൊപ്പം സൗഹൃദഭാഷണം. പെട്ടെന്ന് തന്നെ അവരുടെ സൗഹൃദ കൂട്ടായ്മയിലേക്ക് കുടുംബവും ഒത്ത് ചേർന്നു എന്നു വേണം പറയാൻ.
പതിയെ തുടങ്ങി രസചരടിലേക്ക് ചുവടുമാറിയ നർമ്മ ശകലങ്ങൾ, ജീവിത്തിലെ ഇരുണ്ട ദിനങ്ങൾ, അങ്ങനെ ജീവിത മുഹൂർത്തങ്ങളിലെ അപൂർവ്വ ഓർമ്മകളാണ് പോഡ്കാസ്റ്റിലൂടെ പങ്കുവച്ചത്. നമ്മളൊക്കെ ഒന്നിൽ നിന്നും തുടങ്ങി എന്ന് പറയാറില്ലെ. പക്ഷെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള മടങ്ങി വരവിന് ശേഷം ജീവിതം തുടങ്ങിയത്, പൂജ്യത്തിൽ നിന്നായിരുന്നു. മലയാളികൾക്ക് അധികം പരിചിതമല്ലാത്ത തായ്ലൻഡ് എന്നൊരു രാജ്യത്തെ മുൻനിർത്തി ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. കാഴ്ചകളും അനുഭവങ്ങളും പകർന്നു കൊടുത്തു. തീരങ്ങളും ദേശങ്ങളും കാണിച്ചു കൊടുത്തു. രുചിപ്പെരുമയുടെ മേന്മ നാവിൻ തുമ്പിൽ തൊട്ടു കൊടുത്തു. എല്ലാത്തിനും തുടക്കം ശൂന്യത്തിൽ നിന്നായിരുന്നു. ഒരു പതിറ്റാണ്ട് മുൻപ് തുടങ്ങിയ പുതിയ ജീവിത വഴി, ഇന്ന് ഉയർച്ചയുടെ പാതയിലാണ്. വെറും കൈയ്യോടെ അറബി നാട്ടിൽ നിന്നും വന്ന എനിക്ക് മറ്റൊരു ജീവിതം ആരഭിക്കാനുള്ള കൈത്താങ്ങ് നൽകിയത് മറ്റൊരു ദേശമായിരുന്നു. മലയാളി സെക്സ് ടൂറിസത്തിന് പേര് കേട്ടറിഞ്ഞ തായ്‌ലൻഡിന് മറ്റൊരു വശമുണ്ടെന്ന് ആദ്യം പലരെയും പറഞ്ഞു കൊടുക്കേണ്ടി വന്നു. ഭക്ഷണവും ആഘോഷവും ആനന്ദവും നൽകുന്ന മറ്റൊരു ദേശം. ഒരു യൂറോപ്യൻ രാജ്യത്ത് കിട്ടുന്ന നൈറ്റ് ലൈഫ്. രുചി ഭേദങ്ങൾ. നീല നിറത്തിൽ തിളങ്ങുന്ന കടൽ. പോക്കറ്റ് കാലിയാക്കാതെ പറന്നിറങ്ങാൻ കഴിയുന്ന ഒരു ദേശം. ആ ദേശത്ത് ഒരു സാധ്യത കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. ഒരു സ്പാർക്ക്.
കേരളത്തിൽ നിന്നും തായ്‌ലൻഡിലേക്ക് ഏറ്റവും കൂടുതൽ വട്ടം സഞ്ചരിച്ച വ്യക്തി എന്ന അപ്രഖ്യാപിത റെക്കോർഡ് ഉണ്ടെന്ന് പറഞ്ഞപ്പോൾ, ഞങ്ങൾ മാസങ്ങൾക്ക് മുമ്പേ ആലോചിച്ച് ആലോചിച്ച് നീണ്ടുപോയ തായ്ലാൻഡ് യാത്രയ്ക്ക് പുനർജീവനമേകി.
കേരളത്തിലെ പ്രമുഖ കോടെൻ്റ് ക്രിയേറ്റെഴ്സുമായുള്ള യാത്ര അതിൻ്റെ പ്രാരംഭ ഘട്ടത്തിലാണ്. ഈ ക്രിസ്മസ് കാലത്ത് കാർത്തിക്കും കൂട്ടരും തായ്‌ലൻഡിലേക്ക് വണ്ടി കയറുന്നു എന്ന സൂചന നൽകിയാണ് പോഡ്കാസ്റ്റ് അവസാനിപ്പിച്ചത്.
ചില വ്യക്തികൾക്ക് ചില പ്രത്യേകതയുണ്ട്. കുറച്ചു നേരം കൊണ്ട് മനസ്സിലൊരിടം നേടാൻ സാധിക്കും. നമ്മുടെ ഒക്കെ ചുണ്ടിലും മനസ്സിലും നർമ്മം രചിക്കാൻ കഴിയുന്ന ചിലർ. മനസ്സിൽ പോസിറ്റീവ് എനർജി മാത്രം നിലനിൽക്കുന്ന ചിലർ. കാർത്തിക് അങ്ങനെ സുഹൃത്താണ്. ഒരിക്കൽ പരിച്ചപ്പെട്ടാൽ ഒരിക്കലും മറക്കാത്ത വ്യക്തിത്വം. കേരളത്തിൻ്റെ സ്വന്തം മിസ്റ്റർ ബീസ്റ്റ്.
പോഡ്കാസ്റ്റിൻ്റെ മുഴുവൻ ഭാഗങ്ങൾക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക: https://youtu.be/Y6nIYzdXdIQ