kinar

കിണറുകൾ വൃത്തിയാക്കുവാൻ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

by August 16, 2019

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന സംഭവങ്ങളും അപകടമരണങ്ങളും ഏറിവരുകയാണ്. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അഞ്ജതയുമാണ് മിക്ക ദുരന്തങ്ങൾക്കും കാരണം.

കയറും തൊട്ടിയും ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനുപകരം മോട്ടോറുകള്‍ സ്ഥാപിച്ച് ജലം പമ്പുചെയ്യാന്‍ തുടങ്ങിയതോടെയാണ് കിണറുകള്‍ക്കുള്ളില്‍ ശുദ്ധവായുവിനു പകരം വിഷവാതകം നിറയാന്‍ തുടങ്ങിയത്. ദിവസവും വെള്ളം കോരുന്ന കിണറ്റില്‍ തൊട്ടി മുകളിലേക്കും താഴേക്കും ചലിക്കുന്നതിനാല്‍ വായുസഞ്ചാരം സ്ഥിരമായി നിലനില്‍ക്കുകയും ഓക്‌സിജന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഒരു ചലനവുമില്ലാത്ത കിണറ്റില്‍ ഭൂമിക്കടിയില്‍നിന്ന് ഉണ്ടാകുന്ന വിഷവാതകങ്ങള്‍ പുറത്തുപോകാതെ കിണറ്റിനുള്ളില്‍ത്തന്നെ തങ്ങിനില്‍ക്കും. ഇതാണു കിണറ്റിലിറങ്ങുന്നവര്‍ ഓക്‌സിജന്‍ ലഭിക്കാതെ അകപ്പെടാന്‍ കാരണം.

ഇറങ്ങുന്നതിനു മുമ്പായി ഓക്‌സിജന്‍ സാന്നിധ്യം ഉറപ്പാക്കിയില്ലെങ്കില്‍ അപകടം ഉറപ്പാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരം മോട്ടോറുകള്‍ ഉപയോഗിക്കുന്ന കിണറുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യത്തിനു സാധ്യതയേറെയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത്തരം കിണറുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുന്നതോടെ കിണറ്റില്‍ കുഴഞ്ഞുവീഴുന്നവരെ നിശ്ചിത സമയത്തിനുള്ളില്‍ പുറത്തെത്തിച്ച് ചികിത്സ നല്‍കിയില്ലെങ്കില്‍ മരണംവരെ സംഭവിക്കാം.

കിണറ്റിലിറങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഒരു കഷണം കടലാസോ മെഴുകുതിരിയോ കത്തിച്ചു കിണറ്റിലേക്ക് ഇറക്കി നോക്കുക. കിണറ്റിന്റെ അടിയില്‍ വരെ തീ കെടാതെ എത്തുകയാണെങ്കില്‍ ഓക്‌സിന്റെ സാന്നിധ്യം ഉറപ്പിക്കാം. മറിച്ചെങ്കില്‍ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക. കിണറ്റിനുള്ളിൽ ഓക്‌സിജന്‍ ലഭിക്കാന്‍ വെളളം കോരി കിണറ്റിലേക്കു പലതവണ ഒഴിക്കുകയോ മരച്ചില്ലകൾ പലതവണ മുകളിലേക്കും താഴേയ്ക്കും ഇറക്കുകയും കയറ്റുകയും വേണം. മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോറുകളുള്ള കിണറുകളില്‍ ശാസ്ത്രീയ സഹായം ഇല്ലാതെ ഇറങ്ങരുത്.

വടം ഉപയോഗിച്ചു വേണം കിണറ്റില്‍ ഇറങ്ങേണ്ടത്. കിണറ്റില്‍ ഇറങ്ങുന്ന ആളിന്റെ അരയില്‍, മുകളിലേക്ക് എളുപ്പത്തില്‍ കയറ്റാന്‍ കഴിയുന്ന കയര്‍ ബന്ധിപ്പിച്ചിട്ടുണ്ടാകണം. ശ്വസനോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമാണ്. കിണറ്റില്‍ ആള്‍ കുഴഞ്ഞുവീണാല്‍ മുകളില്‍നിന്ന് തുടര്‍ച്ചയായി വെള്ളം തളിച്ചുകൊടുക്കണം. വായുസഞ്ചാരം വര്‍ധിപ്പിക്കാനാണിത്. കിണറ്റില്‍ ഇറങ്ങുന്നതിനു മുന്‍പ് സമീപത്തെ ഫയര്‍‌സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഈ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.

കടപ്പാട് – കേരള പോലീസ് ഫേസ്‌ബുക്ക് പേജ്.

Leave a Reply

Your email address will not be published. Required fields are marked *

Go to top