ആടുജീവിതം കണ്ടപ്പോ എന്റെ ജീവിത യാഥാര്‍ഥ്യങ്ങള്‍ കോര്‍ത്തിണക്കി അനുഭവം പങ്കുവെക്കണമെന്ന് തോന്നി. ലക്ഷക്കണക്കിന് പ്രവാസികള്‍ നജീബ്ക്കാനെപ്പോലെ അറിയാതെ പോയവരാണ്. നമ്മുടെയൊക്കെ കഥയെവുതാന്‍ ബെന്യാമിനെപ്പോലെ ഒരു എഴുത്തുകാരന്‍ വന്നില്ല എന്നുള്ളതാണ് സത്യം. അറിയപ്പെടാതെ പോയ ചര്‍ച്ചയില്‍പ്പോലും പെടാതെ പോയ ഹക്കീമുമാരും ചേര്‍ന്നതാണ് പ്രവാസം. മസറയിലേക്ക് എത്തിപ്പെടുമ്പോഴുള്ള പൃഥിരാജിന്റെ മുഖഭാവങ്ങള്‍ കണ്ടപ്പോ ആത്മഹത്യയുടെ മുനമ്പില്‍ നിന്നും തിരിഞ്ഞു നടന്ന എന്നെയാണ് ഓര്‍ത്തത്. ആ തിരിഞ്ഞു നടന്ന എന്നെ എനിക്കിപ്പോഴും വളരെ വിശ്വാസവും ഇഷ്ടവുമാണ്.
പുസ്തകവും സിനിമയും രണ്ടും രണ്ടാണ്. പല രംഗങ്ങളും സിനിമയിലില്ല. സിനിമയ്ക്കുവേണ്ടി പൃഥിരാജ് എടുത്ത സാഹസികത കണ്ട് കണ്ണും തള്ളിയിരുന്നു പോയി. വീട്ടില്‍ നിന്നും ധരിച്ചു വന്ന പാന്റ് വീണ്ടും ഇടുന്ന രംഗം കണ്ടപ്പോ ചങ്ക് തകര്‍ന്നു പോയി. മട്ടന്‍ കഴിക്കാന്‍ കിട്ടുന്ന രംഗമുണ്ട്. നീണ്ട രണ്ടു രണ്ടരകൊല്ലം ആടുമായി മാത്രം സഹവാസമുണ്ടായിരുന്ന ഒരു മനുഷ്യന്റെ മുന്നിലേക്ക് ഭക്ഷണമായി ആട്ടിറച്ചി എത്തുമ്പോള്‍ അയാള്‍ കാണിക്കുന്ന ഒരു വെപ്രാളം നമ്മളെ പലതും ബോധ്യപ്പെടുത്തും.
സൗദി അറേബ്യയിലേക്കുള്ള യാത്രയിലാണ് ഞാന്‍ ആടുജീവിതം നോവല്‍ വായിച്ചത്. അതി കഠിനമായ മരുഭൂമിയില്‍ക്കൂടി വിമാനം പറക്കുമ്പോ നെഞ്ചില്‍ ഒരു തീയായിരുന്നു. അത് കൊണ്ടു തന്നെ സിനിമയില്‍ എയര്‍പോട്ട് രംഗങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ എന്റെ നെഞ്ച് പട പടാ മിടിച്ചു. മസറയിലേക്കു പ്രവേശിക്കുമ്പോഴുള്ള നജീബിന്റെ മുഖത്തെ ഭാവങ്ങള്‍ കണ്ടപ്പോ ദുബായ് ജയിലിലേക്ക് മാറ്റിയ എന്റെ മുഖഭാവങ്ങള്‍ തന്നെയാണ് വായിച്ചെടുക്കാന്‍ സാധിച്ചത്. ഉമ്മിച്ചിയും വാപ്പിച്ചും മുത്തം നല്‍കിയ കൈകളില്‍ വിലങ്ങു വീണ ദൃശ്യങ്ങള്‍ വീണ്ടും മനസ്സിലൂടെ മിന്നി മാഞ്ഞു. ഭാര്യയുടെ നിസ്സഹായാവസ്ഥ. ഇപ്പോഴും അത് പറയുമ്പോ പോലും നെഞ്ച് പൊള്ളിപ്പിടിക്കുന്നുണ്ട്. നമുക്ക് ഇഷ്ടമല്ലാത്ത പൊരുത്തപ്പെടാന്‍ സാധിക്കാത്ത ജീവിത സാഹചര്യങ്ങളുലൂടെ ജീവിച്ചു വരുന്നതെല്ലാം ആടുജീവിതമല്ലെ. ആടുജീവിതത്തിന് അറേബ്യന്‍ മലരാണങ്ങളില്‍ പോകണമെന്നില്ല. വീട്ടില്‍ നിന്നു കൊണ്ടു വന്ന അച്ചാറ് കുപ്പിയിലെ അവസാനത്തെ കഷ്ണവും കഴിച്ച് രക്ഷപ്പെടുന്ന നജീബ് വലിയൊരു വിഭാഗം പ്രവാസികളെ പ്രതിനിധീകരിക്കുന്ന പോരാളി തന്നെയാണ്.
||The Goat Life Film Review||