തായ്ലാൻഡിലേക്ക് പോകുന്നവർക്ക് അവിടത്തെ കാഴ്ചകളും ആക്ടിവിറ്റികളും മാത്രമല്ല, നമ്മുടെ നാട്ടിൽ കിട്ടാത്ത വ്യത്യസ്തങ്ങളായ കിടിലൻ ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാവുന്നതാണ്. അവയെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണ് ഇനി നിങ്ങളോട് പറയുവാൻ പോകുന്നത്. അപ്പോൾ ഭക്ഷണപ്രിയരെ, ഇതിലേ..ഇതിലേ…
തായ്ലൻഡിൽ പോകുന്നു എന്നു കേൾക്കുമ്പോൾ ഭക്ഷണകാര്യത്തിൽ ആളുകൾ ആദ്യം പറയുന്നത് പാമ്പിനെ തിന്നാൻ പോകുകയല്ലേ എന്നായിരിക്കും. അത് സത്യമാണ്. തായ്ലൻഡിൽ പാമ്പ് വിഭവങ്ങൾ ധാരാളം ലഭ്യമാണ്. പക്ഷേ ചിലരുടെ ധാരണ ഹോട്ടലുകളിൽ എല്ലാ വിഭവങ്ങളിലും പാമ്പിനെ നമ്മളറിയാതെ ചേർക്കും എന്നൊക്കെയാണ്. ഇത് ഒരു തെറ്റായ ധാരണയാണ്. പൊതുവെ അത്തരം ഭക്ഷണങ്ങൾക്കായി പ്രത്യേകം കടകൾ ഉണ്ടായിരിക്കും. അല്ലാതെ എല്ലാ ഹോട്ടലുകളിലും പാമ്പ് വിഭവങ്ങൾ ലഭിക്കുകയില്ല.
താറാവിന്റെ തല പൊരിച്ചത് : പൊതുവെ എല്ലാവർക്കും ചിക്കനാണ് ഇഷ്ടമെങ്കിലും നമ്മൾ നാട്ടിൽ വെച്ച് താറാവിറച്ചി കഴിച്ചിട്ടുണ്ടാകും. എന്നാൽ താറാവിന്റെ തല നമ്മൾ സാധാരണയായി ഭക്ഷണത്തിനു ഉപയോഗിക്കാറില്ല. പക്ഷേ തായ്ലൻഡിൽ വന്നാൽ ചിലയിടങ്ങളിൽ താറാവിന്റെ തല തല പൊരിച്ച വിഭവം ലഭ്യമാണ്. പട്ടായയിലെ ഫ്ളോട്ടിങ് മാർക്കറ്റിൽ ഇതിനു മാത്രമായി ഒരു കട തന്നെയുണ്ട്. ഓർക്കുമ്പോൾ അയ്യേ എന്നു തോന്നുമെങ്കിലും സംഭവം നല്ല ടേസ്റ്റ് ആണ്.
ഉണ്ണിയപ്പച്ചട്ടിയിലെ കടൽ വിഭവങ്ങൾ : നമ്മുടെ നാട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കുവാനായി പ്രത്യേകതരം കുഴികളുള്ള ചട്ടികളുണ്ട്. എന്നാൽ ഇതേപോലത്തെ ചട്ടികളിൽ കടൽ വിഭവങ്ങൾ തയ്യാറാക്കി നൽകുന്ന കട പട്ടായയിലെ ഫ്ളോട്ടിങ് മാർക്കറ്റിൽ ഉണ്ട്. കൂന്തൽ, കക്ക, ചെമ്മീൻ തുടങ്ങിയ വിഭവങ്ങളൊക്കെ മാവിൽക്കുഴച്ച ശേഷം ഉണ്ണിയപ്പ ചട്ടിയിൽ ഇട്ടു വറുത്തെടുത്താണ് നമുക്ക് നൽകുന്നത്. സീഫുഡ് കൂടാതെ കാടമുട്ട ബുൾസ് ഐയും ഇത്തരത്തിൽ ഉണ്ണിയപ്പച്ചട്ടിയിൽ തയ്യാറാക്കാറുണ്ട്.
പുൽച്ചാടി, തേൾ, പുഴു ഫ്രൈ : തായ്ലൻഡിലെ മറ്റൊരു പ്രശസ്തമായ ഐറ്റമാണ് പലതരം ചെറുജീവികൾ ഫ്രൈ ചെയ്ത വിഭവങ്ങൾ. വ്യത്യസ്ത തരത്തിലുള്ള പുഴുക്കൾ, പുൽച്ചാടികൾ, തേളുകൾ തുടങ്ങിയവ ഇത്തരത്തിൽ പൊരിച്ചു കഴിക്കുവാനായി ലഭ്യമാണ്. ഓർക്കുമ്പോൾ അറപ്പ് തോന്നുമെങ്കിലും നമ്മുടെ നാട്ടിൽ ഉണക്കച്ചെമ്മീൻ ഒക്കെ വറുത്തു കഴിക്കുന്നതുപോലുള്ള രുചിയായിരിക്കും ഇവയ്ക്കും.
മേല്പറഞ്ഞവ കൂടാതെ തായ്ലൻഡിൽ മാനിറച്ചി, മുതലയിറച്ചി തുടങ്ങി നമ്മുടെ നാട്ടിൽ കിട്ടാത്ത പലതരത്തിലുള്ള ഭക്ഷണങ്ങൾ ലഭ്യമാണ്. പട്ടായ ഒരു ബീച്ച് ഏരിയയായതിനാൽ അവിടെ കൂടുതലും സീഫുഡ് ഒക്കെയാണ് ലഭിക്കുക. കക്ക, കൂന്തൽ തുടങ്ങിയവയുടെ തായ് രുചി പറഞ്ഞറിയിക്കാനാവാത്തതാണ്. തായ് ഭക്ഷണങ്ങൾ പൊതുവെ വേവിച്ച രീതിയിലുള്ളവയായിരിക്കും. അതിനാൽ അവ ആരോഗ്യത്തിന് നല്ലതുമായിരിക്കും. മിക്ക വിഭവങ്ങൾക്കൊപ്പവും അവർ പലതരത്തിലുള്ള ഇലകൾ (തുളസിയില വരെ) ചേർക്കാറുണ്ട്. ചില വിഭവങ്ങളിൽ മീൻ എണ്ണ, ഓയിസ്റ്റർ സോസ് തുടങ്ങിയവ ചേർക്കുന്നതിനാൽ അവ നമ്മുടെ നാട്ടിലെ ആളുകൾക്ക് ഇഷ്ടപ്പെടാതെ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് അത്തരം ഭക്ഷണങ്ങൾ നോക്കി ഓർഡർ ചെയ്യുക.
തായ്ലൻഡിൽ നമ്മുടെ ഇഷ്ടത്തിനിണങ്ങിയ ധാരാളം റസ്റ്റോറന്റുകൾ ഉണ്ട്. തായ് ഭക്ഷണങ്ങൾ കഴിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് അവിടങ്ങളിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ കയറാവുന്നതാണ്. അപ്പോൾ ഇനി തായ്ലൻഡിൽ പോകുന്നവർ അവിടത്തെ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൂടി പരീക്ഷിക്കുവാൻ ശ്രമിക്കുക. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും നിങ്ങൾക്കും തായ്ലൻഡിൽ പോകണമെന്നുണ്ടോ? എങ്കിൽ മികച്ച യാത്രാപാക്കേജുകൾക്ക് ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.
I would like to visit thailand during december 1st week, let me know the details. Now me only.