സിംഗപ്പൂരിൻ്റെ നാഷണൽ ഫ്ലാഗ് കാരിയർ എയർലൈനാണ് സിംഗപ്പൂർ എയർലൈൻസ്. ലോകത്തിലെ മികച്ച എയർലൈനുകളിൽ ഒന്നായ സിംഗപ്പൂർ എയർലൈൻസിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.
സിംഗപ്പൂർ എയർലൈൻസിന്റെ തുടക്കം 1947 ൽ മലയൻ എയർവെയ്‌സ് ലിമിറ്റഡ് അഥവാ MAL എന്ന പേരിൽത്തുടങ്ങിയ ഒരു എയർലൈൻ കമ്പനിയായിട്ടായിരുന്നു. അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്ന സിംഗപ്പൂരിൽ നിന്നും ഇന്നത്തെ മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് ആയിരുന്നു MAL ൻ്റെ ആദ്യ സർവ്വീസ്. Airspeed Consulഎന്ന രണ്ടു എഞ്ചിനുകളുള്ള ചെറിയ എയർക്രാഫ്റ്റ് ആയിരുന്നു MAL ആദ്യമായി സർവീസുകൾക്ക് ഉപയോഗിച്ചിരുന്നത്. അങ്ങനെ ആഴ്ചയിൽ മൂന്നു സർവ്വീസുകൾ ക്വലാലംപൂർ, ഇപോ, പെനാങ് എന്നിവിടങ്ങളിലേക്ക് എയർലൈൻ ആരംഭിക്കുകയും ചെയ്തു.
1948 ൽ Douglas DC-3 മോഡൽ എയർക്രാഫ്റ്റുകൾ MAL ൻ്റെ ഫ്‌ലീറ്റിലേക്ക് എത്തിച്ചേർന്നു. അക്കൊല്ലം തന്നെ ജക്കാർത്ത, മെഡാണ്, പാലേംബാംഗ്, സൈഗോൺ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തു. 1955 ഓടെ മലയൻ എയർവെയ്‌സ് കൂടുതൽ Douglas DC-3 മോഡൽ എയർക്രാഫ്റ്റുകളുമായി വളരുവാൻ തുടങ്ങി. 1950 – 60 കാലയളവിൽ Douglas DC-4, Vickers Viscount, DH 106 Comet 4, Lockheed L-1049 തുടങ്ങിയ എയർക്രാഫ്റ്റുകൾ MAL ൽ വന്നു ചേരുകയുണ്ടായി.
1963 ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച മലയ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ ചേർത്തുകൊണ്ട് മലേഷ്യ എന്ന പേരിൽ ഒരു പുതിയ രാജ്യം രൂപീകരിച്ചു. ഇതോടെ മലയൻ എയർവെയ്‌സിനു മലേഷ്യൻ എയർവേയ്‌സ് ലിമിറ്റഡ് എന്നു പേരുമാറ്റം വരുത്തുകയും ചെയ്തു. 1965 ൽ ബോർണിയോ എയർവേയ്‌സ് എന്ന വിമാനക്കമ്പനി മലേഷ്യൻ എയർവെയ്സിൽ ലയിക്കുകയുണ്ടായി.
1965 ൽ മലേഷ്യയിൽ നിന്നും വേർപെട്ട് സിംഗപ്പൂർ ഒരു സ്വതന്ത്ര രാജ്യമായി മാറി. ഇതിനു പിന്നാലെ 1966 ൽ മലേഷ്യൻ എയർവേയ്‌സ് ‘മലേഷ്യ – സിംഗപ്പൂർ എയർലൈൻസ്’ അഥവാ MSA ആയി മാറുകയും ഇരു രാജ്യങ്ങളുടെയും ഫ്ലാഗ് കാരിയറായി സർവ്വീസ് തുടരുകയും ചെയ്തു. 1967 ൽ MSA യുടെ ഫ്‌ലീറ്റിലേക്ക് Boeing 707 വിമാനങ്ങളും, 1969 ൽ Boeing 737 വിമാനങ്ങളും എത്തിച്ചേർന്നു. 1971 ൽ MSA സിംഗപ്പൂരിൽ നിന്നും ലണ്ടനിലേക്ക് സർവ്വീസ് ആരംഭിച്ചു. മറ്റൊരു ഭൂഖണ്ഡത്തിലേക്കുള്ള MSA യുടെ ആദ്യത്തെ സർവ്വീസ് കൂടിയായിരുന്നു ഇത്.
1972 ൽ മലേഷ്യ – സിംഗപ്പൂർ എയർലൈൻസ് പല കാരണങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പിരിയുകയും മലേഷ്യൻ എയർലൈൻ സിസ്റ്റം, സിംഗപ്പൂർ എയർലൈൻസ് എന്നീ പേരുകളിൽ രണ്ട് വ്യത്യസ്ത വിമാനക്കമ്പനികളായി മാറുകയും ചെയ്തു. അന്നത്തെ മലേഷ്യൻ എയർലൈൻ സിസ്റ്റമാണ് ഇന്ന് മലേഷ്യയുടെ ഫ്ലാഗ് കാരിയറായ മലേഷ്യ എയർലൈൻസ്. മലേഷ്യ – സിംഗപ്പൂർ എയർലൈൻസിൻ്റെ കൈവശമുണ്ടായിരുന്ന അസറ്റുകൾ വീതിച്ചപ്പോൾ ഏഴു Boeing 707, അഞ്ച് Boeing 707 വിമാനങ്ങളുൾപ്പെടെ മികച്ച റൂട്ടുകൾ സിംഗപ്പൂർ എയർലൈൻസിന് കൈവരികയും ചെയ്തു. ഇതോടൊപ്പം സിംഗപ്പൂരിലെ MSA യുടെ ഹെഡ്ക്വാർട്ടേഴ്‌സ് സിംഗപ്പൂർ എയർലൈൻസിൻ്റെതായി മാറി.
1973 ൽ സിംഗപ്പൂർ എയർലൈൻസ് തങ്ങളുടെ ആദ്യത്തെ Boeing 747 മോഡൽ വിമാനം സ്വന്തമാക്കി. യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയയിടങ്ങളിലെ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് ആയിരുന്നു Boeing 747-200B മോഡൽ വിമാനങ്ങൾ സർവ്വീസ് നടത്തിയത്. 1977 ൽ Boeing 727 എയർക്രാഫ്റ്റുകളും സിംഗപ്പൂർ എയർലൈൻസിലേക്ക് എത്തിച്ചേർന്നു. Boeing 727 ഉപയോഗിച്ചുള്ള ആദ്യത്തെ സർവ്വീസ് സിംഗപ്പൂർ – മനില റൂട്ടിലായിരുന്നു.
1977 ൽ സിംഗപ്പൂർ എയർലൈൻസ് ബ്രിട്ടീഷ് എയർവെയ്സിൽ നിന്നും, ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനമായ കോൺകോർഡ് വെറ്റ്ലീസിനു അഥവാ പാട്ടത്തിനെടുക്കുകയും ബഹ്‌റൈൻ വഴി ലണ്ടൻ – സിംഗപ്പൂർ റൂട്ടിൽ സർവ്വീസ് നടത്തുകയുമുണ്ടായി. എന്നാൽ വർദ്ധിച്ച ചെലവുകളും, പിന്നെ ശബ്ദമലിനീകരണത്തിനെതിരായ മലേഷ്യൻ സർക്കാരിൻ്റെ പരാതിയും മൂലം മൂന്നു യാത്രകൾക്കു ശേഷം ഈ സർവ്വീസ് നിർത്തലാക്കുകയായിരുന്നു.
1980 കളിൽ യു.എസ്, കാനഡ, ചില യൂറോപ്യൻ സിറ്റികൾ എന്നിവിടങ്ങളിലേക്ക് സിംഗപ്പൂർ എയർലൈൻസ് തങ്ങളുടെ സർവ്വീസുകൾ ഒന്നുകൂടി വ്യാപിപ്പിച്ചു. ഈ കാലയളവിലാണ് സിംഗപ്പൂർ എയർലൈൻസിലേക്ക് എയർബസ് വിമാനങ്ങൾ ആദ്യമായി എത്തിച്ചേർന്നതും. 1989 ൽ Boeing B747-400 മോഡൽ എയർക്രാഫ്റ്റുകൾ സിംഗപ്പൂർ എയർലൈൻസ് സ്വന്തമാക്കി. 1990 ൽ സിംഗപ്പൂർ എയർലൈൻസ് സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബെർഗ്, കേപ്ടൗൺ, ഡർബൻ എന്നിവിടങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിച്ചു.
1989 ൽ തന്നെ Tradewinds എന്ന പേരിൽ സിംഗപ്പൂർ എയർലൈൻസിന്റെ ഒരു അനുബന്ധ എയർലൈൻ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഇതിന്റെ പേര് സിൽക്ക് എയർ എന്നാക്കി മാറ്റുകയും ചെയ്തു.
1997 ൽ സിംഗപ്പൂർ എയർലൈൻസ് ഫ്‌ലീറ്റിലേക്ക് ആദ്യമായി Boeing 777 മോഡൽ എയർക്രാഫ്റ്റുകൾ എത്തിച്ചേർന്നു. 2001 ൽ സിംഗപ്പൂർ എയർലൈൻസ് കാർഗോ എന്ന പേരിൽ ഒരു കാർഗോ എയർലൈൻ ആരംഭിച്ചെങ്കിലും, 2018 ൽ ഇത് പ്രവർത്തനം നിർത്തുകയും, ഫ്‌ലീറ്റിലുണ്ടായിരുന്ന ഏഴ് Boeing 747-400F വിമാനങ്ങൾ സിംഗപ്പൂർ എയർലൈൻസിലേക്ക് ട്രാൻസ്‌ഫർ ചെയ്യുകയും ചെയ്തു.
2004 ൽ സിംഗപ്പൂരിൽ നിന്നും അമേരിക്കയിലെ ലോസ് ആഞ്ചലസ്, ന്യൂആർക്ക് എന്നിവിടങ്ങളിലേക്ക് സിംഗപ്പൂർ എയർലൈൻസ് നോൺസ്റ്റോപ്പ് സർവ്വീസുകൾ ആരംഭിച്ചു. ഏവിയേഷൻ ചരിത്രത്തിലെ ഒരു റെക്കോർഡ് ആയിരുന്നു Airbus A340-500 വിമാനമുപയോഗിച്ചുള്ള ഈ ദീർഘദൂര നോൺസ്റ്റോപ്പ് സർവ്വീസുകൾ.
2007 ൽ ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ എയർക്രാഫ്റ്റ് ആയ Airbus A380 സ്വന്തമാക്കുന്ന ആദ്യത്തെ എയർലൈനായി സിംഗപ്പൂർ എയർലൈൻസ് മാറി. സിംഗപ്പൂർ – സിഡ്‌നി റൂട്ടിലായിരുന്നു A380 ആദ്യമായി സർവ്വീസ് നടത്തിയത്. ഈ സർവ്വീസിലെ ടിക്കറ്റ് ചാർജ്ജുകൾ ചാരിറ്റിയ്ക്കായി നൽകി നല്ലൊരു മാതൃകയും സിംഗപ്പൂർ എയർലൈൻസ് ലോകത്തിനു മുന്നിൽ കാണിച്ചു.
2012 ഏപ്രിൽ 6 നു സിംഗപ്പൂർ എയർലൈൻസിലെ അവസാനത്തെ Boeing B-747 വിമാനം 40 വർഷത്തെ സർവീസിനു ശേഷം വിരമിച്ചു. 2013 ൽ Boeing 787-10 മോഡൽ എയർക്രാഫ്റ്റ് ലോഞ്ച് ചെയ്തത് സിംഗപ്പൂർ എയർലൈൻസിൻ്റെ ഓർഡറുകളോടെയായിരുന്നു. 2018 ൽ ഇവ ഡെലിവറി ചെയ്യുകയും ചെയ്തു.
2012 ൽ സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധ ലോ-കോസ്റ്റ് എയർലൈനായ സ്കൂട്ട് പ്രവർത്തനമാരംഭിച്ചു. പിന്നീട് 2017 ൽ സിംഗപ്പൂരിലെ മറ്റൊരു പ്രധാന എയർലൈനായ ടൈഗർ എയർ സ്‌കൂട്ടിൽ ലയിക്കുകയും ചെയ്തു. 2018 ൽ മറ്റൊരു അനുബന്ധ എയർലൈനായ സിൽക്ക് എയർ സിംഗപ്പൂർ എയർലൈൻസിൽ ലയിക്കുവാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു. 2021 ഓടെയായിരിക്കും ഈ ലയനം പൂർത്തിയാകുക.
ബ്രാൻഡിംഗിൻ്റെ കാര്യത്തിൽ ലോകത്തിലെ ഏതൊരു എയർലൈനിനെക്കാളും ഒരു പടി മുന്നിലാണ് സിംഗപ്പൂർ എയർലൈൻസ് എന്നു പറയാം. അതിൽ എടുത്തു പറയേണ്ട ഒന്നാണ് സിംഗപ്പൂർ എയർലൈൻസിലെ എയർഹോസ്റ്റസുമാരുടെ യൂണിഫോം. ‘സിംഗപ്പൂർ ഗേൾ’ എന്ന പ്രശസ്തമായ സ്ലോഗനോടെയാണ് സിംഗപ്പൂർ എയർലൈൻസ് ഫ്‌ളൈറ്റ് അറ്റൻഡന്റുമാരുടെ കോസ്റ്യൂം ബ്രാൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്ന പദവി പലതവണ സിംഗപ്പൂർ എയർലൈൻസ് നേടിയിട്ടുണ്ട്. അതേപോലെ 2019 ലെ സർവ്വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടതും സിംഗപ്പൂർ എയർലൈൻസിനെയാണ്.
ചരിത്രത്തിൽ ഇതുവരെ ആകെയൊരു തവണ മാത്രമാണ് സിംഗപ്പൂർ എയർലൈൻസ് വിമാനം ജീവഹാനിയ്ക്കിടയാക്കിയ വലിയ അപകടത്തിൽപ്പെട്ടിട്ടുള്ളത്. 2000 ഒക്ടോബർ 31 നു തായ്‌വാൻ ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന അപകടത്തിൽ 83 പേരായിരുന്നു മരണപ്പെട്ടത്. 2019 ലെ സർവ്വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ആറാം സ്ഥാനമാണ് സിംഗപ്പൂർ എയർലൈൻസിന്.
സിംഗപ്പൂർ ചങ്കി എയർപോർട്ടാണ് സിംഗപ്പൂർ എയർലൈൻസിന്റെ പ്രധാന ഹബ്ബ്. 32 രാജ്യങ്ങളിലായി 66 ഇന്റർനാഷണൽ റൂട്ടുകളിലേക്ക് സിംഗപ്പൂർ എയർലൈൻസ് ഇന്ന് സർവ്വീസ് നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺസ്റ്റോപ്പ് സർവീസ് നടത്തുന്നതും സിംഗപ്പൂർ എയർലൈൻസാണ്. സിംഗപ്പൂർ- ന്യൂആർക്ക് റൂട്ടിലെ ഈ വിമാനം 18.30 മണിക്കൂർ കൊണ്ട് 9534 മൈൽ ദൂരമാണ് സഞ്ചരിക്കുന്നത്.
2020 സെപ്തംബർ വരെയുള്ള കണക്കുകളനുസരിച്ച് Airbus A330, Airbus A350, Airbus A380, Boeing 777, Boeing 787-10, Boeing 747-400F (കാർഗോ) എന്നിവയാണ് സിംഗപ്പൂർ എയർലൈൻസ് ഫ്‌ലീറ്റിലുള്ള പ്രധാനപ്പെട്ട എയർക്രാഫ്റ്റുകൾ.
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച എയര്ലൈനുകളുടെ പട്ടികയെടുത്താൽ അതിൽ സിംഗപ്പൂർ എയർലൈൻസ് തീർച്ചയായും ഉണ്ടാകും. യാത്രക്കാരുടെ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് സിംഗപ്പൂർ എയർലൈൻസ് ജൈത്രയാത്ര തുടരുകയാണ്.