മനുഷ്യ നാശമോ പ്രകൃതിദുരന്തങ്ങൾക്കോ ഇരയായ ഇടങ്ങളിലേക്കുള്ള സ്ഥാനങ്ങളിലേക്കുള്ള മനുഷ്യന്റെ സഞ്ചാരമാണ് ഡിസാസ്റ്റര്‍ ടൂറിസം. ദുരന്ത ഭൂമികയിലെ മനുഷ്യരെ പ്രദര്‍ശന വസ്തുക്കളെപ്പോലെ കാണുക, വേദനിക്കുന്ന മനുഷ്യരുടെ ഫോട്ടോയും വിഡിയോയും മറ്റും എടുക്കാന്‍ ഉത്സാഹിക്കുക, ദുരന്ത ഭൂമികകളില്‍ അനവസരത്തില്‍ ചിരിച്ചും ആഹ്ലാദിച്ചും പെരുമാറുക, അനവസരത്തിലുള്ള ഭാഷ പ്രയോഗിക്കുക, ചേരാത്ത വസ്ത്രധാരണം നടത്തുക തുടങ്ങി നിരവധി കാരണങ്ങളാല്‍ ഡാര്‍ക് ടൂറിസ്റ്റുകള്‍ തന്നെ ഒരു ദുരന്തമായി മാറുകയാണ്.
ഇപ്പോഴും പുനരധിവാസം തുടങ്ങിക്കഴിഞ്ഞിട്ടില്ലാത്ത, പല വിധ സഹായങ്ങള്‍ ഇനിയും നല്‍കേണ്ട, മാനസ്സികമായ ശക്തിപ്പെടുത്തല്‍ അനിവാര്യമായ ഈ ഘട്ടത്തില്‍ ഡിസാസ്റ്റര്‍ ടൂറിസം വയനാടിന് ഭീഷണിയാണ്. ഇതു മനസ്സിലാക്കാനുള്ള സാമാന്യ ബോധം യൂട്യൂബര്‍മാരും വ്‌ലോഗര്‍മാരും അവിടേക്ക് പോകാന്‍ കാത്തിരിക്കുന്ന മറ്റുള്ളവരും മനസ്സിലാക്കണം. ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര റീബില്‍ഡ് പ്രക്രിയയുടെ ഒരു ഘട്ടമെങ്കിലും പിന്നിട്ട ശേഷമാകുന്നതാകും ഉചിതം.
വയനാട് സേഫ് ആണ്..
ഡി.ടി.പിസിയുടെ കീഴിലെ പൂക്കോട് തടാകം, കറലാട് തടാകം, ബത്തേരി ടൗണ്‍ സ്‌ക്വയര്‍, അമ്പലവയലിലെ വയനാട് ഹെറിറ്റേജ് മ്യൂസിയം, പുല്‍പള്ളിയില പഴശ്ശി ലാന്‍ഡ്സ്‌കേപ് മ്യൂസിയം, കാരാപ്പുഴ ഡാം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി തുറന്നു. കെ.എസ്.ഇ.ബിക്കു കീഴിലുള്ള ബാണാസുര സാഗര്‍ ഡാം വിനോദസഞ്ചാര കേന്ദ്രവും തുറന്നു. ജില്ലയിലെ വിനോദസഞ്ചാര മേഖലയെ പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ വിസിറ്റ് വയനാട് എന്ന ഹാഷ് ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുകയാണ്. സുരക്ഷിതമായ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളും വൈകാതെ തുറക്കും. വയനാട് തകര്‍ന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടേണ്ടത് സര്‍ക്കാര്‍ മാത്രമല്ല നമ്മള്‍ ഓരോരുത്തരുമാണ്.
വിസിറ്റ് വയനാട്
വയനാട് എന്ന ഒരു ജില്ലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ദുരന്തത്തിന് ഇരയായത്. ദേശീയ – രാജ്യാന്തര മാധ്യമങ്ങള്‍ സ്വാഭാവികമായും ഇതിനെ ചിത്രീകരിച്ചത് വയനാട് ദുരന്തം എന്ന നിലയ്ക്കാണ്. വളരെ സുരക്ഷിതമായ വയനാട്ടിലെ മറ്റ് ഡസ്റ്റിനേഷനുകളില്‍ ടൂറിസം ഇപ്പോഴുമുണ്ട്. ഉത്തരവാദിത്ത ടൂറിസത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്. അവരുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടണം.
നേപ്പാളില്‍ 2015 ലെ അതി ഭീകരമായ ഭൂകമ്പം കവര്‍ന്നത് ആയിരക്കണക്കിന് ജീവിതങ്ങളെയാണ്. 75 ജില്ലകളില്‍ മുപ്പതോളം ജില്ലകളെ മാത്രമാണ് ഭൂകമ്പം കാര്യമായി ബാധിച്ചത്. ചിത്വാന്‍ പോലുള്ള പ്രധാന ഡസ്റ്റിനേഷനുകളെ ഭൂകമ്പം ബാധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ ടൂറിസ്റ്റുകളില്‍ ചിന്താക്കുഴപ്പമുണ്ടാക്കിയപ്പോള്‍ നേപ്പാള്‍ ടൂറിസം ബോര്‍ഡ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഡേവിഡ് ബക്കാമും ജാക്കി ചാനും ഒക്കെ അവരുടെ വക്താക്കളായത് വലിയ മാറ്റമാണ് സൃഷ്ടിച്ചത്. വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളെല്ലാം ഇപ്പോഴും സുരക്ഷിതമാണ്. നാളെ ചൂരല്‍മലയും മുണ്ടക്കൈയും ഒക്കെ വീണ്ടും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുകയും ചെയ്യും.