ബീച്ചിലെ ആളുകളുടെ തലയ്ക്കു തൊട്ടു മുകളിലൂടെ വിമാനം പറക്കുന്ന എയർപോർട്ട്… ഇത്തരത്തിൽ തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല എന്ന പോലെ വിമാനം പോയാലുള്ള അവസ്ഥ എങ്ങനെയുണ്ടായിരിക്കും? ഇത് നേരിട്ടനുഭവയ്ക്കണമെങ്കിൽ കരീബിയൻ ദ്വീപായ സെന്റ് മാർടിനിലെ മാഹോ ബീച്ചിലേക്ക് പോകണം. ബീച്ചിനോടു ചേർന്നു കിടക്കുന്ന പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യുന്ന വിമാനങ്ങളുടെ ദൃശ്യങ്ങളാണിവ. ലോകത്തിലെ വ്യത്യസ്തങ്ങളിൽ വ്യത്യസ്തമായ പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ടിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കാം.
1942 ൽ രണ്ടാം ലോക മഹായുദ്ധത്തിനിടെ യുഎസ് മിലിട്ടറി എയർസ്ട്രിപ്പ് ആയാണ് ഈ എയർപോർട്ടിൻ്റെ തുടക്കം. തുടക്കത്തിൽ മിലിട്ടറി വിമാനങ്ങൾ മാത്രം സർവ്വീസ് നടത്തിയിരുന്ന ഇവിടേക്ക് 1943 ഡിസംബർ 3 നു ആദ്യമായി ഒരു കൊമേഴ്ഷ്യൽ വിമാനം ലാൻഡ് ചെയ്തു. നെതർലാൻഡിലെ ഭാവി രാജ്ഞിയായിരുന്ന പ്രിൻസസ് ജൂലിയാന 1944 ൽ ഇവിടം സന്ദർശിച്ചിരുന്നു. ഇതുകൊണ്ടായിരുന്നിരിക്കണം പിൽക്കാലത്ത് ഈ എയർപോർട്ടിന് പ്രിൻസസ് ജൂലിയാന എയർപോർട്ട് എന്ന പേര് നൽകാനുള്ള കാരണവും. SXM എന്നാണ് ഈ എയർപോർട്ടിന്റെ IATA കോഡ്.
1964 ൽ ഇവിടെ പുതിയ ടെർമിനൽ ബിൽഡിംഗ്, കൺട്രോൾ ടവർ തുടങ്ങിയവ നിർമ്മിക്കുകയും, അതോടൊപ്പം എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾക്കും മാറ്റങ്ങൾ വരുത്തി. ധാരാളം വിമാനങ്ങൾ ഇവിടെ നിന്നും സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തു. കാലക്രമേണ തിരക്കേറിയ ഒരു എയർപോർട്ടായി പ്രിൻസസ് ജൂലിയാന മാറി. 2001 ൽ എയർപോർട്ട് ഒന്നു കൂടി വിപുലീകരിക്കുകയുണ്ടായി. 13 ബോർഡിംഗ് ഗേറ്റുകളും, 46 ചെക്ക് ഇൻ കൗണ്ടറുകളും, 10 ട്രാൻസ്ഫർ ഡെസ്ക്കുകളും നവീകരിച്ച എയർപോർട്ട് ടെർമിനലിലുണ്ട്.
2300 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള സിംഗിൾ റൺവേയാണ് ഇവിടെയുള്ളത്. ബിച്ചിന് വളരെ അടുത്തായിട്ടാണ് റൺവെ എന്നതിനാൽ വളരെ താഴ്ന്നാണ് ഇവിടെ വിമാനങ്ങൾ പറക്കുക. ഇത് ഏവരേയും അമ്പരിപ്പിക്കുന്നൊരു കാഴ്ചയാണ്. ചാടിത്തൊടാൻ പാകത്തിലായിരിക്കും വിമാനങ്ങൾ ബീച്ച് വഴി കടന്നുപോവുക. അത്യപൂർവ്വമായ ഈ കാഴ്ച കാണുവാൻ മാത്രമായി ബീച്ചിൽ വരുന്നവർ ഏറെയാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ എയർപോർട്ട് കാരണം മാഹോ ബീച്ചിൻ്റെ ടൂറിസം സാദ്ധ്യതകൾ വളർന്നു.
വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് കൗതുകകരമായ കാഴ്ചയാണെങ്കിലും ഇത് വളരെ അപകടമേറിയതുതാണ്. വിമാനങ്ങൾ പറക്കുമ്പോൾ ജെറ്റ് ബ്ലാസ്റ്റ് എന്നൊരു പ്രതിഭാസമുണ്ടാകാറുണ്ട്. അതായത് എൻജിനിൽ നിന്നും വളരെ ശക്തമായി വായു പ്രവഹിക്കുന്ന അവസ്ഥ. ശക്തിയേറിയ ഈ വായു പ്രവാഹത്തിൽ ആളുകൾ ദൂരേക്ക് തെറിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. 2017 ൽ ഇതുമൂലം ന്യൂസിലാൻഡ്കാരിയായ ഒരു ടൂറിസ്റ്റ് വനിത മരണപ്പെട്ടിരുന്നു.
37 ചതുരശ്ര മൈലിൽ നീണ്ടുകിടക്കുന്ന സെന്റ് മാർട്ടിൻ ദ്വീപ് രണ്ടു രാജ്യങ്ങളുടെ കീഴിലാണ് എന്നുള്ളതാണ് കൗതുകകരമായ മറ്റൊരു പ്രത്യേകത. ദ്വീപിന്റെ വടക്കുഭാഗം ഫ്രാൻസും, തെക്കു ഭാഗം നെതര്ലാന്ഡിന്റെ കീഴിലുമാണ്. നെതർലാൻഡ് ഭാഗത്താണ് പ്രിൻസസ് ജൂലിയാന എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. സെന്റ് മാർട്ടിൻ ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻഎയർ എന്ന ഡച്ച് എയർലൈനിൻ്റെ പ്രധാന ഹബ്ബ് കൂടിയാണിവിടം.
2017 സെപ്റ്റംബറിൽ കരീബിയൻ ദ്വീപുകളിൽ ഭീകരതാണ്ഡവമാടിയ ഇർമ ചുഴലിക്കാറ്റ് പ്രിൻസസ് ജൂലിയാന എയർപോർട്ടിലും കനത്ത നാശനഷ്ടങ്ങൾ വരുത്തി. ടെർമിനലിന്റെ മേൽക്കൂര പറന്നുപോകുകയും, Jetway കൾ തകരുകയും, റൺവേയിൽ മണൽ വന്നു മൂടപ്പെടുകയുമൊക്കെയുണ്ടായി. പിന്നീട് ഒരു മാസത്തിനു ശേഷം എയർപോർട്ട് തുറക്കുകയും, നാശനഷ്ടങ്ങൾ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ ഡിസംബർ മാസത്തിൽ താൽക്കാലികമായി സജ്ജീകരണങ്ങളാൽ എയർപോർട്ട് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
ഇവിടേക്കുള്ള ലാൻഡിംഗ് പൈലറ്റുമാർക്ക് ചെറിയൊരു വെല്ലുവിളി തന്നെയാണ്. കാരണം അല്പ്പമൊന്നു പിഴച്ചാല് വിമാനം നേരം കടലിലാവും പതിക്കുക. ബോയിങ് 747 അടക്കമുള്ള വലിയ എയർക്രാഫ്റ്റുകൾ ഇവിടെ ലാൻഡ് ചെയ്യാറുണ്ട്. കൂടാതെ ശബ്ദത്തേക്കാൾ വേഗതയുള്ള കോൺകോർഡ് വിമാനങ്ങളും ഇവിടേക്ക് സർവ്വീസ് നടത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും അപകടകരമായ എയർപോർട്ടുകളുടെ പട്ടികയിൽപ്പെട്ടതാണെങ്കിലും പ്രിൻസസ് ജൂലിയാന എയർപോർട്ടിൽ ഒന്നോ രണ്ടോ അപകടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇനി അപകടങ്ങളൊന്നും സംഭവിക്കാതിരിക്കട്ടെ…