പോണ്ടിച്ചേരി അഥവാ പുതുച്ചേരി – ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്ന്. പണ്ട് സ്‌കൂളിലെ സാമൂഹ്യപാഠം ക്ലാസ്സിൽ നിന്നായിരിക്കും മിക്കവരും പോണ്ടിച്ചേരിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പോണ്ടിച്ചേരി. വടക്കൻ കേരളത്തിലെ മാഹി; തമിഴ്നാട്ടിലെ പോണ്ടിച്ചേരി, കാരയ്ക്കൽ എന്നിവ; ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് ഈ ഭാഗങ്ങൾ.
ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നർഥം വരുന്ന പുതുച്ചേരി എന്ന തമിഴ് പേരാണ് ഫ്രഞ്ച് അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്. 2006-ൽ പഴയ പേരിലേക്ക് മടങ്ങിപ്പോകാൻ ഇവിടത്തെ സർക്കാർ തീരുമാനിച്ചു. എങ്കിലും ഇന്നും പോണ്ടിച്ചേരി എന്ന പേരിൽത്തന്നെയാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
ഒരു കേന്ദ്രഭരണ പ്രദേശം എന്നതിലുപരി പോണ്ടിച്ചേരി ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. നിരവധിയാളുകളാണ് പോണ്ടിച്ചേരിയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്തുകൊണ്ട് വരുന്നത്. ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നുമൊക്കെ ധാരാളം ടെക്കികളും മറ്റുമൊക്കെ വീക്കെൻഡ് ട്രിപ്പ് പോകുന്നതിനും പോണ്ടിച്ചേരി തിരഞ്ഞെടുക്കാറുണ്ട്. പോണ്ടിച്ചേരിയിൽ വന്നാൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.
1 പാരഡൈസ് ബീച്ച് : പോണ്ടിച്ചേരി ബസ് സ്റ്റാൻഡിൽ നിന്നും 8 കി.മീ.അകലെ പുതുച്ചേരി – കടലൂർ റൂട്ടിൽ ചുണ്ണാമ്പാർ ബോട്ട് ഹൗസിൽ നിന്നും ബോട്ട് മാർഗ്ഗം മാത്രം ചെന്നെത്താവുന്ന ബീച്ചാണ് പാരഡൈസ് ബീച്ച്. പോണ്ടിച്ചേരിയിലെ ഏറ്റവും മനോഹരമായ ബീച്ചാണിത്. കടലിനു നടുവിൽ ഒരു ബീച്ച് അതാണ് പാരഡെസ് ബീച്ചിന്റെ പ്രത്യേകത. സൂര്യോദയം കാണുന്നതിന് ഇവിടെ ധാരാളമാളുകളാണ് എത്തിച്ചേരുന്നത്.
രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ബീച്ചിലേക്ക് ബോട്ട് സവാരിയുണ്ട്. ബീച്ചിൽ നിന്ന് തിരിച്ചുള്ള ബോട്ട് സവാരി വൈകുന്നേരം 6 മണിയോടെ അവസാനിക്കുന്നു. ചുണ്ണാമ്പാർ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്രയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
2. ഓറോവില്ല : പോണ്ടിച്ചേരിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ടൗൺഷിപ്പാണ് (ആശ്രമം എന്നു വേണമെങ്കിൽ പറയാം) ഓറോവില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണു നിറച്ച തറയിലാണ് ഇവിടത്തെ പ്രധാനപ്പെട്ട മാതൃമന്ദിര്‍ നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളുടെ മുപ്പതു വർഷക്കാലത്തെ അധ്വാനമാണ് ആയിരം ഇതളുകളുള്ള സുവർണ്ണഗ്ലോബ്. സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗോളത്തിന്റെ മധ്യത്തിലൊരു ക്രിസ്റ്റൽ ഗ്ലാസുണ്ട്. ഇന്ത്യൻ ആത്മീയതയെക്കുറിച്ച് കൂടുതലറിയുവാൻ ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരു സ്ഥലമാണിത്. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ച് മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരിടം. ശരിക്കും പറഞ്ഞാൽ അതാണ് ഓറോവില്ല.
3. പോണ്ടിച്ചേരി ബീച്ച് : പോണ്ടിച്ചേരിയിൽ എത്തുന്ന ടൂറിസ്റ്റുകളാരും പോണ്ടിച്ചേരി ബീച്ച് കാണാതെ പോകില്ല. ബീച്ചിനോട് ചേർന്ന് റിസോർട്ടുകളും കോട്ടേജുകളും ബഡ്‌ജറ്റ് റേറ്റിനു ലഭ്യമാണ്. ഇവിടെ ധാരാളം ബീച്ച് ആക്ടിവിറ്റികളും സ്പോർട്സ് ആക്ടിവിറ്റികളും നടക്കാറുണ്ട്. മറ്റു ബീച്ചുകളെപ്പോലെ അത്ര വികസിതമൊന്നുമല്ല പോണ്ടിച്ചേരി ബീച്ച്.
4. റോക്ക് ബീച്ച് : പാറക്കെട്ടുകളിലിരുന്നുകൊണ്ട് കടലിന്റെ സൗന്ദര്യം ആസ്വദിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് പോണ്ടിച്ചേരിയിലെ റോക്ക് ബീച്ചിലേക്ക് പോകാം. പോണ്ടിച്ചേരി ബസ് സ്റ്റാൻഡിൽ നിന്നും വെറും മൂന്നു കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ റോക്ക് ബീച്ചിലെത്താം. ബീച്ചിനു സമീപത്തുള്ള പഴയ ലൈറ്റ് ഹൗസ് അതി മനോഹരം തന്നെയാണ്. ഫോട്ടോഗ്രാഫി താല്പര്യമുള്ളവർക്ക് പറ്റിയ ഒരു ലൊക്കേഷൻ കൂടിയാണിത്.
ഈ പറഞ്ഞവ കൂടാതെ പോണ്ടിച്ചേരിയിലെ മറ്റ് ആകർഷണങ്ങൾ ഇവയാണ് – അരബിന്ദോ ആശ്രമം, ഫ്രഞ്ച് വാർ മെമ്മോറിയൽ, മഹാത്മാഗാന്ധി പ്രതിമ, പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡൻ, പോണ്ടിച്ചേരി മ്യൂസിയം, പ്രൊമനേഡ്, ഭാരതി ഗവണ്മെന്റ് പാർക്ക്, സേക്രട്ട് ഹാർട്ട് ജീസസ് ബസിലിക്ക, Eglise de Notre Dame des Anges, Immaculate Conception Cathedral, വരദരാജ പെരുമാൾ ക്ഷേത്രം, ശ്രീ കാരണേശ്വര നടരാജ ക്ഷേത്രം. ഇവ കൂടാതെ ഷോപ്പിംഗും സ്ട്രീറ്റ് ഫുഡുമൊക്കെ ആസ്വദിക്കുവാൻ പറ്റിയ ഒരിടം കൂടിയാണ് പോണ്ടിച്ചേരി.
ചുരുക്കിപ്പറഞ്ഞാൽ ഫാമിലിയായിട്ടും, ബാച്ചിലേഴ്‌സ് ആയിട്ടും സന്ദർശിച്ചു അടിച്ചു പൊളിക്കുവാൻ പറ്റിയ ഒരിടം തന്നെയാണ് പോണ്ടിച്ചേരി. നിങ്ങളുടെ അടുത്ത യാത്രാ പ്ലാനിങ്ങിൽ പോണ്ടിച്ചേരി കൂടി ഉൾപ്പെടുത്തി നോക്കൂ. നല്ല കിടിലൻ ടൂറുകൾ പോകുവാൻ ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.