ഗൾഫ് രാജ്യമായ ഒമാന്റെ നാഷണൽ കാരിയർ എയർലൈൻ ആണ് ഒമാൻ എയർ. ഒമാൻ എയറിന്റെ ചരിത്രം പരിശോധിക്കണമെങ്കിൽ 1970 ലേക്ക് ഒന്ന് സഞ്ചരിക്കേണ്ടി വരും. ഒമാൻ ഇന്റർനാഷണൽ സർവ്വീസസ് (OIS) എന്ന പേരിൽ സിവിലിയൻ എയർക്രാഫ്റ്റ് ഹാൻഡിൽ ചെയ്യുവാൻ കമ്പനി ആരംഭിച്ചു.
പിന്നീട് ഗൾഫ് എയറിന്റെ ലൈറ്റ് എയർക്രാഫ്റ്റ് ഡിവിഷൻ ഏറ്റെടുക്കുക വഴി ഒമാൻ ഇന്റർനാഷണൽ സർവ്വീസസ് എന്നത് ഒമാൻ ഏവിയേഷൻ സർവ്വീസസ് എന്ന പേരിലായി മാറി. 1982 ൽ ഗൾഫ് എയറുമായി സംയുക്ത സംരംഭം ആരംഭിച്ച ശേഷം ഒമാൻ ഏവിയേഷൻ സർവ്വീസസ് മസ്കറ്റ് – സലാല റൂട്ടിൽ റെഗുലർ സർവ്വീസുകൾ ആരംഭിച്ചു.
പിന്നീട് വർഷങ്ങൾക്ക് ശേഷം 1993 ലാണ് ഒമാൻ എയർ എന്ന പേരിൽ എയർലൈൻ കമ്പനി സ്ഥാപിക്കപ്പെട്ടത്. Ansett Worldwide Aviation Services ൽ നിന്നും പാട്ടത്തിനെടുത്ത ബോയിങ് 737-300 വിമാനവുമായാണ് ഒമാൻ എയർ പ്രവർത്തനമാരംഭിച്ചത്. ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ നിന്നും സലാലയിലേക്ക് ആയിരുന്നു ഒമാൻ എയറിന്റെ കന്നിയാത്ര.
1993 ജൂലൈ മാസത്തിൽ ഒമാൻ എയർ തങ്ങളുടെ ഇന്റർനാഷണൽ സർവ്വീസും ആരംഭിച്ചു. ദുബായിലേക്ക് ആയിരുന്നു ആദ്യത്തെ ഇന്റർനാഷണൽ സർവ്വീസ്. വൈകാതെ തന്നെ തിരുവനന്തപുരം, കുവൈറ്റ്, കറാച്ചി, കൊളംബോ എന്നിവിടങ്ങളിലേക്ക് കൂടി ഒമാൻ എയർ തങ്ങളുടെ സർവ്വീസ് വ്യാപിപ്പിച്ചു.
1995 ൽ രണ്ട് എയർബസ് A320 വിമാനങ്ങൾ പാട്ടത്തിനെടുക്കുകയും ബോയിങ് 737 എയർക്രാഫ്റ്റുകളുടെ സ്ഥാനത്ത് അവ കൊണ്ടുവരികയും ചെയ്തു. കൂടാതെ Airbus A310-300, Fokker F27-500, ATR 42-500 തുടങ്ങിയവ തങ്ങളുടെ ഫ്ലീറ്റിലേക്ക് കൊണ്ടുവരികയും ചെയ്തു.
95 മുതൽ 97 വരെയുള്ള കാലയളവിൽ മുംബൈ, ധാക്ക, അബുദാബി, ദോഹ, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടി ഒമാൻ എയർ സർവ്വീസ് ആരംഭിക്കുകയുണ്ടായി.
2007 ൽ ഒമാൻ സർക്കാർ ഒമാൻ എയറിലെ തങ്ങളുടെ മൂലധനം കുത്തനെ വർധിപ്പിക്കുകയുണ്ടായി. ഇതോടെ ഗൾഫ് എയറിലെ തങ്ങളുടെ ഷെയർ ഒമാൻ ഗവണ്മെന്റ് പിൻവലിക്കുകയും ഒമാൻ എയറിന്റെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുവാനും തുടങ്ങി.
2007 നവംബർ മാസത്തിൽ ബാങ്കോക്ക്, ലണ്ടൻ എന്നിവിടങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ചതു വഴി ഒമാൻ എയർ ദീർഘദൂര സർവീസുകൾക്ക് തുടക്കം കുറിച്ചു. ഇതിനിടയിൽ അഞ്ചോളം എയർബസ് A330 വിമാനങ്ങൾക്ക് ഒമാൻ എയർ ഓർഡർ നൽകുവാൻ തയ്യാറെടുക്കുകയെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതുപ്രകാരം 2009 ലെ ദുബായ് എയർഷോയ്ക്കിടെ ഈ ഓർഡറും, പിന്നെ അഞ്ച് എംബ്രയർ 175 നുള്ള ഓർഡറും ഒമാൻ എയർ കമ്പനികൾക്ക് നൽകുകയുണ്ടായി.ഇതിൽ എംബ്രയർ 175 വിമാനങ്ങൾ 2011 ലാണ് ഒമാൻ എയറിൽ എത്തിച്ചേർന്നത്. ഇതുകൂടാതെ ജെറ്റ് എയർവെയ്സിൽ നിന്നും രണ്ട് A330 വിമാനങ്ങൾ പാട്ടത്തിനടുക്കുവാനും ഒമാൻ തീരുമാനിച്ചു.
2010 ൽ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മൊബൈൽഫോൺ, വൈഫൈ തുടങ്ങിയ സേവനങ്ങൾ വിമാനത്തിനുള്ളിൽ അനുവദിച്ചു നൽകിക്കൊണ്ട് ഒമാൻ എയർ വാർത്തകളിൽ ഇടംനേടി. 2011 ൽ ‘എയർലൈൻ ഓഫ് ദി ഇയർ’ അവാർഡും ഒമാൻ എയർ കരസ്ഥമാക്കി.
2015 ൽ ATR 42 എയർക്രാഫ്റ്റുകൾ ഒമാൻ എയർ സർവീസുകളിൽ നിന്നും പിൻവലിച്ചു. 2017 ൽ സ്കൈട്രാക്സിൻ്റെ മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ സ്റ്റാഫ് അവാർഡ് ഒമാൻ എയറിനെ തേടിയെത്തി. ഇത്തരത്തിൽ ധാരാളം അവാർഡുകൾ ഒമാൻ എയർ കരസ്ഥമാക്കിയിട്ടുണ്ട്.
മികച്ച കസ്റ്റമർ സർവ്വീസ് ഒമാൻ എയറിന്റെ പ്ലസ് പോയിന്റുകളിൽ ഒന്നാണ്. സൗദി, ഇറാൻ ഒഴികെയുള്ള ഇന്റർനാഷണൽ സർവ്വീസുകളിലെ യാത്രക്കാർക്ക് ഒമാൻ എയർ മദ്യം ലഭ്യമാക്കാറുണ്ട്. ഇന്ന് ഒമാൻ എയറിന്റെ എയർബസ് A330, ബോയിങ് 787 വിമാനങ്ങളിൽ വൈഫൈ സംവിധാനവും ലഭ്യമാണ്.
ഇന്ന് 27 രാജ്യങ്ങളിലായി 50 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒമാൻ എയർ സർവ്വീസുകൾ നടത്തുന്നുണ്ട്. കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവും അടക്കം ഇന്ത്യയിലെ 11 എയർപോർട്ടുകളിലേക്ക് ഒമാൻ എയറിനു ഫ്ളൈറ്റ് സർവ്വീസുകളുണ്ട്. Airbus A330, Boeing 737, Boeing 787, Embraer 175 എന്നീ മോഡൽ എയർക്രാഫ്റ്റുകളാണ് ഇന്ന് ഒമാൻ എയർ ഫ്ലീറ്റിൽ ഉള്ളത്.
Arab Air Carriers Organization ലെ ഒരു മെമ്പർ കൂടിയായ ഒമാൻ എയറിന്റെ പ്രധാന ഹബ്ബ് മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടാണ്. പ്രവാസികളുടെ ഗൾഫ് സ്വപ്നങ്ങൾക്ക് പാലമിട്ടുകൊണ്ട് ഒമാൻ എയർ തൻ്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു.