പ്രകൃതി സൗന്ദര്യത്താല്‍ സമൃദ്ധമായ നേപ്പാള്‍ ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്. ഇന്ത്യക്കും ചൈനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ അതിമനോഹര രാജ്യം പ്രകൃതി സ്നേഹികളുടെ പറുദീസ മാത്രമല്ല സാഹസികരുടെലോകം കൂടിയാണ്.
നേപ്പാള്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പൊള്‍ ഒന്നാമതാണ്. നേപ്പാള്‍ ടൂറിസം ബോര്‍ഡ് പുറത്തുവിട്ട കണക്കു പ്രകാരം ഫെബ്രുവരി മാസത്തില്‍ 25578 വിനോദസഞ്ചാരികളാണ് ഇന്ത്യയില്‍ നിന്നും നേപ്പാള്‍ സന്ദര്‍ശിച്ചത്. 97426 ആകെ സഞ്ചാരികളില്‍ രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് അമേരിക്കയുമാണ്.
എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണം നേപ്പാളിലാണ്. പൊഖാറ അന്നപൂര്‍ണ ട്രെക്കിങ് സര്‍ക്യൂട്ട്, ബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗര്‍മാതാ നാഷണല്‍ പാര്‍ക്ക്, കാഠ്മണ്ഡു താഴ്‌വര, ചിത്വാന്‍ ദേശീയ ഉദ്യാനം തുടങ്ങി നിരവധി കാഴ്ചകളാണ് നേപ്പാളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പോക്കറ്റ് ചോരാതെ എളുപ്പത്തില്‍ നേപ്പാളില്‍ പോയി വരാം. ഇന്ത്യയുമായി തുറന്ന അതിര്‍ത്തി പങ്കിടുന്ന രാജ്യത്ത് ആവേശകരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
പൊഖാറ താഴ്‌വര
അന്നപൂര്‍ണ ഹിമാലയന്‍ പര്‍വതനിരകള്‍ക്ക് നടുവില്‍ സ്ഥിതിചെയ്യുന്ന നേപ്പാളിലെ രണ്ടാമത്തെ വലിയ താഴ്‌വര. നേപ്പാളിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന്.
സ്വയംഭൂ മന്ദിരം
മങ്കി ടെമ്പിള്‍ എന്നും അറിയപ്പെടുന്ന സ്വയംഭൂമന്ദിര്‍ നേപ്പാളിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ബുദ്ധമത തീര്‍ഥാടകരും സഞ്ചാരികളുമാണ് ആരാധനയ്ക്കായി ഇവിടേക്കെത്തുന്നത്.
ലുംബിനി
ബുദ്ധന്റെ ജന്മസ്ഥലം എന്നതിലുപരി യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലവുമാണ് ലുംബിനി. 2000 വര്‍ഷം പഴക്കമുള്ള നിരവധി സ്തൂപങ്ങള്‍ ഇവിടെയുണ്ട്.
നാഗര്‍കോട്ട്
കാഠ്മണ്ഡു താഴ്‌വരയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് നാഗര്‍കോട്ട്. ഇവിടെ നിന്നാല്‍ എവറസ്റ്റ്, ഹിമാലയന്‍ കാഴ്ചകള്‍ ആസ്വദിക്കാം.
ഭക്തപൂര്‍
ടെറക്കോട്ടയ്ക്കും കരകൗശല ഉത്പന്നങ്ങള്‍ക്കും പേരുകേട്ട ഇവിടം ഷോപ്പ് ഹോളിക്കുകളുടെ പറുദീസ. മുമ്പ് നേപ്പാളിന്റെ തലസ്ഥാനമായിരുന്നു.
മഹേന്ദ്ര ഗുഫ
പൊഖാറയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മഹേന്ദ്ര ഗുഫ. സ്റ്റാലാക്‌റ്റൈറ്റുകള്‍ക്കും സ്റ്റാലാഗ്മിറ്റുകള്‍ക്കും പ്രശസ്തമാണ് ഈ ഇരുണ്ട ഗുഹ. ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന ഗുഹയില്‍ ശിവന്റെ പ്രതിമയുണ്ട്.
ഫേവ തടാകം
നേപ്പാളിലെ ഒരു പ്രധാന ശുദ്ധജല തടാകമാണ് ഫേവ തടാകം. ഹിമാലയന്‍ സൂര്യോദയങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയ മികച്ച ഇടം. ബോട്ട് സവാരിക്കും അവസരമുണ്ട്.