തായ്ലൻഡിൽ ബാങ്കോക്ക് ആയാലും പട്ടായ ആയാലും നമ്മുടെ ഓട്ടോറിക്ഷ പോലുള്ള ടുക്-ടുക് എന്ന ടാക്സി വാഹനങ്ങൾ ധാരാളമായുണ്ട്. നിങ്ങളിൽ ചിലരെങ്കിലും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിനു പുറമെ മറ്റൊരു വിഭാഗം ടാക്സിക്കാർ കൂടി അവിടെയുണ്ട് – ബൈക്ക് ടാക്സികൾ.
നമ്മുടെ നാട്ടിൽ ഓട്ടോ വിളിച്ചു പോകുന്നതു പോലെ, തായ്ലൻഡിൽ ഒരാൾ മാത്രമാണുള്ളതെങ്കിൽ ബൈക്ക് ടാക്സികളെ ആശ്രയിക്കാവുന്നതാണ്. അതിപ്പോൾ യാത്രക്കാരൻ ആണായാലും പെണ്ണായാലും, രാത്രി വളരെ വൈകിയാണെങ്കിൽ പോലും സുരക്ഷിതമായി പോകേണ്ട സ്ഥലത്ത് എത്തിച്ചു തരും ഈ ബൈക്ക് ടാക്സിക്കാർ.
ട്രാഫിക് ബ്ലോക്കുകൾക്ക് പേരുകേട്ട ഒരു നഗരമാണ് തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്ക്. ഈ തിരക്കിനിടയിലൂടെ എളുപ്പം സ്ഥലത്തെത്തണമെങ്കിൽ ബൈക്ക് ടാക്സികളെ ആശ്രയിക്കുന്നതാണ് ഉത്തമം. നമ്മുടെ നാട്ടിൽ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ കാണുന്നതു പോലെ അവിടെ ബൈക്ക് ടാക്സികളുടെ സ്റ്റാൻഡുകൾ ധാരാളം കാണാവുന്നതാണ്.
പരിചയമില്ലാതെ എങ്ങനെയാണ് ബൈക്ക് ടാക്സികളിൽ യാത്ര ചെയ്യുന്നത്? ടാക്സിക്കാരെ എങ്ങനെ വിശ്വസിക്കും? തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോൾ മനസ്സിൽ വരുന്നുണ്ടാകും. അംഗീകൃത ബൈക്ക് ടാക്സിക്കാർക്ക് യൂണിഫോമും, ജാക്കറ്റും, അതിൽ അവരുടെ നമ്പറും, ഫോട്ടോ പതിച്ച ബാഡ്ജും ഒക്കെ ഉണ്ടാകും. ഇതുനോക്കി യാത്രക്കാർക്ക് ബൈക്ക് ടാക്സിക്കാരൻ ഒറിജിനൽ ആണോയെന്നു മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്യും.
പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ബൈക്ക് ടാക്സി ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലുള്ള സ്ത്രീ-പുരുഷ വേര്തിരിവുകളൊന്നും തന്നെ തായ്ലൻഡിൽ ഇല്ലാത്തതിനാൽ യാത്രക്കാർ ആണോ പെണ്ണോ എന്നൊന്നും നോക്കാതെ ടാക്സികൾ വിളിക്കും. എത്ര ബ്ലോക്കുകൾ ഉണ്ടായാലും ഇടയിലൂടെ തിരുകിക്കയറ്റി കൃത്യസമയത്ത് സ്ഥലത്തെത്തിക്കും എന്നതാണ് ഇത്തരം ബൈക്ക് ടാക്സികൾ കൊണ്ടുള്ള ഗുണം.
പേര് ബൈക്ക് ടാക്സി എന്നാണെങ്കിലും ടാക്സിയായി ഉപയോഗിക്കുന്ന വാഹനങ്ങൾ നമ്മുടെ നാട്ടിലെ സ്കൂട്ടി പോലുള്ള സ്കൂട്ടറുകളാണ്. പക്ഷെ ഈ സ്കൂട്ടറുകൾക്ക് നല്ല പവ്വർ ഉണ്ടായിരിക്കും എന്നുമാത്രം. എല്ലാ ബൈക്ക് ടാക്സികളിലും രണ്ട് ഹെൽമെറ്റുകൾ ഉണ്ടായിരിക്കും. ഒരെണ്ണം ഡ്രൈവർക്കും മറ്റൊന്ന് യാത്രക്കാരനും ധരിക്കുവാനുള്ളതാണ്.
അപ്പോൾ പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, എന്തുകൊണ്ട് നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള ബൈക്ക് ടാക്സികൾ നിലവിൽ കൊണ്ടുവരുന്നില്ല? ദിനംപ്രതി വർധിച്ചു വരുന്ന ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കുവാൻ ബൈക്ക് ടാക്സികളുടെ ഉപയോഗം മൂലം സാധിക്കും. ഒരിക്കലും ഓട്ടോറിക്ഷ, കാർ ടാക്സികൾ തുടങ്ങിയവയെ തരംതാഴ്ത്തി പറയുന്നതല്ല. ഒരാൾ മാത്രമാണ് യാത്രക്കാരായി ഉള്ളതെങ്കിൽ തായ്ലൻഡുകാരെപ്പോലെ ബൈക്ക് ടാക്സികളാണ് നമ്മുടെ നാട്ടിൽ ഫലപ്രദം.
ഇനി എന്നെങ്കിലും തായ്ലൻഡിൽ പോകുമ്പോൾ ബൈക്ക് ടാക്സികളിൽ ഒരു സവാരി നടത്തി നോക്കൂ. ഞാൻ പറഞ്ഞത് ശരിയാണെന്നു നിങ്ങൾക്ക് അപ്പോൾ ബോധ്യം വരും. തായ്ലൻഡിലേക്ക് ഒരു ട്രിപ്പ് പോകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ മികച്ച യാത്രാപാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.