
മാലിദ്വീപ് എയർപോർട്ടിൽ നിന്നും ബോട്ടിൽ യാത്ര ചെയ്തു മാലി സിറ്റിയിൽ എത്തിയശേഷം അവിടത്തെ ഫിഷ് മാർക്കറ്റിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്. മാലിയിലെ വളരെ തിരക്കേറിയ സ്ഥലത്തായിരുന്നു മീൻമാർക്കറ്റ് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ ഞങ്ങൾ പോയ സമയത്ത് തിരക്ക് കുറവായിരുന്നു. വലിയ മീനുകൾ ഒരാൾ ഒറ്റയ്ക്ക് നിന്നുകൊണ്ട് ക്ളീൻ ചെയ്തു മുറിച്ചു കൊടുക്കുന്ന കൗതുകകരമായ കാഴ്ചകളൊക്കെ എനിക്ക് അവിടെ കാണുവാൻ സാധിച്ചു. വലിയ മീനുകൾ കൂടാതെ ഇടത്തരം മീനുകളും അവിടെ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ ചെമ്മീൻ, ഞണ്ട്, കക്ക പോലുള്ളവയൊന്നും അവിടെയുണ്ടായിരുന്നില്ല. മൊത്തത്തിൽ കടൽമീനുകളുടെ ഒരു കൂട്ടം.
നമ്മുടെ നാട്ടിലെപ്പോലെ അവിടത്തെ മാർക്കറ്റ് വൃത്തിഹീനമൊന്നും ആയിരുന്നില്ല. എല്ലായിടവും നല്ല വൃത്തിയുണ്ടായിരുന്നു. വിലപറഞ്ഞു മീൻ വാങ്ങുന്നവർക്ക് കച്ചവടക്കാർ മീൻ വൃത്തിയാക്കി കഴുകി, മുറിച്ചു കൊടുക്കുന്ന കാഴ്ചകളാണ് അവിടെ. മീൻ മാർക്കറ്റിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ കുറച്ചകൂടി കറങ്ങിയിട്ട് തിരികെ എയർപോർട്ടിലേക്ക് പോയി.
മാലിദ്വീപിലെ ആഭ്യന്തര ടെർമിനലിൽ നിന്നും Kadhdhoo Island എന്ന സ്ഥലത്തേക്ക് ആയിരുന്നു എനിക്ക് പോകേണ്ടിയിരുന്നത്. എയർപോർട്ട് ചെറുതായിരുന്നുവെങ്കിലും എല്ലാ സ്ഥലത്തേക്കും വിമാന സർവീസുകൾ അവിടെ നിന്നും ലഭ്യമായിരുന്നു. ചെക്ക് ഇൻ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കി ബോർഡിംഗ് പാസ്സും വാങ്ങി ഞാൻ ഗേറ്റിനരികിലേക്ക് നീങ്ങി. ആഭ്യന്തര വിമാനങ്ങളെല്ലാം തന്നെ ചെറിയ വിമാനങ്ങൾ ആയിരുന്നു.
Maldivian Airlines ൽ ആയിരുന്നു എൻ്റെ യാത്ര. പതിവിലും ഒരു മണിക്കൂറോളം വൈകിയായിരുന്നു ഞങ്ങളുടെ വിമാനം പോകുവാൻ തയ്യാറായത്. അപ്പോൾ ഗേറ്റ് തുറക്കുകയും വിമാനത്തിലേക്കുള്ള ബോർഡിംഗ് ആരംഭിക്കുകയും ചെയ്തു. ചെറിയ എയർപോർട്ട് ആയിരുന്നെങ്കിലും യാത്രക്കാരെയെല്ലാം ബസ്സിൽ കയറ്റിയായിരുന്നു വിമാനത്തിനരികിലേക്ക് കൊണ്ടുപോയിരുന്നത്. അങ്ങനെ ഒടുവിലായി ഞാനും വിമാനത്തിലേക്ക് കയറി. ചെറിയ വിമാനം ആയിരുന്നതിനാൽ ഒരു വോൾവോ, സ്‌കാനിയ ബസ്സിനകത്ത് ഇരിക്കുന്ന ഫീൽ ആയിരുന്നു.
അങ്ങനെ വിമാനം ഞങ്ങളെയും കൊണ്ട് പറന്നുയർന്നു. ജീവിതത്തിൽ ഇതുവരെ നടത്തിയ വിമാനയാത്രകളിൽ ഞാൻ ഏറ്റവുമധികം കാഴ്ചകൾ ആസ്വദിച്ചത് ഈ യാത്രയിൽ ആയിരുന്നു എന്നു വേണമെങ്കിൽ പറയാം. യാത്ര പകൽ സമയമായതിനാലും, നല്ല തെളിഞ്ഞ അന്തരീക്ഷമായതിനാലും മനോഹരമായ ദൃശ്യങ്ങളായിരുന്നു വിമാനത്തിൽ നിന്നും ലഭിച്ചിരുന്നത്. താഴെ നീല നിറത്തിൽ പരന്നു കിടക്കുന്ന കടൽ, ഇടയ്ക്കിടയ്ക്ക് ചെറിയ പച്ചത്തുരുത്തുകൾ… ആഹാ മനോഹരം തന്നെ…
ഏകദേശം 55 മിനിറ്റ് നേരത്തെ പറക്കലിനു ശേഷം ഞങ്ങൾ Kadhdhoo Island ലെ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ലാൻഡിംഗ് ഒക്കെ അത്യാവശ്യം നല്ല സ്മൂത്ത് തന്നെയായിരുന്നു. ലാൻഡ് ചെയ്തതിനു ശേഷം ഞങ്ങൾ വിമാനത്തിൽ നിന്നും എയർപോർട്ട് ടെർമിനലിലേക്ക് നടന്നു. അവിടത്തെ എയർപോർട്ട് കണ്ടപ്പോൾ ആയിരുന്നു ശരിക്കും ഞാൻ ഞെട്ടിപ്പോയത്. നമ്മുടെ നാട്ടിലെ റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങളേക്കാൾ ചെറിയ ഒരു എയർപോർട്ട് ആയിരുന്നു Kadhdhoo Airport.
ലഗേജുകൾ എത്തിയപ്പോൾ അവയും എടുത്തുകൊണ്ട് ഞാൻ എയർപോർട്ട് കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവിടെ നമ്മുടെ സുഹൃത്തായ സിജോ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എല്ലാ സ്ഥലങ്ങളിൽ പോകുമ്പോഴും നമുക്ക് മലയാളി സപ്പോർട്ട് ലഭിക്കാറുണ്ട്. മാലിദ്വീപിലും നമുക്ക് ഇത്തരത്തിലുള്ള സുഹൃത്ബന്ധങ്ങൾ ഉണ്ടെന്നുള്ളത് സന്തോഷം പകരുന്ന കാര്യം തന്നെയാണ്. സിജോ എന്നെ പിക് ചെയ്യുവാനായി എത്തിയത് നല്ലൊരു ലക്ഷ്വറി കാറിലായിരുന്നു. ഇത്തരം കാറുകൾ ഓടിക്കുവാനുള്ള, അധിക ദൂരത്തിലുള്ള റോഡുകളൊന്നും അവിടെയുണ്ടാകുമോ എന്ന് ഞാൻ സംശയിച്ചു.
Kadhdhoo Island എന്ന മാലിദ്വീപിലെ ഏറ്റവും വലിയ ദ്വീപിലായിരുന്നു ഞാൻ എത്തിച്ചേർന്നിരുന്നത്. എയർപോർട്ടിൽ നിന്നും സിജോ എന്നെ, താമസിക്കുവാനായി ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ഡ്രോപ്പ് ചെയ്യുകയുണ്ടായി. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ എന്നെ വിശ്രമിക്കുവാൻ വിട്ടുകൊണ്ട് സിജോ പിന്നീട് വരാമെന്നു പറഞ്ഞുകൊണ്ട് പോയി. സമയം വൈകീട്ട് 4.15 ആയിരുന്നു അപ്പോൾ. മാലിയിൽ 4.15 ആണെങ്കിൽ നമ്മുടെ നാട്ടിൽ 4.45 ആയിരിക്കും സമയം. അരമണിക്കൂർ പിന്നിലാണ് നമ്മുടെ നാട്ടിലെ സമയം. അങ്ങനെ ഞാൻ ഒന്ന് ഫ്രഷാകാനായി പോയി. ബാക്കി മാലിദ്വീപ് വിശേഷങ്ങൾ അടുത്ത എപ്പിസോഡുകളിൽ വായിക്കാം.
മാലിദ്വീപ് ഒരു ബഡ്‌ജറ്റ് ടൂറിസ്റ്റ് കേന്ദ്രം അല്ലെങ്കിലും ഹണിമൂൺ ആഘോഷിക്കുവാൻ ഇതിലും നല്ലൊരു സ്ഥലം നമ്മുടെ തൊട്ടടുത്തയായി വേറെയുണ്ടാകില്ല ചിലപ്പോൾ. മാലിദ്വീപിലേക്ക് നിങ്ങൾക്കും യാത്ര വരണമെന്നുണ്ടോ? എങ്കിൽ ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.