മാലിദ്വീപിലെ എയർപോർട്ടിൽ നിന്നിറങ്ങി അടുത്തുള്ള KFC യിൽ കയറി ബ്രേക്ക്ഫാസ്റ്റും കഴിച്ചു മാലി സിറ്റിയിലേക്ക് പോകുവാനായി ഞാൻ തയ്യാറായി. എയർപോർട്ടിൽ നിന്നും മാലി സിറ്റിയിലേക്ക് ബോട്ട് മാർഗ്ഗവും റോഡ് മാർഗ്ഗവും (പാലത്തിലൂടെ) പോകാവുന്നതാണ്. മനോഹരമായ കാഴ്ചകൾ കാണുവാൻ ഏറ്റവും നല്ലത് ബോട്ട് യാത്ര തന്നെയാണ്. 20 റുഫിയ (രണ്ടുപേർക്ക്) കൊടുത്ത് ടിക്കറ്റുകൾ എടുത്തുകൊണ്ട് ബോട്ടിൽക്കയറി ഞങ്ങൾ യാത്രയാരംഭിച്ചു.
നല്ല തെളിഞ്ഞ, ഇളം നീലനിറത്തിലുള്ള വെള്ളമായിരുന്നു അവിടത്തേത്. യാതൊരുവിധ മാലിന്യങ്ങളോ ഒന്നും വെള്ളത്തിൽ കാണുവാൻ സാധിച്ചില്ല. ആ വെള്ളം അങ്ങനെ പരന്നു കിടക്കുന്നതു കണ്ടാൽത്തന്നെ കൊതിയാകും. വ്യത്യസ്തമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് 15 മിനിട്ടോളമുള്ള ബോട്ട് യാത്രയ്ക്ക് വിരാമമായി. ഞങ്ങൾ മാലി സിറ്റിയിലെ ബോട്ട് ജെട്ടിയിൽ ഇറങ്ങി ഞങ്ങൾ നടന്നു. ശരിക്കും ഇന്നത്തെ ദിവസം മാലി സിറ്റി കാണുക എന്നതായിരുന്നില്ല എൻ്റെ പ്ലാൻ. മാലിദ്വീപിലെ ഏറ്റവും വലിയ ഐലൻഡിലേക്ക് ആയിരുന്നു എനിക്ക് അന്ന് പോകേണ്ടിയിരുന്നത്. അവിടേക്ക് എയർപോർട്ടിൽ നിന്നും ചെറിയ വിമാനത്തിൽ തന്നെ പോകണം. വിമാനത്തിനു 4 മണിക്കൂറോളം സമയമുള്ളതിനാലായിരുന്നു മാലി സിറ്റിയിലേക്ക് ഞങ്ങൾ പോയത്.
എന്നെ ബോട്ട് ജെട്ടിയിൽ നിർത്തിയശേഷം കൂടെയുണ്ടായിരുന്ന ടൂർ ഗൈഡ് ഷാഹിം അദ്ദേഹത്തിന്റെ സ്‌കൂട്ടറുമായി വേഗം എത്തിച്ചേർന്നു. വീഡിയോ പകർത്തുന്നതിനുള്ള എളുപ്പത്തിനും, യാത്ര സുഗമമാക്കുവാനും വേണ്ടിയാണ് ഞങ്ങൾ യാത്രയ്ക്കായി സ്‌കൂട്ടർ തിരഞ്ഞെടുത്തത്. എന്നാൽ ശ്രീലങ്കയിൽ നിന്നുള്ള രാഷ്ട്ര പ്രതിനിധികളാരോ അവിടം സന്ദർശിക്കുന്നതിനാൽ സിറ്റിയിൽ മുഴുവനും കർശനമായ ഗതാഗത നിയന്ത്രണവും പരിശോധനകളും ഒക്കെയായിരുന്നു. അങ്ങനെ ആ ദിവസം കൂടുതൽ കാഴ്ചകൾ കാണുവാൻ സാധിക്കില്ലെന്നു മനസ്സിലായി. അവസാനം അവിടത്തെ പ്രശസ്തമായ മീൻ മാർക്കറ്റിലേക്ക് പോകുവാൻ ഞങ്ങൾ തീരുമാനിച്ചു.
ചെറിയ ഇടവഴികളിലൂടെ ഷാഹിം സ്‌കൂട്ടർ ഓടിച്ചുകൊണ്ട് നീങ്ങി. ഒരുപാട് കെട്ടിടങ്ങളുടെ പണികൾ അവിടെ നടക്കുന്നുണ്ടായിരുന്നു. ചൈനക്കാർ തങ്ങളുടെ ആധിപത്യം മാലിദ്വീപിൽ സ്ഥാപിക്കുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഫലമായിരുന്നു ഈ നിർമ്മിതികളൊക്കെ. എന്നാൽ നമ്മുടെ ഇന്ത്യൻ ഗവണ്മെന്റും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല. പോകുന്ന വഴിയിൽ മറ്റു ദ്വീപുകളിലേക്ക് വേണ്ട സാധനങ്ങൾ കൊണ്ടുപോകുന്ന വലിയ ബോട്ടുകൾ അടുപ്പിച്ചിട്ടിരിക്കുന്ന കാഴ്ചകൾ കാണുവാൻ സാധിച്ചു. എല്ലാവിധ സൗകര്യങ്ങളുമുള്ള ദ്വീപാണ് മാലി എന്നതിനാൽ ഭക്ഷണ സാധനങ്ങൾ അടക്കമുള്ളവ ഇവിടെ നിന്നുമാണ് മറ്റു ദ്വീപുകളിലേക്ക് കൊണ്ടുപോകുന്നത്.
സ്‌കൂട്ടർ ഒരിടത്ത് പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ മീൻ മാർക്കറ്റിലേക്ക് നടന്നു. നമ്മുടെ നാട്ടിലെ മാർക്കറ്റുകളിൽ നിന്നും വ്യത്യസ്തമായിരുന്നു മാലിയിലെ മീൻ മാർക്കറ്റ്. ആ വിശേഷങ്ങളെല്ലാം ഇനി അടുത്ത എപ്പിസോഡിൽ വിവരിക്കാം. മാലിദ്വീപിലേക്കുള്ള മികച്ച യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.